ADVERTISEMENT

തിരുവനന്തപുരം∙ പൊലീസും കെൽട്രോണും സ്വകാര്യ കമ്പനികളുമായുള്ള അവിശുദ്ധ ബന്ധത്തിൽ സർക്കാരിനു നഷ്ടം സംഭവിച്ചതായി സിഎജി. പൊലീസും കെൽട്രോണും തമ്മിലുള്ള സംശയകരമായ ഇടപാടുകളെ സിഎജി തുറന്നു കാട്ടുന്നത് നാല് സംഭവങ്ങളിലൂടെയാണ്. പൊലീസ് വാഹനങ്ങളിൽ സ്ഥാപിക്കാനുള്ള ജിപിഎസ് അധിഷ്ഠിത സംപ്രേഷണ സംവിധാനത്തെക്കുറിച്ചാണ് ഏറ്റവും ഗുരുതരമായ പരാമർശങ്ങളുള്ളത്. ഒരു സ്വകാര്യ കമ്പനിക്കുവേണ്ടി പൊലീസ് ഉദ്യോഗസ്ഥരും കെൽട്രോണും പ്രവർത്തിച്ചതിനാൽ മറ്റു കമ്പനികൾക്കൊന്നും ടെൻഡറിൽ പങ്കെടുക്കാനായില്ലെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു. സംഭവം നടക്കുമ്പോൾ നവീകരണ വിഭാഗം എഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ പേരെടുത്ത് പറഞ്ഞ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

നാല് സംഭവങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരും വിൽപ്പനക്കാരും കെൽട്രോണും തമ്മിൽ വില നിശ്ചയിക്കുന്നതിൽ സന്ധി ഉണ്ടായിരുന്നു എന്നാണ് സിഎജി കണ്ടെത്തിയത്. ‌ഒരു സ്വകാര്യ കമ്പനിയുടെ ടാബ്ലറ്റ് വിത്ത് വൈഫൈ ആൻഡ് 3ജി സ്ലിം സ്ലോട്ട് – എഫ്സെഡ് ബി 2 ഉപകരണം 53 എണ്ണം വാങ്ങുന്നതിനുള്ള ഉത്തരവ് ‌ഡിജിപി കെൽട്രോണിനു നൽകിയത് 2015 മാർച്ചിൽ. അതിനോടൊപ്പം ഡോക്കിങ് സ്റ്റേഷൻ, ചാർജർ എന്നിവയും ചേർത്ത് 55.66 ലക്ഷത്തിന് വാങ്ങാനായിരുന്നു ഉത്തരവ്.

കെ.എസ്. ബാലസുബ്രഹ്മണ്യമായിരുന്നു അന്ന് ഡിജിപി. എന്നാൽ വർക്ക് ഓർഡർ നൽകുന്നതിനു മുൻപ് തന്നെ കെൽട്രോൺ ഫെബ്രുവരി 28ന് ഉപകരണം നൽകാനും സജ്ജീകരിക്കാനുമുള്ള ഇ ടെൻ‍ഡർ നൽകി. സ്വകാര്യ കമ്പനിയുടെ പേരുള്‍പ്പെടെയാണ് ഉപകരണത്തിന്റെ വിവരങ്ങള്‍ ടെന്‍ഡറില്‍ കെൽട്രോൺ പറഞ്ഞിരുന്നത്. അതിനാൽ മറ്റു കമ്പനികൾക്ക് അവസരം നഷ്ടമായി. ടെൻഡറിൽ പ്രത്യേക കമ്പനിയുടെ പേരു പറഞ്ഞതിനാൽ മറ്റു വിതരണക്കാരെ ഫലത്തിൽ കെൽട്രോൺ ഒഴിവാക്കുകയായിരുന്നു. ടെൻഡറിൽ പങ്കെടുക്കാനെത്തിയ ഒരു കമ്പനി ഇതു ചൂണ്ടിക്കാണിച്ചെങ്കിലും തിരുത്താൻ കെൽട്രോൺ തയാറായില്ല. പ്രത്യേക കമ്പനിക്കു മാത്രം ടെൻഡർ വിളിക്കാൻ കരാറിനെ രൂപപ്പെടുത്തി. കരാർ അതേ കമ്പനിക്കു കിട്ടുമെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ ടെൻഡറിനു മുൻപ് അയച്ച കത്തുകളിൽ വ്യക്തമാണ്. സ്വകാര്യ കമ്പനി ക്വോട്ട് ചെയ്യേണ്ട തുകപോലും കെൽട്രോൺ നിശ്ചയിച്ചിരുന്നതായി സിഎജി റിപ്പോർട്ടിൽ പറയുന്നു.

‘പുതിയ ടാബ്ലറ്റിന്റെ പരിശോധന പുരോഗമിക്കുന്നു. ഇപ്പോൾ അത് ഡോക്കിങ് സ്റ്റേഷനോട് കൂടി ലോക്നാഥ് ബെഹ്റ ഐപിഎസിന്റെ അടുത്തേക്ക് കൊണ്ടുപോകുകയാണ്. വില ഒരു ലക്ഷത്തിൽ താഴെയാകണമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ അതു വാങ്ങില്ല’– ഇതു കാണിക്കുന്നത് കെൽട്രോൺ – സ്വകാര്യ കമ്പനി – പൊലീസ് വകുപ്പുകളുടെ അവിശുദ്ധ ബന്ധത്തെയാണെന്നു സിഎജി ചൂണ്ടിക്കാട്ടുന്നു.

ലോകോത്തര ഉൽപ്പന്നം ആണ് വാങ്ങിയതെന്ന പൊലീസിന്റെ മറുപടി നിലനിൽക്കില്ല. സ്റ്റോർ പർച്ചേസ് മാന്വലും കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശങ്ങളും ലംഘിക്കപ്പെട്ടു. ഇ ടെൻഡറിനു മുൻപു തന്നെ കെൽട്രോൺ സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു. ഇതു കാണിക്കുന്നത് ഇ ടെൻഡർ പരസ്യംപോലും ഒരു തന്ത്രമായിരുന്നു എന്നാണെന്ന് സിഎജി പറയുന്നു.

കേരള സർക്കാർ കെൽട്രോൺ ഉൾപ്പെടെ 7 പൊതുമേഖല സ്ഥാപനങ്ങളെ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡേഴ്സ് (ടിഎസ്പി) എന്ന സ്ഥാനം നൽകി ഉത്തരവിറക്കുന്നത് 2000 ജൂലൈയിലാണ്. ഐടി പ്ലാൻ തയാറാക്കാൻ സ്ഥാപനങ്ങളെ സഹായിക്കുക, സോഫ്റ്റ്‌വെയറും ഹാർഡ് വെയറും സംഭരിക്കാൻ വകുപ്പുകൾക്ക് സാങ്കേതിക സഹായം നൽകുക തുടങ്ങിയവയായിരുന്നു ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡേഴ്സിന്റെ ചുമതല.

ടിഎസ്പികൾക്കുള്ള നിരക്കുകൾ 2000 ഫെബ്രുവരിയിൽ നിശ്ചയിച്ചു. ടെൻഡർ പ്രസിദ്ധീകരിക്കുക, ടെൻഡർ വിശകലനം ചെയ്യുക, വിതരണക്കാരനെ തിരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങൾ അതത് വകുപ്പുകൾ ചെയ്യണം. ഈ നിർദേശങ്ങളും കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശങ്ങളും ലംഘിച്ച് വിവിധ ഉപകരണങ്ങളുടെ സംഭരണം പൊലീസ് കെൽട്രോണിനെ ഏൽപ്പിച്ചതായും അങ്ങനെ ചെയ്തതിനു ഡിജിപി നൽകിയ വിശദീകരണങ്ങളിൽ കഴമ്പില്ലെന്നും സിഎജി കണ്ടെത്തി.

Content Highlights: CAG Report, Kerala Police Audit, Loknath Behra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com