ഫാ. സേവ്യർ തേലക്കാട്ട് വധം: സാക്ഷി വിസ്താരത്തിനിടെ വൈകാരിക രംഗങ്ങൾ

Fr.-Xavier-Thelakkattu
ഫാ. സേവ്യർ തേലക്കാട്ട്
SHARE

കൊച്ചി ∙ മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം അന്തിമഘട്ടത്തിൽ. ഏറ്റവും പ്രധാനപ്പെട്ട 22 സാക്ഷികളെയാണു വിസ്തരിച്ചത്. പ്രതി മുൻ കപ്യാർ മലയാറ്റൂർ വട്ടപ്പറമ്പൻ ജോണിയുടെ (62) ഭാര്യ മാത്രമാണു കൂറുമാറിയ ഏക സാക്ഷി. കാലടി ഇൻസ്പെക്ടർ സജി മാർട്ടിൻ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം 51 സാക്ഷികളുടെ പട്ടികയാണു കോടതിയിൽ സമർപ്പിച്ചത്. മുഴുവൻ സാക്ഷികളെയും പ്രോസിക്യൂഷൻ വിസ്തരിക്കുന്നില്ല.‌

കൊലപാതകത്തിന്റെ ദൃക്സാക്ഷികൾ 2 പേരും സംഭവം കോടതിയിൽ വിവരിച്ചതു വൈകാരിക രംഗങ്ങൾക്കു വഴിയൊരുക്കി. കുത്തേറ്റു വീണ ഫാ.സേവ്യറിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച ദൃക്സാക്ഷിക്കു നേരെ കത്തിവീശിയ പ്രതി ജോണി ‘അച്ചൻ അവിടെ കിടന്നു മരിക്കട്ടെ’യെന്ന് ആക്രോശിച്ചതായും സാക്ഷി മൊഴിയുണ്ട്. 2018 മാർച്ച് ഒന്നിനു മലയാറ്റൂർ കുരിശുമുടി കാനനപാതയിൽ ആറാം സ്ഥലത്തുവച്ചാണു ഫാ.സേവ്യറിനു കുത്തേറ്റത്. അമിതമദ്യപാനത്തെ തുടർന്നു കപ്യാർ ജോണിയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരുന്നു.‌ ഏപ്രിലിൽ നടക്കുന്ന തിരുനാളിനു മുൻപു ജോലിയിൽ തിരികെ കയറ്റണമെന്നാവശ്യപ്പെട്ടു ഫാ.സേവ്യറിനെ പ്രതി ജോണി സ്ഥിരമായി ശല്യം ചെയ്തിരുന്നു.

സംഭവദിവസം മലയടിവാരത്തെ തീർഥാടക കേന്ദ്രത്തിൽ നിന്നും നാരങ്ങ മുറിക്കുന്ന കത്തി കൈക്കലാക്കിയ ജോണി തിരുക്കർമങ്ങൾക്കു ശേഷം മലയിറങ്ങി വരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. അരയ്ക്കു താഴെ ഇടതുതുടയുടെ മേൽഭാഗത്താണു കുത്തേറ്റത്. രക്തധമനി മുറിഞ്ഞു രക്തം വാർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി ഡോ. കൗസർ എടപ്പഗത്താണു സാക്ഷികളെ വിസ്തരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ടി.പി.രമേശ് ഹാജരായി.

English Summary: Fr. Xavier Thelakkat murder case trail

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA