ADVERTISEMENT

കൊച്ചി∙ 2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു നടത്താനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടികയിൽ  2020 ഫെബ്രുവരി  7 വരെ ചേർത്ത പേരുകൾകൂടി ഉൾപ്പെടുത്തി വോട്ടർപട്ടിക തയാറാക്കാനും അതനുസരിച്ചു തിരഞ്ഞെടുപ്പു നടത്താനും കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഉചിതമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൊള്ളാമെന്നും കോടതി അറിയിച്ചു. 

2015 വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. തീരുമാനം പുനഃപരിശോധിക്കാൻ കഴിയുമോ എന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ചാൽ തീരുമാനം പുനഃപരിശോധിക്കാൻ തയാറാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നു.

അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കോടതി ഉത്തരവ് കിട്ടിയശേഷം ആവശ്യമായ നിയമ നടപടി സ്വീകരിക്കും. കോടതി നടപടി തിരിച്ചടിയല്ലെന്നും കമ്മിഷൻ വ്യക്തമാക്കി. സർക്കാര്‍ അപ്പീൽ നൽകില്ലെന്നും തീരുമാനമെടുക്കേണ്ടത് കമ്മിഷനാണെന്നും തദ്ദേശ മന്ത്രി എ.സി. മൊയ്തീൻ വ്യക്തമാക്കി. സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തും. തദ്ദേശ വാർഡുകൾ വിഭജിക്കാനുള്ള ബില്ല് നിയമസഭ പാസാക്കി. ഇനി ഗവർണറുടെ അനുമതി ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. 

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി ആകരുതെന്ന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ തള്ളിയിരുന്നു. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനൊപ്പം പുതുതായി പേരു ചേർക്കാൻ 3 അവസരം നൽകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച പട്ടികയാണു വാർഡ് അടിസ്ഥാനത്തിൽ ക്രമീകരിച്ച് 2015 ലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. വൻ തുക ചെലവഴിച്ചും ഒട്ടേറെ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിച്ചും തയാറാക്കിയ ഈ പട്ടിക ഉപേക്ഷിക്കുന്നതു പ്രായോഗികമല്ലെന്നാണ് ഭാസ്കരൻ പറഞ്ഞത്. ഈ പട്ടികയാണു തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകൾക്കെല്ലാം ഉപയോഗിച്ചത്. പുതിയ വോട്ടർമാരെ ചേർക്കാനും അപ്പോൾ അവസരം നൽകി. ഇതുവരെയുള്ള കണക്കനുസരിച്ച് ഒരു വാർഡിൽ പരമാവധി 150 പുതിയ വോട്ടർമാർ ഉണ്ടാകും.

English Summary : High Court on local body elections voters list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com