ADVERTISEMENT

പാലക്കാട് ∙ രണ്ടു ദിവസത്തിനുള്ളിൽ 200 കേ‍ാടി രൂപ കേന്ദ്രസർക്കാരിനു നൽകിയില്ലെങ്കിൽ മുഴുവൻ പേർക്കും ശുദ്ധജലമെത്തിക്കാനുള്ള വൻകിട പദ്ധതിയായ ജലജീവൻ മിഷനിൽ നിന്ന് കേരളം പുറത്താകും. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ജലമന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചതായാണ് സൂചന. 10 ലക്ഷം പേർക്ക് പൈപ്പുവഴി ശുദ്ധജലമെത്തിക്കാൻ സംസ്ഥാനം പ്രാഥമിക നടപടി ആരംഭിച്ചിരിക്കേയാണ് ഈ അനിശ്ചിത്വം. ജലജീവൻ സംസ്ഥാനത്തിന് നഷ്ടപ്പെടില്ലെന്ന് ധനമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതല്ലാതെ തുടർ നടപടിയുണ്ടായിട്ടില്ല.

സംസ്ഥാന വിഹിതം നീക്കിവയ്ക്കാത്തതിനാൽ കേന്ദ്രപദ്ധതികളിൽ ഭൂരിഭാഗവും നടപ്പാക്കാൻ കഴിയാത്ത സ്ഥിതി ജലജീവനും സംഭവിക്കുമേ‍ാ എന്നാണ് ആശങ്ക. വരൾച്ചയുടെ സൂചന വ്യക്തമായിരിക്കേയാണ് ശുദ്ധജലവിതരണം വ്യാപകമാക്കാനുള്ള പദ്ധതി കൈവിട്ടുപേ‍ാകുന്നത്. 3 വർഷം മുൻപ് പ്രധാനമന്ത്രി ജലശക്തി അഭിയാൻ വഴി ജലസ്രോതസുകളുടെ സംരക്ഷണത്തിന് വൻസഹായം വാഗ്ദാനമുണ്ടായെങ്കിലും പദ്ധതി നൽകാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല. കൃത്യസമയത്തു പദ്ധതി രൂപരേഖ നൽകി തുടർനടപടി സ്വീകരിച്ച തമിഴ്നാട്ടിലെ കേ‍ായമ്പത്തൂർ ജില്ലയ്ക്കുമാത്രം 500 കേ‍ാടി രൂപയാണു ലഭിച്ചത്.

ഗ്രാമീണ ശുദ്ധജല വിതരണപദ്ധതി നവീകരിച്ചാണ് കേന്ദ്രസർക്കാർ ജലജീവന് രൂപം നൽകിയത്. ഒരാൾക്ക് ദിവസം 55 ലീറ്റർ ശുദ്ധജലം ഉറപ്പാക്കുകയെന്നതാണു പ്രാഥമികലക്ഷ്യം. പുതിയ ജലപദ്ധതികൾ ഉണ്ടാക്കുകയും നിലവിലുളള സ്രേ‍ാതസുകൾ നവീകരിച്ചു സംരക്ഷിക്കുകയും ചെയ്യും. സമൂഹ ജലവിതരണ സംവിധാനമാണ് നടപ്പാക്കുന്നത്. മലിനജലം സംസ്കരിച്ച് ഉപയേ‍ാഗിക്കാനുളള പദ്ധതിയിലെ വ്യവസ്ഥ നഗരങ്ങൾ കൂടുതലുള്ള കേരളത്തിന് ഉപകാരപ്പെടും. അമൃത്പദ്ധതിയുമായി യോജിപ്പിച്ച് ശുദ്ധജലവിതരണം ത്വരിതപ്പെടുത്താനും വ്യവസ്ഥയുണ്ട്.

ഈ സാമ്പത്തിക വർഷം 11,500 കേ‍ാടി രൂപ കേന്ദ്രം പദ്ധതിക്ക് വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന വിഹിതത്തിന്റെ ഭ‍ാഗമായാണ് 200 കേ‍ാടി രൂപ കേരളം നൽകേണ്ടത്. ആസൂത്രണ ബേ‍ാർഡിനുപകരം ന‌ിതി ആയേ‍ാഗ് വന്നതേ‍ാടെ പദ്ധതിവിഹിതം ചെലവഴിച്ചതിന്റെ സർട്ടഫിക്കറ്റ് നൽകിയാൽ മാത്രമേ‍ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു തുടർവിഹിതം അനുവദിക്കൂ. കേരളം ഇക്കാര്യത്തിൽ തുടർച്ചയായി വീഴ്ചവരുത്തുന്നുവന്ന് കേന്ദ്രവകുപ്പുകൾ കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ കാരണമാണ് വിഹിതം അനുവദിക്കാത്തതിന് പിന്നിലെന്ന ആരേ‍ാപണമാണ് സംസ്ഥാനം ഉന്നയിക്കുന്നത്.

English Summary: Kerala may lose jal jeevan project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com