ADVERTISEMENT

തിരുവനന്തപുരം∙ സിഎജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പൊലീസ് തയാറാക്കിയ സിംസ് പദ്ധതിയും സംശയനിഴലില്‍.  പൊലീസിന്റെ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തികനേട്ടം കൊയ്യുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ്. പൊലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം നിര്‍മിച്ച് ഇഷ്ടം പോലെ കടന്ന് ചെല്ലാനുള്ള അധികാരവും ഡിജിപി ഈ കമ്പനിക്ക് അനുവദിച്ചു നല്‍കി.

ഫണ്ട് വകമാറ്റം പോലുള്ള ഗുരുതര ആരോപണങ്ങള്‍ ഡിജിപി നേരിടുന്നതിനിടെയാണ് സ്വകാര്യ കമ്പനിക്ക് പൊലീസ് ആസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത അധികാരം അനുവദിച്ച് നല്‍കിയ വിവരങ്ങളും പുറത്തുവരുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ സിസിടിവികളും സെര്‍വറുകളും സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മോഷണവും മറ്റും തടയാനുള്ള പദ്ധതിയാണ് സിംസ്. 

പൊലീസും കെല്‍ട്രോണും ചേര്‍ന്ന് നടപ്പാക്കുന്നൂവെന്നാണ് ആദ്യം ഡിജിപി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മറികടന്ന് ഗാലക്സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിയ്ക്കാണ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

പദ്ധതിയില്‍ അംഗമാകുന്ന സ്ഥാപനങ്ങളില്‍  സെര്‍വര്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഈ കമ്പനിയാണ്. അതിന്റെ പണവും  മാസംതോറും നിശ്ചിത ഫീസും ഇവര്‍ വാങ്ങും. അതില്‍ നിന്ന് ചെറിയ പങ്ക് പൊലീസിന് നല്‍കുമെന്ന് മാത്രം. കൂടുതല്‍ സ്ഥാപനങ്ങളെ പദ്ധതിയില്‍ ചേര്‍ക്കാന്‍ ഡിജിപി എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ഈ കമ്പനിയുടെ ബിസിനസ്  ഇടനിലക്കാരായി പൊലീസ് മാറിയിരിക്കുകയാണ്. പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കേണ്ടത് എസ്പിമാരായിരിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. 

അതുമാത്രമല്ല, പദ്ധതിയുടെ കണ്‍ട്രോള്‍ റൂം പൊലീസ് ആസ്ഥാനത്തിനുള്ളിലാണ്. ഇത് നിര്‍മിച്ചതും ഈ കമ്പനിയാണ്. കമ്പനിയുടെ രണ്ട് ജീവനക്കാര്‍ക്ക് ഇതിനുള്ളില്‍ പ്രവര്‍ത്തിക്കാനും കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരെ നിയന്ത്രിക്കാനും അനുമതിയുണ്ട്. സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലത്താണ് ഒരു സ്വകാര്യ കമ്പനിക്ക് സര്‍വ അധികാരവും ഡിജിപി നല്‍കിയിരിക്കുന്നത്.

കെൽട്രോണിന്റെ ഇ ടെൻഡറിൽ പങ്കെടുത്താണ് സിംസ് പദ്ധതിയിൽ പങ്കാളിയായതെന്ന് ഗാലക്സൺ കമ്പനി വ്യക്തമാക്കി. കമ്പനിയുടെ സാങ്കേതിക സാമ്പത്തിക ഇടപാടുകൾ കെൽട്രോണുമായാണ്. പൊലീസുമായി കമ്പനിക്ക് ബന്ധമില്ല. സിംസ് പദ്ധതിക്കായുള്ള സാങ്കേതിക കാര്യങ്ങളാണ് നൽകുന്നത്. പദ്ധതിയുമായ ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ അറിയില്ല. കമ്പനിയുടെ സാങ്കേതിക സംവിധാനങ്ങളാണ് പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത്. ലോക നിലവാരത്തിലുള്ള സംവിധാനങ്ങളാണ് സ്ഥാപിച്ചിരിക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.

Content highlights: Kerala police headquarters, Security System corruption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com