ടിപ്പറും മണ്ണും വഴിയാത്രക്കാരന്റെ മുകളിൽ; അപകടം അറിഞ്ഞത് ഫോൺ ബെല്ലടിച്ചപ്പോൾ

lorry-accident
SHARE

പത്തനംതിട്ട ∙ ചെറുകോൽ കിളിയാനിക്കൽ തോട്ടത്തിൽ മണിക്കുട്ടൻ ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ടത് അറിഞ്ഞത് മൊബൈൽ ഫോണിന്റെ മണിയൊച്ചയിൽ. മൊബൈൽ ഫോൺ കൈവശമില്ലാതിരുന്നെങ്കിൽ മണിക്കുട്ടന് ഉണ്ടായ അപകടം പുറംലോകം അറിയാൻ വൈകിയേനെ. രാവിലെ 8 മണിയോടെ കിളിയാനിക്കൽ ജംക്‌ഷനിലേക്ക് നടന്നു പോകുമ്പോഴാണ് ടിപ്പർ ഇടിച്ച് മണിക്കുട്ടൻ വയലിലേക്ക് വീണത്.

മണ്ണുമായി ടിപ്പർ മണിക്കുട്ടന്റെ മുകളിലേക്ക് വീണു. അപകടത്തിൽ നിന്നു രക്ഷപ്പെട്ട ഡ്രൈവർ, വഴി യാത്രക്കാരൻ ഓടി മാറിയെന്നാണ് എല്ലാവരോടും പറഞ്ഞത്. മറ്റാരും സംഭവ സമയം സ്ഥലത്തുണ്ടായിരുന്നില്ല. ഇതു വിശ്വസിച്ചാണ് സ്ഥലത്ത് എത്തിയ പൊലീസും അഗ്നിരക്ഷാ സേനയും മടങ്ങിയത്. പിന്നീട് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ആരോ ടിപ്പറിന് അടിയിലുണ്ടെന്ന് അറിഞ്ഞത്.

അപകട സ്ഥലത്തെത്തിയവർ മണ്ണിനടിയിൽ നിന്ന് മൊബൈൽ ഫോണിന്റെ മണിയൊച്ച കേട്ടു. അപകടത്തിനു മുൻപ് മണിക്കുട്ടൻ നടന്നു പോകുന്നത് കണ്ടതായി സമീപവാസികൾ അറിയിച്ചപ്പോൾ ചിലർ മണിക്കുട്ടന്റെ നമ്പരിലേക്ക് ബന്ധപ്പെട്ടപ്പോഴും മണ്ണിനടിയിൽ നിന്ന് വീണ്ടും ശബ്ദം കേട്ടു. അപ്പോഴേക്കും അപകടം നടന്ന് ഒന്നര മണിക്കൂർ പിന്നി‌ട്ടിരുന്നു. പിന്നീട് പൊലീസിനെയും അഗ്നിരക്ഷാ സേനയെയും തിരികെ വിളിച്ചു. ഇതിനകം സംഭവ സ്ഥലത്ത് നാട്ടുകാർ തടിച്ചു കൂടി.

വാഹന ഗതാഗതം നിർത്തിയാണു ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താൻ ശ്രമിച്ചത്. രണ്ടാം ശ്രമത്തിൽ ലോറി ഉയർന്നെങ്കിലും മറിച്ചിടാൻ കഴിഞ്ഞില്ല. ഇതുവഴി എത്തിയ മണ്ണുമാന്തിയും ക്രെയിനും ഉപയോഗിച്ച് പിന്നീട് ലോറി തള്ളി മറിക്കുകയായിരുന്നു. കോരി ഉപയോഗിച്ച് മണ്ണ് നീക്കി മണിക്കുട്ടനെ കണ്ടെത്താനാണ് ആദ്യം ശ്രമിച്ചത്. തുടർന്ന് മണ്ണുമാന്തിയുടെ സേവനം തേടി. അര മണിക്കൂറോളം ശ്രമപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. ഇതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

English Summary: Lorry accident in Pathanamthitta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA