ADVERTISEMENT

തൃശൂർ∙ ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ, ന്യൂസിലന്‍ഡിനെ നേരിടുകയാണ്. ടെലിവിഷനില്‍ കളി കാണുകയായിരുന്നു ഗുരുവായൂര്‍ മമ്മിയൂര്‍ സ്വദേശി ജ്യോതി. മുന്‍വശത്തെ വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരുന്നില്ല. നേരം, രാവിലെ 11.20. പരീക്ഷയ്ക്കു പോയ മകള്‍ അര മണിക്കൂര്‍ കഴിഞ്ഞു വരും. അതുകൊണ്ടാണ് വാതില്‍ കുറ്റിയിടാതിരുന്നത്. ഇന്ത്യയുടെ ബാറ്റിങ് കാണുന്നതിനിടെയായിരുന്നു ആ കോളിങ് ബെല്‍. ആരാണ് ബെല്‍ അടിച്ചതെന്നു നോക്കാന്‍ കസേരയില്‍ നിന്ന് എണീറ്റു. വാതിലിന്‍റെ അടുത്ത് എത്തുമ്പോഴേക്കും ഒരു ഭാഗം തുറന്ന് ചോദ്യം. ‘‘ചേട്ടന്‍ ഇല്ലേ വീട്ടില്‍’’. ജോലിക്കു പോയെന്നു പറഞ്ഞ ഉടനെ കണ്ണിലേക്ക് എന്തോ എറിഞ്ഞു. 

മുഖം ചരിച്ചതിനാല്‍ കണ്ണില്‍ പോയില്ല. മണ്ണായിരുന്നു കണ്ണില്‍ എറിഞ്ഞത്. തൊട്ടുപിന്നാലെ, അക്രമി വീടിനകത്തു കയറി. കഴുത്തില്‍ അണിഞ്ഞ മാല പൊട്ടിക്കാന്‍ നോക്കി. മൂന്നു പവന്‍റെ മാലയാണ്. ജ്യോതി മാല വിട്ടുകൊടുത്തില്ല. പിടിവലിയായി. കഴുത്തിനു പിടിച്ചു തള്ളിയ മോഷ്ടാവ് മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം തുടര്‍ന്നു. ഇതിനിടെ, വീട്ടമ്മയെ തള്ളി താഴെയിട്ടു. മാലയുടെ ഒരു ഭാഗം കൈക്കലാക്കിയ മോഷ്ടാവ് പുറത്തു കടന്നു. തൊട്ടുപിന്നാലെ, വീട്ടമ്മയും പുറത്തേയ്ക്കെത്തി. വണ്ടിയുടെ നമ്പര്‍ നോക്കാനായിരുന്നു ശ്രമം. പക്ഷേ, ബൈക്കിനു നമ്പര്‍ പ്ലേറ്റില്ലായിരുന്നു.

ഉച്ചത്തില്‍ അലറി വിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി. ഭര്‍ത്താവ് ശ്രീകുമാറിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. പിന്നാലെ, നാലു ജീപ്പ് പൊലീസ് എത്തി. എല്ലാ വഴികളിലും പൊലീസ് പാഞ്ഞു. പക്ഷേ, മോഷ്ടാവിനെ കിട്ടിയില്ല. മുഖത്ത് തൂവാല കെട്ടിയിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. കറുത്ത നിറമാണ് ഹെല്‍മറ്റിന്. ഗ്ലാസില്ല. ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു വേഷം. 

മുൻപും ഉണ്ടായി, സമാന സംഭവം

മമ്മിയൂര്‍ താമരയൂര്‍ മേഖലയില്‍ കഴിഞ്ഞ ജനുവരി 25നും സമാനമായ സംഭവമുണ്ടായി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന എണ്‍പത്തിയൊന്നുകാരിയാണ് ആക്രമിക്കപ്പെട്ടത്. മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാര്‍ ഓടി എത്തിയ ഉടനെ മോഷ്ടാവ് രക്ഷപ്പെട്ടു. തമ്പുരാന്‍പടി ഐശ്വര്യനഗറില്‍ കുട്ടിയുമായി നടന്നു വരികയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാനും ശ്രമം നടന്നു. യുവതിയെ വഴിയരികിലെ സ്ലാബിനു മുകളിലേക്ക് തള്ളിയിട്ടാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. 

നടുറോഡില്‍ വച്ചുണ്ടായ രണ്ടു ശ്രമങ്ങളും പാളിയ കാരണമാകണം വീടിനകത്തു കയറി മൂന്നാം തവണ ഓപ്പറേഷന്‍ നടത്തിയത്. തൃശൂര്‍ പോലൂക്കരയില്‍ വീടിനു മുമ്പില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് ബൈക്കില്‍ രണ്ടു യുവാക്കള്‍ രക്ഷപ്പെട്ടിരുന്നു. ബൈക്കില്‍ എത്തി മാല പൊട്ടിക്കുന്നത് പതിവായതിനാല്‍ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. 

റോഡിലൂടെ നടന്നു പോകുമ്പോള്‍ പ്രത്യേകിച്ച്. ഇനി വീട്ടിലിരിക്കാണെങ്കിലും വാതില്‍ കുറ്റിയിട്ടില്ലെങ്കില്‍ വീടിനകത്തു കയറിയും ഇക്കൂട്ടര്‍ മാല പൊട്ടിക്കും. ഇത്തരം മാല പൊട്ടിക്കല്‍ സംഘങ്ങള്‍ ഓപ്പറേഷനിറങ്ങുന്നത് പകല്‍ സമയത്താണ്. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്ന സംഘങ്ങള്‍ മാല പൊട്ടിക്കാന്‍ ഇറങ്ങുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയ കാര്യം.

English Summary: Mask-clad man attack woman in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com