കമ്മിഷന്റേത് 27 ലക്ഷം പേർക്കു വോട്ട് നിഷേധിക്കുന്ന സമീപനം: എന്‍.വേണുഗോപാല്‍

N Venugopal
എൻ. വേണുഗോപാൽ
SHARE

കൊച്ചി ∙ 27 ലക്ഷം വോട്ടര്‍മാര്‍ക്കു വോട്ടു നിഷേധിക്കുന്ന സമീപനമാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചതെന്നു ഹര്‍ജിക്കാരനായ എന്‍.വേണുഗോപാല്‍. തെറ്റായ നിലപാടിനെയാണു ഹൈക്കോടതി ഖണ്ഡിച്ചത്. കമ്മിഷന്‍ അപ്പീല്‍ നൽകിയാൽ മൂന്നു മാസത്തേക്കെങ്കിലും തിരഞ്ഞെടുപ്പ് മാറ്റേണ്ടി വരുമെന്നും വേണുഗോപാല്‍ കൊച്ചിയില്‍ പറഞ്ഞു. 2019 ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പട്ടിക പുതുക്കാനുള്ള ഹൈക്കോടതി ഉത്തരവിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പട്ടിക കരട് വോട്ടര്‍പട്ടികയാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം വ്യാഴാഴ്ച ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. 2014 ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയാണ് 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിനു കരട് പട്ടികയാക്കിയതെന്നും അതേ സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും അപ്പീല്‍ നല്‍കിയ യുഡിഎഫ് നേതാക്കള്‍ വാദിച്ചു.

ഒടുവില്‍ പുതുക്കിയ പട്ടിക തന്നെ കരട് വോട്ടര്‍ പട്ടികയാക്കണമെന്നും ജനങ്ങളുടെ സൗകര്യത്തിനാണു മുഖ്യപ്രാമുഖ്യം നല്‍കേണ്ടതെന്നും നിര്‍ദേശിച്ചായിരുന്നു ചീഫ് ജസ്റ്റിസ് മണികുമാറും ജസ്റ്റിസ് എസ്.പി.ചാലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2019ലെ ലോക്സഭ തിര‍ഞ്ഞെടുപ്പിന്റെ പട്ടിക കരട് പട്ടികയാക്കണം. 2020 ഫെബ്രുവരി 7ന് 18 വയസ്സ് പൂർത്തിയായവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തണം. ലോക്സഭാ തിരഞ്ഞെടുപ്പിനു വോട്ടു ചെയ്തവര്‍ വീണ്ടും പേരു ചേര്‍ക്കേണ്ടിവരുന്ന സാഹചര്യം ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകാനുള്ള ആലോചനയിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍. ‌

English Summary: HC tells EC in Kerala to hold local body polls based on Lok Sabha voter list, Petitioner N Venugopal reaction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA