മോദിയുടെ സ്വന്തക്കാരനായ ബെഹ്റയ്ക്കായി പിണറായി വിജയൻ കണ്ണടയ്ക്കുന്നു: മുല്ലപ്പള്ളി

mullappally-ramachandran-2
മുല്ലപ്പള്ളി രാമചന്ദ്രൻ
SHARE

കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ അലമാരയിൽ ഒരുപാട് അസ്ഥികൂടങ്ങളുള്ളതിനാൽ അന്വേഷണങ്ങളെ ഭയപ്പെടുന്നുവെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്രസർക്കാർ പിണറായിയെ ബ്ലാക്ക്മെയിൽ ചെയ്യുകയാണ്. അതുകൊണ്ടാണു മോദിയുടെ സ്വന്തക്കാരനായ ലോക്നാഥ് ബെഹ്റ ചെയ്യുന്നതിനെല്ലാം പിണറായി കണ്ണടയ്ക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആഭ്യന്തരവകുപ്പിനും പൊലീസിലെ ഉന്നതർക്കുമെതിരെ സിഎജി നടത്തിയ വെളിപ്പെടുത്തലിൽ ഹൈക്കോടതി നിർദേശിക്കുന്ന ജുഡിഷ്യൽ ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണം. ഇക്കാര്യം സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെടണം. അതിനു മുഖ്യമന്ത്രി മുതിരുന്നില്ലെങ്കിൽ അദ്ദേഹത്തിനും ഡിജിപിക്കും ഒരുപാട് ഒളിക്കാനുണ്ടെന്നു ജനത്തിനു ബോധ്യമാകും.

തിരുവനന്തപുരത്തെ എസിഎസ് ടെക്നോളജി എന്ന സ്ഥാപനത്തിനു പൊലീസ് നവീകരണവുമായി ബന്ധപ്പെട്ടു കരാർ നൽകിയിട്ടുണ്ടോ, സുരക്ഷയുമായി ബന്ധപ്പെട്ടു കെൽട്രോണിനു കരാർ നൽകിയത് ഏതു മാനദണ്ഡപ്രകാരം, പൊലീസ് ആസ്ഥാനത്തിരുന്നു സിസിടിവി നിരീക്ഷിക്കുന്ന സിംസ് പദ്ധതിയുടെ നേട്ടം തിരുവനന്തപുരത്തെ ഗാലക്സോൺ എന്ന കമ്പനിക്കു ലഭിക്കുന്നതെങ്ങനെ എന്നീ കാര്യങ്ങൾ ആഭ്യന്തരവകുപ്പ് വിശദീകരിക്കണം.

മാവോയിസ്റ്റ് സാഹിത്യം കൈവശം വച്ചതിന്റെ പേരിൽ രണ്ടു ചെറുപ്പക്കാർക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്ത പൊലീസ്, 25 തോക്കുകൾ നഷ്ടപ്പെടുത്തി ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയതിന് ഏതു വകുപ്പുപ്രകാരം കേസെടുക്കണം? സ്വന്തം തോക്കും വെടിയുണ്ടയും സൂക്ഷിക്കാനറിയാത്ത പൊലീസ് എങ്ങനെ ജനത്തിനു സംരക്ഷണം കൊടുക്കും?

തോക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നു വരുത്തിത്തീർക്കാൻ പൊലീസ് ആസ്ഥാനത്തു ശ്രമം നടക്കുന്നുണ്ടെന്നാണു ഡിജിപി റാങ്കിലുള്ള ഒരുദ്യോഗസ്ഥൻ തന്നോടു പറഞ്ഞത്. പൊലീസ് ആസ്ഥാനത്തു തോക്കുകൾകൊണ്ട് ഒരു സ്തൂപം നിർമിക്കാൻ ‍‍ഡിജിപി ശ്രമിക്കുന്നുണ്ട്. നഷ്ടമായ തോക്കുകൾ സ്തൂപത്തിൽ ഉപയോഗിച്ചു എന്നു വരുത്താനാണു നീക്കം. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ പുസ്തകവും ഡിജിപി കേരളത്തിനു ബാധ്യതയുമായി മാറിയെന്നു മുല്ലപ്പള്ളി ആരോപിച്ചു.

English Summary: Mullappally Ramachandran slams CM Pinarayi Vijayan on CAG report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA