ADVERTISEMENT

തിരുവനന്തപുരം ∙ ദേശീയ അടിയന്തിര പ്രതികരണ സംവിധാനമായ 112 എന്ന നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്ക് സംസ്ഥാനത്ത് ഇനി മുതല്‍ കനിവ് 108 ആംബുലന്‍സുകളുടെ സേവനവും ലഭ്യമാകും. ടെക്നോപാര്‍ക്കിലെ 108 ആംബുലന്‍സ് കൺട്രോള്‍ റൂമില്‍ നടന്ന ചടങ്ങില്‍ 112 ഡെസ്ക്കിന്‍റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വഹിച്ചു.

പൊലീസ് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 112 ന്‍റെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് 108 കണ്‍ട്രോള്‍ റൂമിലേക്കു സന്ദേശം കൈമാറുന്നതും ഇവിടെ നിന്ന് ആംബുലന്‍സ് വിന്യസിക്കുന്നതും പൊലീസ് മേധാവി വിലയിരുത്തി. കുട്ടനാടന്‍ പ്രദേശങ്ങളില്‍ ആംബുലന്‍സ് ആയി ഉപയോഗിക്കാന്‍ പ‌ൊലീസിന്‍റെ ബോട്ട് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അപകടങ്ങള്‍ ഉള്‍പ്പെടെ വൈദ്യസഹായം ആവശ്യമായ സാഹചര്യങ്ങളില്‍ 112 ല്‍ ബന്ധപ്പെടുന്നവര്‍ക്ക് പൊലീസിനൊപ്പം ആംബുലന്‍സ് സേവനവും ലഭ്യമാകും. 112 കോള്‍ സെന്‍ററിലേക്കു വരുന്ന അത്യാഹിത സന്ദേശങ്ങളില്‍, ആംബുലന്‍സ് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ വിളിക്കുന്നയാളുടെ വിവരങ്ങളും സ്ഥലവും 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലെ കംപ്യൂട്ടറിലേക്കു കൈമാറും. ഇവിടെ നിന്ന് ആവശ്യക്കാര്‍ക്ക് ഏറ്റവുമടുത്തുള്ള ആംബുലന്‍സ് ലഭ്യമാക്കും.

behera-kochi
ടെക്നോപാര്‍ക്കിലെ 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമില്‍ ആരംഭിച്ച 112 എമര്‍ജന്‍സി ഡെസ്ക്കിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രവര്‍ത്തനം വിലയിരുത്തുന്നു

ഇതിനായി 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 112 ഡെസ്ക്ക് സജ്ജമാക്കിയിട്ടുണ്ട്. 108 ല്‍ വരുന്ന അത്യാഹിത സന്ദേശങ്ങളില്‍, പൊലീസിന്‍റെ സേവനം ആവശ്യമുള്ളവ 112 ലേക്ക് കൈമാറാനുള്ള സംവിധാനങ്ങളും സജ്ജമാക്കുന്നുണ്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡി. ഡോ.നവജ്യോത് ഖോസ, കെംപ് ഡപ്യൂട്ടി മാനേജര്‍ രാജീവ് ശേഖര്‍, ജിവികെഇഎംആര്‍ഐ സംസ്ഥാന ഓപ്പറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം തുടങ്ങിയവര്‍ പങ്കെടുത്തു. 

English summary: 112 and 108 emergency helpline numbers interlinked

    

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com