അസം പൗരത്വ പട്ടിക അപ്രത്യക്ഷം: മനഃപൂർവമെന്ന് ആരോപണം

assam-nrc
പൗരത്വ പട്ടികയിൽ പേരുണ്ടോയെന്നു പരിശോധിക്കുന്ന ജനങ്ങൾ. ഗുവാഹത്തിക്കു സമീപം മോറിഗാവ് ജില്ലയിലെ പാവക്കാട്ടിയിലെ ഒരു കടയിൽനിന്നുള്ള ഫയൽ ചിത്രം.
SHARE

ഗുവാഹത്തി∙ അസമിലെ പൗരത്വ പട്ടിക വെബ്സൈറ്റിൽനിന്നു കാണാതായ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടാൻ എൻആർസി (നാഷനൽ റജിസ്റ്റർ ഓഫ് സിറ്റിസൺസ്) ഉദ്യോഗസ്ഥർ ഒരുങ്ങുന്നു. പട്ടിക മനഃപൂർവം നീക്കം ചെയ്തതാണെന്നും പ്രധാനപ്പെട്ട ഇമെയിലുകളും നീക്കം ചെയ്തുവെന്നും സംഭവത്തോടു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഡേറ്റാ സെന്ററിലെ സാങ്കേതിക തകരാറാണ് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ വിശദീകരിച്ചിരുന്നു. എന്നാൽ പൊലീസിൽ പരാതി നൽകിയതോടെ ഡേറ്റ നഷ്ടപ്പെട്ടത് അതീവ ഗുരുതരമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

കഴിഞ്ഞ നവംബർ – ഡിസംബർ മാസങ്ങളിലാണ് ഇമെയിലുകൾ നീക്കം ചെയ്തത്. എൻആർസി കോഓർഡിനേറ്റർ പ്രതീക് ഹജേലയെ നീക്കി പകരം ഹിതേഷ് ദേവ് ശർമയ്ക്കു ചുമതല നൽകിയതും ഇതേസമയത്തായിരുന്നു. അസമിലെ പൗരത്വ നിർണയം നടത്തിയത് സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ്. അതിനാൽ സംഭവത്തെക്കുറിച്ച് എൻആർസി സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കും. മാത്രമല്ല, റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ വഴി അന്വേഷണത്തിനുള്ള അപേക്ഷ കേന്ദ്രത്തിനു നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

അതിനിടെ, പ്രതീക് ഹജേലയെ നീക്കിയതിനുപിന്നാലെ പൗരത്വ പട്ടിക പുതുക്കൽ നടപടിക്രമങ്ങളിൽ ഉൾപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥൻ, എൻആർസി പ്രൊജക്ട് മാനേജർ അജുപി ബറുവ രാജിവച്ചിരുന്നു. ഇയാളും സംശയനിഴലിലാണ്. പ്രധാനപ്പെട്ട വിവരങ്ങളുടെ പാസ്‌വേർഡ് ഇയാളുടെ കൈവശമായിരുന്നു. രാജിവച്ചെങ്കിലും ഇവ കൈമാറാൻ അയാൾ തയാറായിരുന്നില്ല. ബറുവയ്ക്കെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇതിനിടെ, ക്ലൗഡ് ഡേറ്റാ സെന്റർ സേവനം നൽകുന്ന ഐടി കമ്പനിയായ വിപ്രോയുമായുള്ള കരാർ പുതുക്കാത്തതാണ് എൻആർസി ഡേറ്റ അപ്രത്യക്ഷമാകാൻ കാരണമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കരാർ ഒക്ടോബറിൽ അവസാനിച്ചിരുന്നു. പിന്നീടു പുതുക്കിയിട്ടില്ല. അതേസമയം, എൻആർസി ഡേറ്റ സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിപ്രോയും എൻആർസി അധികൃതരും തമ്മിലുള്ള ‘പണമിടപാടു’ വിഷയങ്ങളാണ് ഡേറ്റ ഇപ്പോൾ ഓൺലൈനിൽ ലഭിക്കാത്തതിനു കാരണമെന്ന് അസം മന്ത്രി ഹിമാന്ത ബിശ്വ ശർമ മാധ്യമങ്ങളോടു പറഞ്ഞു. 70 കോടി രൂപയുടെ ബില്ലാണ് വിപ്രോയുടേതെന്നും സംഭവത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

English Summary: Assam Officials Allege Email Tampering, Data Deletion In Citizens' List

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA