വിരൽ ചൂണ്ടി ആ സ്വർണമാല: ബുദ്ധിമാനായ കുറ്റവാളിയെ തേടി പൊലീസ്

thrissur-murder
SHARE

തൃശൂർ ∙ കുറാഞ്ചേരിയിലെ വിജനമായ കുന്നിന്‍പുറത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഒറ്റപ്പാലം സ്വദേശിനിയായ അന്‍പത്തിയൊന്നുകാരിയുടേതാണെന്ന് പൊലീസ്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. രാത്രി എട്ടു മണിയോടെ ആഭരണവും വസ്ത്രാവശിഷ്ടങ്ങളും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപാതകമാണെന്നാണ് സൂചന.

ഒരാഴ്ച മുൻപാണ് ഇവരെ കാണാതായത്. ബന്ധുക്കള്‍ ഒറ്റപ്പാലം പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് അജ്ഞാത ജഡം കണ്ട വിവരം അറിഞ്ഞതും തിരിച്ചറിഞ്ഞതും. കൊല്ലപ്പെടുന്നതിനു മുൻപ് ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നു വ്യക്തമല്ല. പോസ്റ്റുമോർട്ടം കഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. കുറാഞ്ചേരിയിലെ പ്രധാന റോഡിനു സമീപമുള്ള പ്രദേശത്താണ് മൃതദേഹം കണ്ടത്. ഇവിടം മദ്യപസംഘങ്ങളുടെ താവളമാണ്. സ്ത്രീ എങ്ങനെ ഈ കുന്നിന്‍ മുകളില്‍ എത്തിയതെന്ന് ഇനിയും വ്യക്തമല്ല. കുറാഞ്ചേരി മേഖലയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. ഡിഐജി എസ്.സുരേന്ദ്രന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ എന്നിവര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു.

കൊല്ലപ്പെട്ടത് ആരാണെന്ന് അറിയാന്‍ പൊലീസിനു മുമ്പിലുള്ള ഏക തെളിവ് മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണമാലയായിരുന്നു. ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും ചിത്രങ്ങൾ െപാലീസ് പുറത്തു വിട്ടിരുന്നു. വിജനമായ കുന്ന് തിരഞ്ഞെടുത്തതും കൊലയാളിയുടെ ബുദ്ധിയാണ്.

മാലയും കമ്മലും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ മൃതദേഹത്തില്‍നിന്ന് മാറ്റിയിരുന്നില്ല. കുന്നിന്‍ മുകളില്‍ കൊണ്ടുവന്നാണോ തീവച്ചു കൊന്നതെന്ന് വ്യക്തമല്ല. വേറെ എവിെടയെങ്കിലും വച്ചു കൊന്ന ശേഷം മൃതദേഹം കത്തിക്കാന്‍ വേണ്ടി കുന്നിന്‍ പുറത്തു കൊണ്ടുവന്നതാകാനും സാധ്യതയുണ്ട്. പക്ഷേ, പൂര്‍ണമായും മൃതദേഹം കത്തിനശിച്ചില്ല. ഈ സ്ഥലത്തെക്കുറിച്ച് ധാരണയുള്ള ആളാകണം കൊലയാളിയെന്നാണ് പൊലീസ് കരുതുന്നത്.

English Summary: burnt body of woman found in secluded field near highway in Kerala identified

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA