ADVERTISEMENT

തിരുവനന്തപുരം∙  ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തെയും പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോര്‍ട്ട്. വെടിയുണ്ടകള്‍ കാണാതായത് യുഡിഎഫ് ഭരണകാലത്തെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കിയുള്ള തട്ടിപ്പും ആഡംബരവാഹനങ്ങളുടെ വാങ്ങിക്കൂട്ടലും രമേശ് ചെന്നിത്തലയുടെ കാലത്തുമുണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഈ സമയങ്ങളിലും ലോക്നാഥ് ബെഹ്റയായിരുന്നു നവീകരണ ചുമതലയുള്ള എഡിജിപിയെന്നത് അദേഹത്തിനെതിരായ കുരുക്ക് മുറുക്കുകയും ചെയ്യുന്നു. 

തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്നതാണ് സിഎജിയുടെ ഏറ്റവും ഗുരുതര കണ്ടെത്തലെങ്കിലും എന്നാണ് ഇവ കാണാതായതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. കാണാതായ 25 തോക്കുകള്‍ എആര്‍ ക്യാംപിലേക്കു നല്‍കിയതായി 2011 ഫെബ്രുവരിയില്‍ തന്നെ പൊലീസ് രേഖയുണ്ടാക്കിയിട്ടുണ്ട്.

തൃശൂരിലെ പൊലീസ് അക്കാഡമിയിലെ നാനൂറ് വെടിയുണ്ടകള്‍ 2015 സെപ്റ്റംബറിൽ നഷ്ടമായതായി റിപ്പോര്‍ട്ടുണ്ടെന്നും സിഎജി പറയുന്നു. അതായത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ടി.പി. സെന്‍കുമാര്‍ ഡിജിപിയുമായിരുന്നപ്പോള്‍. പിന്നീട് പിണറായി സര്‍ക്കാരും ലോക്നാഥ് ബെഹ്റയും വന്നശേഷവും കാണാതായ വെടിയുണ്ടകളുടെയെണ്ണം കൂടിക്കൂടി വന്നു. രമേശ് ചെന്നിത്തലയുടെ കാലത്ത് ആയുധങ്ങള്‍ വാങ്ങുന്നതില്‍ വീഴ്ച വരുത്തി ഒരു കോടി 87 ലക്ഷം നഷ്ടമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

തോക്കുകളും വെടിയുണ്ടകളും കാണാതായതില്‍ സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തി പ്രതിപക്ഷത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതുപോലെ തന്നെയാണ് സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് നടത്തിയ ഇടപാടുകളുടെ കാര്യത്തിലും. കെല്‍ട്രോണിനെ മുന്‍നിര്‍ത്തി സ്വകാര്യ കമ്പനിക്ക് ഉപകരാര്‍ നല്‍കി കമ്മിഷന്‍ കൈപ്പറ്റുന്ന അവിശുദ്ധ കൂട്ടുകെട്ട് 2013 മുതല്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്.

വാഹനങ്ങളിലെ ജിപിഎസ് സംവിധാനം ഏര്‍പ്പാടാക്കല്‍, വോയ്സ് ലോഗറുകള്‍ വാങ്ങിയത് തുടങ്ങിയവയാണ് ക്രമക്കേട് കണ്ടെത്തിയ യുഡിഎഫ് കാലത്തെ ഇടപാടുകള്‍. വാഹനങ്ങളില്‍ വയ്ക്കാന്‍ വാങ്ങിയ 40 ടാബ് ലെറ്റുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൈവശപ്പെടുത്തിയതും മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫോര്‍ച്യൂണര്‍ പോലുള്ള വാഹനങ്ങള്‍ വാങ്ങിയതിനും മുന്‍ സര്‍ക്കാരും ഡിജിപിമാരും ഉത്തരവാദികളാണ്.

English Sumamry: CAG report on missing rifles, cartridges, opposition in Kerala also in trouble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com