ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസിനെതിരായ സിഎജിയുടെ കണ്ടെത്തലുകളെക്കുറിച്ചു തൽക്കാലം രാഷ്ട്രീയമായി പ്രതികരിക്കേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും റിപ്പോർട്ടിലെ വിവരങ്ങൾ നിയമസഭയിലെത്തുന്നതിനു മുൻപു പ്രതിപക്ഷത്തിനു ലഭിച്ചതും രാഷ്ട്രീയപ്രേരിതമാണെന്നു യോഗം വിലയിരുത്തി. വാർത്താസമ്മേളനത്തിലെ എജിയുടെ പ്രതികരണങ്ങളിലും രാഷ്ട്രീയമുണ്ടെന്ന സംശയം പാർട്ടിക്കുണ്ട്. പൊലീസിനെതിരായ സിഎജിയുടെ കണ്ടെത്തലുകള്‍ യുഡിഎഫ് കാലത്തേതാണെന്ന നിലപാടിലാണു സിപിഎം.

വിഐപികൾക്കായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് ഒഴികെ റിപ്പോർട്ടിലെ കണ്ടെത്തലുകളെല്ലാം യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നടന്നത്. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കേ സിഎജി റിപ്പോർട്ട് സർക്കാരിനെതിരെ ആയുധമാക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ ജാഗ്രത വേണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. രേഖകളുടെ അടിസ്ഥാനത്തിൽ കൃത്യമായ മറുപടി പ്രതിപക്ഷത്തിനും വിമർശകർക്കും സർക്കാർ നൽകും. സിഎജി റിപ്പോർട്ടുകൾക്ക് നിയമസഭയിൽ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയ കാര്യം യോഗം ചർച്ച ചെയ്തു. സിഎജി റിപ്പോർട്ടിന് സർക്കാർ സഭയിൽ മറുപടി പറഞ്ഞശേഷം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്.

ഇതിനായി വകുപ്പുകളോട് സർക്കാർ വിശദീകരണം തേടി. പ്രതിപക്ഷത്തിനുള്ള മറുപടി അടുത്തമാസം ആദ്യം നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കുമെന്നും അതുവരെ പ്രതിപക്ഷ ആരോപണങ്ങൾ അവഗണിക്കാനും യോഗം തീരുമാനിച്ചു. സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ രാഷ്ട്രീയമായി തിരിച്ചടിയാകില്ലെന്ന വികാരമാണ് യോഗത്തിലുണ്ടായത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് മാത്രമാണ് ഈ സർക്കാരിന്റെ കാലത്തുണ്ടായതായി സിഎജി റിപ്പോർട്ടിൽ പറയുന്നത്.

വെടിയുണ്ടകൾ കാണാതായതു മുൻ സർക്കാരിന്റെ കാലത്താണ്. 2013 മുതലുള്ള വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് എജി ഓഡിറ്റ് നടത്തിയത്. ഇതിനാൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള ആയുധങ്ങളും റിപ്പോർട്ടിലുണ്ടെന്നു നേതൃത്വം കരുതുന്നു. ബന്ധപ്പെട്ട വകുപ്പുകൾ നല്‍കിയ വിശദീകരണങ്ങള്‍ അവഗണിച്ചാണ് സിഎജി പല നിഗമനങ്ങളിലും എത്തിയതെന്ന ആക്ഷേപവും പാർട്ടിക്കുണ്ട്. രണ്ടു ദിവസം നീളുന്ന സംസ്ഥാന സമിതി യോഗത്തിന് ശനിയാഴ്ച എകെജി സെന്ററിൽ തുടക്കമാകും. 

English Summary: CPM decided to play down the controversies surrounding the CAG report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com