ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന് 2019 ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതി വിധി അംഗീകരിക്കേണ്ടിവന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ കാത്തിരിക്കുന്നത് സങ്കീര്‍ണമായ നടപടിക്രമങ്ങള്‍. ഇരുപത്തിയയ്യായിരം ബൂത്തുകളിലും ആളെ നിയമിച്ച് വോട്ടര്‍മാരുടെ പേരു വിവരങ്ങള്‍ സ്ഥിരീകരിക്കണം. വാര്‍ഡ് പുനര്‍വിഭജനം വോട്ടര്‍പട്ടിക പരിഷ്കരണത്തെ ബാധിക്കുമോയെന്ന ആശങ്കയും കമ്മിഷനുണ്ട്.

2019 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെങ്കില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക, വാര്‍ഡ് അടിസ്ഥാനത്തിലാക്കണം. ഇതിന് ഒാരോ വോട്ടര്‍മാരുടേയും വീട്ടിലെത്തി ആ വാര്‍ഡിലെ അംഗമാണെന്ന് ഉറപ്പുവരുത്തണം. 25000 ബൂത്തുകളിലും അങ്കന്‍വാടി ജീവനക്കാരേയോ ആശാവര്‍ക്കര്‍മാരെയോ ചുമതലപ്പെടുത്തണം. ഇതിനായി പത്തുകോടിയോളം രൂപ ചെലവുവരും. വാര്‍ഡ് വിഭജനമാണ് കമ്മിഷന്റെ മുന്നിലുള്ള മറ്റൊരു വെല്ലുവിളി. നിയമസഭ പാസാക്കിയ വാര്‍ഡ് വിഭജന ബിൽ ഗവര്‍ണര്‍ ഒപ്പിടണം. പിന്നെ വാര്‍ഡ് വിഭജന നടപടിക്കായി സര്‍ക്കാര്‍ പ്രത്യേക സെക്രട്ടറിയെ നിയമിക്കും. തുടര്‍ന്ന് ഒാരോ ജില്ലയിലും വിഭജനശേഷമുള്ള വാര്‍ഡുകളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കും.

ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഒാരോ ജില്ലയിലും പോയി ഇതിന്‍മേലുള്ള ആക്ഷേപങ്ങള്‍ കേട്ടു പരിഹരിച്ച ശേഷമേ അന്തിമ വാര്‍ഡ് പട്ടിക പ്രസിദ്ധീകരിക്കൂ. കുറഞ്ഞത് അഞ്ചുമാസമെങ്കിലും ഇതിനെടുക്കും. ബൂത്ത് അടിസ്ഥാനത്തിലുള്ള 2019 പട്ടിക ഇപ്പോള്‍ വാര്‍ഡ് തലത്തിലാക്കിയാലും ‍വിഭജനം കഴിഞ്ഞ് വീണ്ടും തിരുത്തേണ്ടി വരും. അതേസമയം വാര്‍ഡ് തലത്തിലുള്ള 2015 പട്ടിക അടിസ്ഥാനമാക്കിയാല്‍ വിഭജനത്തിന് ശേഷം തിരുത്തല്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കമ്മിഷന്റെ കണക്കുകൂട്ടല്‍. പേരുചേര്‍ക്കാനുള്ള ആദ്യഘട്ട നടപടികള്‍ തീരാന്‍ 24 മണിക്കൂര്‍ മാത്രമുള്ളപ്പോഴാണ് ഹൈക്കോടതി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്.

Content Highlights: Local body elections voters list, High Court, Election Commmision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com