വെടിയുണ്ട കാണാതായ കേസില്‍ മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും പ്രതി

kerala-police-cartridge1
SHARE

തിരുവനന്തപുരം ∙ സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽനിന്ന് ആയുധങ്ങളും കാട്രിഡ്ജുകളും കാണാതായ സംഭവത്തിൽ മൂന്നാം പ്രതി സനിൽകുമാർ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ. എകെ 47ന്റെ 407 കാലി കെയ്സിന്റെ വിവരങ്ങളും ഇൻസാസ് 390 കാലി കെയ്സിന്റെ വിവരങ്ങളും റജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് സനിൽകുമാറിനെതിരെയുള്ള കുറ്റമായി പേരൂർക്കട പൊലീസ് കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.  കേസിൽ ഉന്നത ഇടപെടലിനെത്തുടർന്ന് അന്വേഷണം ഇഴയുകയാണ്. കുറ്റക്കാരനാണെന്നു കണ്ടെത്തുന്നതുവരെ സനിൽകുമാർ ഗൺമാനായി തുടരുമെന്നാണ് മന്ത്രിയുടെ നിലപാട്. എകെ 47 രാജ്യത്ത് പ്രധാനമായും ഉപയോഗിക്കുന്നത് ഇന്ത്യൻ കരസേനയാണ്. ഒരു മാഗസീനിൽ 30 വെടിയുണ്ടയുണ്ടാകും. 150 റൗണ്ടുവരെ തുടർച്ചയായി വെടിയുതിർക്കാം. ഇൻസാസിൽ ഉപയോഗിക്കുന്ന മാഗസീനിൽ 20 വെടിയുണ്ടയുണ്ടാകും. തുടർച്ചയായി 90 റൗണ്ടുവരെ വെടിയുതിർക്കാനാകും.

സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയൻ കമൻഡാൻറിന്റെ പരാതിയിൽ പേരൂർക്കട പൊലീസ് 2019 ഏപ്രിൽ മൂന്നിനാണ് ഐപിസി 403,409, 420,424,468,471 വകുപ്പുകൾ പ്രകാരം കേസ് എടുത്തത്. 1996 മുതൽ 2018വരെയുള്ള കാലയളവിലാണ് ആയുധങ്ങളും കാർട്രിഡ്ജുകളും കാണാതായതെന്ന് കമൻഡാൻറിന്റെ പരാതിയിൽ പറയുന്നു. ഹവിൽദാർമാരായ ഗോപകുമാർ, അശോക് കുമാർ, സനിൽ കുമാർ, സതീഷ് കുമാർ, അനീഷ്, ലിയിഷൻ, ബെൽരാജ്, വിനോദ്, റജി ബാലചന്ദ്രൻ, സുധീഷ് കുമാർ, സുരേഷ് കുമാർ എന്നിവരായിരുന്നു പ്രതിസ്ഥാനത്ത്.  സൂക്ഷിക്കാനേൽപ്പിച്ച തോക്കുകൾ ഇവർ നഷ്ടപ്പെടുത്തിയെന്നും  റജിസ്റ്ററിൽ വ്യാജമായി വിവരങ്ങൾ രേഖപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. മേലധികാരികളെ തെറ്റിദ്ധരിപ്പിച്ച ഇവർ സർക്കാരിനു നഷ്ടമുണ്ടാക്കിയെന്നു എഫ്ഐആറിൽ പറയുന്നുണ്ടെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടാകാത്തത് ഉന്നതരുടെ പങ്കു വെളിപ്പെടുത്തുന്നു. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിഎജി റിപ്പോർട്ടിനെത്തുടർന്ന് സംഭവം വിവാദമായപ്പോൾ ക്രൈംബ്രാഞ്ച് പുതിയ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഒന്നാം പ്രതി ഗോപകുമാർ: എകെ 47 തോക്കിന്റെ സ്റ്റോക്ക് റജിസ്റ്ററിൽ 600 കാട്രിഡ്ജുകൾ എന്ന് തെറ്റായി രേഖപ്പെടുത്തി. 2011ൽ എസ്എൽആറിന്റെ 2540 കാട്രിഡ്ജുകൾ ഇ കമ്പനിക്ക് നൽകിയിട്ട് 1600 എന്ന് തെറ്റായി രേഖപ്പെടുത്തി. 940 എണ്ണത്തിന്റെ കുറവ് വന്നു. 2012 ഫെബ്രുവരി 14ന് 2200 എസ്എൽആർ എഫ് കമ്പനിക്ക് നൽകിയതായി രേഖപ്പെടുത്തിയെങ്കിലും നൽകിയില്ല. ഡി കമ്പനിക്ക് 4220 എസ്എൽആർ കാട്രിഡ്ജുകൾ നൽകിയതായി റജിസ്റ്ററിൽ രേഖപ്പെടുത്തിയെങ്കിലും ഇതിൽ 20 എണ്ണം നൽകിയില്ല. 1250 ഇൻസാസ് കാട്രിഡ്ജുകളും 25 ഇൻസാസ് റൈഫിളുകളും തിരുവനന്തപുരം എആർ ക്യാംപിലേക്കു നൽകിയെങ്കിലും ബറ്റാലിയൻ ക്യുഎം സ്റ്റോർ റജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല. മലപ്പുറം കമാൻഡോ വിങിന് 9എംഎം കാട്രിഡ്ജുകൾ നൽകേണ്ടതിനു പകരം 350 ഡ്രിൽ കാട്രിഡ്ജുകൾ നൽകി.

രണ്ടാം പ്രതി അശോക് കുമാർ: 800 എസ്എൽഐആർ കാർട്രിഡ്ജുകൾ സ്റ്റോറിലേക്കു നൽകിയതായി കാണിച്ചെങ്കിലും നൽകിയില്ല. എ കമ്പനി പേഴ്സണൽ ഫയറിങ് പ്രാക്ടീസിനു നൽകിയ കാട്രിഡ്ജുകളുടെ 31കാലി കേയ്സ് ശേഖരിച്ചില്ല.

മൂന്നാം പ്രതി സനിൽകുമാർ: 600 എസ്എൽആർ ബറ്റാലിയൻ സ്റ്റോറിലേക്കു നൽകിയതായി റജിസ്റ്ററിൽ രേഖപ്പെടുത്തിയെങ്കിലും രസീതു വാങ്ങിയില്ല. 4830 എണ്ണം നൽകിയിട്ട് 5231 എന്നു തെറ്റായി റജിസ്റ്ററിൽ രേഖപ്പെടുത്തി. ട്രെയിനികളുടെ ഫയറിങ് പ്രാക്ടീസിനു ഫയർ ചെയ്ത എകെ 47ന്റെ 407 കാലി കെയ്സിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല. ഇൻസാസ് 390 കാലി കെയ്സിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല.

നാലാം പ്രതി സതീഷ് കുമാർ: ട്രെയിനികളുടെ  ഫയറിങ് പ്രാക്ടീസിന് നൽകിയ 3624 എസ്എൽആർ കാലി കേയ്സിനെപ്പറ്റി രേഖപ്പെടുത്തിയില്ല. 

അഞ്ചാം പ്രതി അനീഷ്: എകെ 47ന്റെ 213 ലൈവ് കാട്രിഡ്ജ് സ്റ്റോക്കിൽ പിശകു വരുത്തി. 

ആറാം പ്രതി ലിയിഷൻ: എകെ 47ന്റെ 375 ലൈവ് കാട്രിഡ്ജ് നൽകിയതായി രേഖപ്പെടുത്തിയെങ്കിലും 317 എണ്ണം മാത്രമാണ് നൽകിയത്. 60 എണ്ണം നഷ്ടപ്പെടുത്തി. 

ഏഴാം പ്രതി ബെൽരാജ്: കമാൻഡോ വിങിന്റെ ഫയറിങ് പ്രാക്ടീസിനു നൽകിയ 400 ലൈവ് കാട്രിഡ്ജുകളുടേയും ക്യുക്ക് റെസ്പോൺസ് ടീമിനു നൽകിയ10 കാട്രിഡ്ജുകളുടെയും കാലി കേയ്സുകൾ തിരികെ നൽകിയില്ല. 

എട്ടാം പ്രതി വിനോദ്: കമാൻഡോ ഫയറിങ് പ്രാക്ടീസിനു നൽകിയ എകെ 47ന്റെ 1200 കാട്രിഡ്ജുകളിൽ 10 കാലി കേയ്സ് തിരികെ നൽകിയില്ല. 

ഒൻപതാം പ്രതി റെജി ബാലചന്ദ്രൻ: കാണാതായ 350 ഡ്രിൽ കാർട്രിഡ്ജിനു പകരം എസ്എപിയിൽ സ്റ്റോക്കിൽ ഇല്ലാത്ത 350 ഡമ്മി കാർട്രിഡ്ജ് പകരം കാണിച്ചു. 

പത്താം പ്രതി സുധീഷ് കുമാർ: റജിസ്റ്ററുകളിൽ കൃത്രിമം കാണിച്ച് എകെ 47ൻറെ 160 ലൈവ് കാട്രിഡ്ജുകൾ നഷ്ടപ്പെടുത്തി.  

പതിനൊന്നാം പ്രതി സുരേഷ് കുമാർ: ഇൻസാസിന്റെ 1000 കാലി കേയ്സ് നൽ‍കേണ്ടതിനു പകരം 314 എണ്ണം നൽകി.

English Summary: Cartridge missing followup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA