ADVERTISEMENT

കോഴിക്കോട് ∙ സിഎജി റിപ്പോർട്ടിൽ സംസ്ഥാന പൊലീസ് മേധാവിക്കെതിരെയുള്ള പരാമർശങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷണം നടത്തിയാൽ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിശ്ചയിക്കുന്ന ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. ഡിജിപി ലോക്നാഥ് ബെഹ്റയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം അറിയുന്നതു കൊണ്ടാണു കേന്ദ്ര ഏജൻസി അന്വേഷണത്തിൽ വിശ്വാസമില്ലാത്തത്.‌

മാവോയിസ്റ്റ് സാഹിത്യം കൈവശം വച്ചതിന്റെ പേരിൽ രണ്ടു ചെറുപ്പക്കാർക്കെതിരെ യുഎപിഎ ചുമത്തിയ സർക്കാർ, തോക്കും വെടിയുണ്ടയും നഷ്ടപ്പെട്ട സംഭവത്തിൽ ഡിജിപിക്കെതിരെ യുഎപിഎ ചുമത്തണം. ബെഹ്റയുടെ നിയമനത്തിനു മോദി പ്രത്യേക താൽപര്യമെടുത്തതും ബെഹ്റയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതും ചേർത്തു വായിക്കണം. മോദിയുമായുള്ള അന്തർധാര എന്താണെന്നു വെളിപ്പെടുത്താൻ പിണറായി തയാറാവണം. മോദിയെ പ്രീതിപ്പെടുത്താനാണു പിണറായി ഡിജിപിയെ ന്യായീകരിക്കുന്നത്.

മുഖ്യമന്ത്രിയും ഡിജിപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത്ര ഗുരുതരമായ ആരോപണമുയർന്നിട്ടും ലാഘവത്തോടെ കാണുന്നത് മുഖ്യമന്ത്രിക്ക് ഒരുപാടു കാര്യങ്ങൾ ഒളിക്കാനുള്ളതു കൊണ്ടാണ്. ആഭ്യന്തരവകുപ്പ് ഭരിക്കുന്നതു മുഖ്യമന്ത്രിയാണോ ഡിജിപിയാണോ എന്നു വ്യക്തമാക്കണം. ഡിജിപി പറയുന്നതു കേട്ടു തുള്ളുന്ന കുഞ്ഞിരാമനായി മുഖ്യമന്ത്രി മാറിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

English summary: Mullappally Ramachandran slams Loknath Behera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com