ADVERTISEMENT

കൊച്ചി∙ ട്രെയിനിൽ യാത്രക്കാർക്കു നേരെ അതിക്രമം കാണിച്ചതിന് അറസ്റ്റിലായ ട്രാൻസ്ജെൻഡേഴ്സിനെതിരായ കേസിൽ 24 മണിക്കൂറിനുള്ളിൽ വാദം കേട്ട് കോടതി ശിക്ഷ വിധിച്ചു. അഞ്ചു ദിവസത്തെ തടവിനും 10100 രൂപ വീതം പിഴയും ഈടാക്കാനാണ് എറണാകുളം റെയിൽവേ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. പിഴ അടയ്ക്കാത്ത പക്ഷം എല്ലാവരും മൂന്നു മാസവും 20 ദിവസവും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതര സംസ്ഥാനക്കാരായ ഏഴു പേരാണ് കഴിഞ്ഞ രാത്രിയിൽ പിടിയിലായത്.

അതേ സമയം ആരും പിഴയടയ്ക്കാൻ തയാറാകാതിരുന്ന സാഹചര്യത്തിൽ ഇവരെ വിയ്യൂർ സെൻട്രൽ ജയിലേയ്ക്ക് അയച്ചു. ഒറ്റ ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് ശിക്ഷ വിധിക്കുന്നത് അപൂർവ സംഭവമാണെന്ന പ്രത്യേകതയുമുണ്ട്. റെയിൽവേസ് ആക്ട് 1989 പ്രൊവിഷൻസ് പ്രകാരമാണ് കേസ് ചാർജ് ചെയ്തത്.

എറണാകുളം മുതൽ തൃശൂർ വരെയുള്ള ട്രെയിനിൽ രാത്രികളിൽ സ്ഥിരം ശല്യക്കാരായ ട്രാൻസ്ജെൻഡേഴ്സിനെതിരെ പരാതി ഉയർന്നു തുടങ്ങിയിട്ട് ആഴ്ചകളായി. കേരളത്തിൽ തൊഴിൽ തേടി എത്തിയിട്ടുള്ള ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ് ഇവരുടെ ഇരകൾ. മലയാളികളെ കാര്യമായി ശല്യപ്പെടുത്താറില്ലാത്ത ഇവർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയിട്ടുള്ളവരെ ക്രൂരമായി മർദിച്ചും അസഭ്യവാക്കുകൾ പറഞ്ഞും പണം പിരിക്കുന്നതായിരുന്നു പതിവ്. റിസർവേഷൻ എടുത്ത് യാത്ര ചെയ്യുന്നവരുടെ ബെർത്ത് കയ്യേറിയിരുന്നതായും പരാതിയുണ്ട്. ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെയായിരുന്നു ഇവരുടെ യാത്ര.

കഴി‍ഞ്ഞ ദിവസം ഇവരുടെ ആക്രമണം ശക്തമായതോടെ ഇതര സംസ്ഥാന തൊഴിലാളികൾ തന്നെയാണ് പരാതിയുമായി റെയിൽവേ പൊലീസിനെ സമീപിച്ചത്. ഇവർ ട്രെയിനിൽ സൂചി ഉപയോഗിച്ച് ആളുകളെ കുത്തുന്നതിന്റെ വിഡിയോ തെളിവു സഹിതമാണ് പരാതി നൽകിയത്. എച്ച്ഐവി, കൊറോണ തുടങ്ങിയ പകർച്ച വ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സൂചി ഉപയോഗിച്ചു കുത്തുന്നതു രോഗങ്ങൾ പടരാൻ സാധ്യത വർധിപ്പിക്കും.

ട്രാൻസ് തിരിച്ചറിയൽ കാർഡുകളൊ കൃത്യമായ മേൽവിലാസമൊ ഇല്ലാതെയാണ് ഇവിടെ തങ്ങിയിരുന്നത് എന്നതിനാൽ ജാമ്യത്തിൽ വിട്ടാൽ തുടർനടപടികൾക്ക് കോടതിയിൽ ഹാജരാക്കുക പ്രയാസമാകും. ഇതു ചൂണ്ടിക്കാണിച്ചപ്പോൾ കോടതി കേസ് പിന്നത്തേയ്ക്കു വയ്ക്കാതെ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കുകയായിരുന്നു. 

വെസ്റ്റ് ബംഗാൾ സ്വദേശികളായ ബബ്‍ലി(23), ചുങ്കി(25), ആസാം സ്വദേശികളായ പ്രിയങ്ക(28), സജ്ന(25), ബർശ്രിനിന(39), കജോൾ(20), സ്വപ്ന(20) എന്നിവർക്കെതിരെയാണ് നടപടി. അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്.ഗോപകുമാറിന്റെ നിർദേശത്തെ തുടർന്ന് ഇൻസ്പെക്ടർ എ.കെ.പ്രിൻസ്, സബ് ഇൻസ്പെക്ടർമാരായ ജെ.വർഗീസ്, പി.വി.രാജു, ഹെഡ് കോൺസ്റ്റബിൾ ജോളി സി. വിൻസെന്റ്, കോൺസ്റ്റബിൾ ശരണ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ട്രെയിനുകളിൽ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ആർപിഎഫിനെ അറിയിക്കണമെന്നും റെയിൽവേ ഹെൽപ് ലൈൻ നമ്പർ 182 ൽ 24 മണിക്കൂർ സേവനം ലഭ്യമാണെന്നും എറണാകുളം ആർപിഎഫ് അസി.കമ്മിഷണർ അറിയിച്ചു.

English summary: Verdict against Transgender for harassing train passengers in Kochi

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com