ADVERTISEMENT

കൊച്ചി∙ ബജറ്റിൽ കാര്യമായ റെയിൽവേ വിഹിതമൊന്നും കിട്ടാത്ത കേരളത്തിന്റെ മുറിവിൽ ഉപ്പു തേച്ചു റെയിൽവേയുടെ പരസ്യം. കേരളത്തിനു വാരിക്കോരി നൽകിയെന്ന മട്ടിലുളള സമൂഹമാധ്യമങ്ങളിലെ പരസ്യം താരതമ്യം ചെയ്യുന്നതു 2009 മുതൽ 2014 വരെ കേരളത്തിനു ലഭിച്ച റെയിൽവേ വിഹിതത്തിന്റെ ശരാശരിയും ഇത്തവണത്തെ വിഹിതവും തമ്മിലാണ്. പഴയ ശരാശരി 372 കോടി രൂപയാണെങ്കിൽ‌‍ ഇത്തവണത്തെ വിഹിതം 688 കോടി രൂപയാണ്. പരസ്യ പ്രകാരം 85 ശതമാനമാണു കേരളത്തിനുളള റെയിൽവേ വിഹിതത്തിലെ വർധന. എന്നാൽ പരസ്യം 2015 മുതൽ 2019 വരെയുളള കാലഘട്ടത്തിൽ കേരളത്തിനു ലഭിച്ച വിഹിതത്തെ കുറിച്ചു മിണ്ടുന്നില്ല. അതുമായി തട്ടിച്ചു നോക്കിയാൽ ഏറ്റവും കുറവു വിഹിതം ലഭിച്ചതു ഈ വർഷമാണ്.

2015–16ൽ 1098 കോടി, 2016–17ൽ 1041 കോടി, 2017–18ൽ 1206 കോടി, 2018–19ൽ 923 കോടി, 2019–20ൽ 957 കോടി എന്നിങ്ങനെ ലഭിച്ച സ്ഥാനത്താണു ഇത്തവണ 688 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതമാണു റെയിൽവേ സമൂഹ മാധ്യമങ്ങളിൽ സംസ്ഥാനങ്ങൾക്കു നൽകിയ വിഹിതം കൊട്ടിഘോഷിക്കുന്നത്. എന്നാൽ 1000 കോടി രൂപ വകയിരുത്തിയ വർഷങ്ങളിൽ ആ തുക പൂർണ്ണമായും കേരളത്തിൽ ചെലവഴിച്ചിട്ടില്ലെന്നതാണു യാഥാർഥ്യം.

എസ്റ്റിമേറ്റിന് അംഗീകാരമില്ലാത്ത ശബരി റെയിൽവേ, ആലപ്പുഴ വഴിയുളള പാത ഇരട്ടിപ്പിക്കൽ തുടങ്ങിയ പദ്ധതികൾക്കെല്ലാം കൂടി 500 കോടി രൂപയോളം മാറ്റി വച്ചിരിക്കുകയാണ്. എസ്റ്റിമേറ്റിന് അംഗീകാരമില്ലാത്തതിനാൽ പണം ചെലവാക്കാൻ കഴിയാത്തതിനാൽ സാമ്പത്തിക വർഷത്തിന്റെ അവസാനം ആ പണം തമിഴ്നാട്ടിലെ പദ്ധതികൾക്കു വകമാറ്റുകയുമാണു റെയിൽവേ എല്ലാ വർഷവും ചെയ്തിരുന്നത്. ഇത്തവണ ലഭിച്ച 688 കോടി രൂപയിൽ 560 കോടി രൂപ മാത്രമേ ചെലവാക്കാൻ കഴിയൂ.

തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനുളള 128 കോടി രൂപ ഭൂമിയേറ്റെടുത്താൽ മാത്രം ചെലവാക്കാൻ കഴിയുന്ന പ്ലാൻ ഹെഡിലാണ്. തിരുവനന്തപുരം മുതൽ നേമം വരെ 14 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയാറാണെങ്കിലും അതിനു വേണ്ട 207 കോടി രൂപ റെയിൽവേ നൽകിയിട്ടില്ല. ഇത്തവണത്തെ റെയിൽവേ വിഹിതത്തിൽ ഏറ്റവും അധികം തഴയപ്പെട്ട സംസ്ഥാനവും കേരളമാണെന്നു കണക്കുകൾ തെളിയിക്കുന്നു.

സംസ്ഥാനങ്ങൾക്കു ലഭിച്ച വിഹിതം

∙മഹാരാഷ്ട്ര– 6700 കോടി
∙ആന്ധ്ര പ്രദേശ്– 4910 കോടി
∙കർണാടക– 3024 കോടി
∙തമിഴ്നാട്– 2816 കോടി
∙തെലങ്കാന– 2602 കോടി
∙കേരളം– 688 കോടി

English Summary: Fake propaganda by Railway Ministry on fund allocation, Railway fund for Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com