ADVERTISEMENT

ന്യൂഡൽഹി ∙ ഗാർഗി കോളജ് ലൈംഗിക അതിക്രമക്കേസിൽ അറസ്റ്റിലായ 10 പേർക്കും ജാമ്യം. അതിക്രമിച്ചു കയറിയതിനു മാത്രമാണു തെളിവുള്ളതെന്നും ലൈംഗികാതിക്രമം നടത്തിയതിനു തെളിവില്ലെന്നും പൊലീസ് അറിയിച്ചതിനു പിന്നാലെയാണു പ്രതികൾക്കു സാകേത് കോടതി ജാമ്യം നൽകിയത്. 18 മുതൽ 25 വയസുവരെയുള്ളവരെയാണു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ കസ്റ്റിഡിയിൽ വിട്ടിരുന്നു. കോളജിനു സമീപത്തെ 23 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതികളെ കണ്ടെത്തിയത്.

കോളജിലെ പെൺകുട്ടികൾക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസുമാരായ ജി.എസ്.സസ്താനി, സി.ഹരിശങ്കർ എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ സമാന ഹർജി സുപ്രീം കോടതിയിൽ നൽകിയിരുന്നെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. കോളജിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും അഭിഭാഷകനായ എം.എൽ.ശർമ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാർഗി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി സർവകലാശാലയിലെ വിവിധ കോളജുകളിലെ വാർഷികാഘോഷങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തി. പുറത്തു നിന്നുള്ളവർക്കു പ്രവേശിക്കുന്നതിനു നിയന്ത്രണമുണ്ട്. ഗാർഗി വനിതാ കോളജിൽ ആറിനു നടന്ന വാർഷിക ആഘോഷങ്ങൾക്കിടെയാണ് ഒരുസംഘമാളുകൾ അതിക്രമിച്ചു കടന്നു വിദ്യാർഥികളെ ആക്രമിച്ചത്. തൊട്ടടുത്ത ദിവസം പരാതിയുമായി കോളജ് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. ചിലർ സമൂഹമാധ്യമങ്ങളിൽ ദുരനുഭവം പങ്കുവച്ചതോടെയാണു വിഷയം വിവാദമായത്.

English Summary: Gargi College molestation case; All accused gets bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com