ADVERTISEMENT

കൊച്ചി∙ ഹരിപ്പാട് – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രണ്ടാം പാതയുടെ അന്തിമ പരിശോധനയും പരീക്ഷണ ഓട്ടവും റെയിൽവേ മുഖ്യ സുരക്ഷാ കമ്മിഷണർ കെ.എ.മനോഹരന്റെ നേതൃത്വത്തിൽ 26ന് നടക്കും. രണ്ടാം പാത (18 കി.മീ) മാർച്ച് രണ്ടാം വാരം കമ്മിഷൻ ചെയ്യാൻ കഴിയുമെന്നാണു റെയിൽവേ നിർമാണ വിഭാഗത്തിന്റെ പ്രതീക്ഷ.

രണ്ടാം പാതയുടെ സുരക്ഷ പരിശോധന ഇപ്പോൾ നടക്കുമെങ്കിലും ഇരട്ടപ്പാത ഗതാഗതത്തിനു തുറക്കാൻ സെപ്റ്റംബറാകും. അടിപ്പാതകളുടെ നിർമാണത്തിനായി നിലവിലുളള പാതയിലൂടെയുളള ഗതാഗതം ആറ് മാസം നിർത്തി വയ്ക്കേണ്ടി വരും. അതുവരെ പുതിയ പാതയിലൂടെയാകും ഇരുദിശയിലേക്കും ട്രെയിനുകൾ സർവീസ് നടത്തുക.

സെപ്റ്റംബറിൽ ഇരട്ടപ്പാത വരുന്നതോടെ ആലപ്പുഴ വഴിയുളള ട്രെയിൻ ഗതാഗതം ഏറെ മെച്ചപ്പെടും. ഇരട്ടപ്പാതയുടെ പൂർണമായ പ്രയോജനം ലഭിക്കണമെങ്കിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെ ബാക്കിയുളള ഒറ്റവരി പാതയും ഇരട്ടപ്പാതയാകണം. എന്നാൽ പദ്ധതിക്ക് ഇതുവരെ റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. പദ്ധതി റെയിൽവേ ബോർഡ് തന്നെ നടപ്പാക്കണമെന്നു സംസ്ഥാനവും സംസ്ഥാനം പകുതി ചെലവു വഹിക്കണമെന്നും റെയിൽവേയും ആവശ്യപ്പെട്ടു വരികയാണ്.

പദ്ധതി റെയിൽവേ തന്നെ നടപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണ്. ഇതിനു ശേഷം അനുമതി ലഭിച്ച കന്യാകുമാരി–തിരുവനന്തപുരം പാത ഇരട്ടിപ്പിക്കൽ റെയിൽവേ സ്വന്തം നിലയ്ക്കാണു ചെയ്യുന്നതെന്നിരിക്കെ കേരളത്തോടു മാത്രം പകുതി പണം ചെലവാക്കണമെന്നു പറയുന്നതിലെ യുക്തിയാണു ചോദ്യം ചെയ്യപ്പെടുന്നത്.

പകുതി വിഹിതത്തോടൊപ്പം ഭൂമി സൗജന്യമായി ഏറ്റെടുത്തു നൽകണമെന്ന നിബന്ധനയും റെയിൽവേ മുന്നോട്ടു വച്ചിട്ടുണ്ട്. ജില്ലയിൽ നിന്നു രണ്ടു മന്ത്രിമാരുണ്ടായിട്ടും പാത ഇരട്ടിപ്പിക്കൽ പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ മുൻകയ്യെടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. ഡിസംബറിൽ റെയിൽവേ മരവിപ്പിച്ച പദ്ധതികളുടെ കൂട്ടത്തിലാണു അമ്പലപ്പുഴ–തുറവൂർ, തുറവൂർ–കുമ്പളം, കുമ്പളം–എറണാകുളം പാത ഇരട്ടിപ്പിക്കൽ ഉളളത്.

ബജറ്റിൽ 1000 രൂപ വീതമാണു ഈ മൂന്നു റീച്ചുകൾക്കും നീക്കിവച്ചിരിക്കുന്നത്. പദ്ധതി റെയിൽവേയ്ക്കു ഏറെ പ്രധാനപ്പെട്ടതായതിനാൽ റെയിൽവേ സ്വന്തം ചെലവിൽ ഏറ്റെടുക്കുന്നതു പരിഗണിക്കണമെന്നു കാണിച്ചു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് റെയിൽവേ ബോർഡ് ചെയർമാനു കത്തു നൽകിയിട്ടുണ്ട്. ഇതിൽ അനുകൂല നടപടിയുണ്ടാകാൻ സംസ്ഥാന സർക്കാരും റെയിൽവേയിൽ സമർദം ശക്തമാക്കേണ്ടതുണ്ട്.

English Summary: Harippad- Ambalappuzha Railway line Doubling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com