കേരളത്തില്‍ ബിജെപിയുടെ നായകനായി കെ.സുരേന്ദ്രന്‍; ഡൽഹിയിൽ പ്രഖ്യാപനം

K Surendran
കെ.സുരേന്ദ്രൻ
SHARE

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണു ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. പാർട്ടിയെ ശക്തമായി മുന്നോട്ടു നയിക്കുമെന്നും അവസരം ഫലപ്രദമായി വിനിയോഗിക്കുമെന്നും ഏൽപ്പിച്ച ദൗത്യം കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുമെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു. പി.എസ്.ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ച ശേഷം മാസങ്ങളായി ഒഴിഞ്ഞുകിടന്ന അധ്യക്ഷ പദവിയിലേക്കാണു സുരേന്ദ്രന്‍ എത്തുന്നത്.

കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ്. 1970 മാർച്ച് 10ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി ജനനം. ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ സുരേന്ദ്രൻ എബിവിപിയിലൂടെയാണു രാഷ്ട്രീയ പ്രവേശം നടത്തിയത്. യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടു. കോവളം കൊട്ടാരം, കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ്, ടോട്ടൽ ഫോർ യു, മലബാർ സിമന്റ്സ്, സോളർ തുടങ്ങിയ അഴിമതികൾക്കെതിരെ സമരം നയിച്ചു.

യുവമോർച്ചയിൽനിന്നു ബിജെപിയിലെത്തിയ അദ്ദേഹം ലോക്സഭയിലേക്കു കാസർകോട് മണ്ഡലത്തിൽനിന്ന് രണ്ടു തവണയും നിയമസഭയിലേക്കു മഞ്ചേശ്വരത്തുനിന്നു രണ്ടു തവണയും മത്സരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണു പരാജയപ്പെട്ടത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിച്ചു മൂന്നു ലക്ഷത്തോളം വോട്ട് സ്വന്തമാക്കി. കോന്നിയിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചു. ഭാര്യ: ഷീബ, മകൻ ഹരികൃഷ്ണൻ ബിടെക് ബിരുദധാരിയാണ്. മകൾ ഗായത്രി പ്ലസ്ടുവിന് പഠിക്കുന്നു.

English Summary: K Surendran appointed as Kerala BJP State President

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA