കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ലയനത്തിനില്ലെന്ന് ജേക്കബ് വിഭാഗം

Anoop-Jacob
അനൂപ് ജേക്കബ്
SHARE

കോട്ടയം ∙കേരള കോൺഗ്രസ് ജേക്കബിൽ ലയനവും പിളർപ്പും ഉണ്ടാകില്ലെന്നു പാർട്ടി ലീഡർ അനൂപ് ജേക്കബ്. കൊച്ചിയിൽ നടന്ന ജില്ലാ നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പാർട്ടിയിൽ പിളർപ്പ് എന്ന നിലയിലുള്ള വ്യാഖ്യാനം തെറ്റാണെന്നും ഒരേ മനസോടെ കേരള കോൺഗ്രസ് ജേക്കബ്  മുന്നോട്ടു പോകുമെന്നും അനൂപ് പറഞ്ഞു. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികമായും മുന്നോട്ടു വരുന്നതാണ്. കഴിഞ്ഞ 7ന് കോട്ടയത്തു കൂടിയ ഭാരവാഹികളുടെ യോഗത്തിൽ ഈ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തിരുന്നു.  11 ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. ലയനം എന്ന ആശയം അന്നേ തള്ളിയതാണ്. 

ജോസഫ് ഗ്രൂപ്പുമായി ലയിക്കണമെന്ന ആവശ്യം ഒരു തലത്തിലും ചർച്ച ചെയ്തിട്ടില്ലെന്നും പി.ജെ. ജോസഫോ അദ്ദേഹത്തിന്റെ ഗ്രൂപ്പോ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടു വച്ചിട്ടില്ലെന്നും അനൂപ് പറഞ്ഞു. കോട്ടയത്തു നടന്ന നേതൃയോഗത്തിലും ജില്ലാ കമ്മറ്റിയിലും പങ്കെടുക്കുന്നതിനു ജോണി നെല്ലൂരിനെ ക്ഷണിച്ചിരുന്നു. എന്നാൽ പങ്കെടുത്തില്ല. അദ്ദേഹം എന്തുകൊണ്ടാണ് മാറിനിൽക്കുന്നത് എന്നറിയില്ല. പരസ്പരം അച്ചടക്ക നടപടിയെടുക്കാനും പുറത്താക്കാനും ഇതു വെള്ളരിക്കാപ്പട്ടണമല്ല. അച്ചടക്ക നടപടി വ്യക്തികൾക്ക് എടുക്കാൻ കഴിയുന്ന ഒന്നല്ല. ഇതിനുള്ള കൃത്യമായ നടപടിക്രമങ്ങൾ ഭരണഘടനയിൽ പറയുന്നുണ്ട്. അച്ചടക്ക സമിതി രൂപീകരിച്ചു മാത്രമേ നടപടി എടുക്കാൻ സാധിക്കൂ. അച്ചടക്ക നടപടിയെപ്പറ്റി ജോണി നെല്ലൂർ പറഞ്ഞത് എന്താണെന്ന് അറിയില്ല.

കോട്ടയത്തു കൂടിയ കമ്മിറ്റി പാർട്ടി നിയമാനുസൃതം ഭരണഘടനാനുസൃതമായി വിളിച്ചു ചേർത്തതാണ്. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഐക്യ കേരള കോൺഗ്രസ് എന്ന ആശയം മുൻപേ പാർട്ടി മുന്നോട്ടു വച്ചതാണ്. ഇതു കാലഘട്ടത്തിന്റെ ആവശ്യവുമാണ്. എല്ലാ കേരള കോൺഗ്രസും ഒരുമിക്കുന്ന ഒരു സാഹചര്യമുണ്ടായാൽ അന്ന് ജേക്കബ് ഗ്രൂപ്പ് അതിന്റെ ഭാഗമായിരിക്കും. ടി.എം. ജേക്കബ് ജീവിച്ചിരുന്ന കാലത്തും പാർട്ടിയുടെ ഈ നയം പറഞ്ഞിട്ടുള്ളതാണ്. അതിൽ നിന്നു വ്യതിചലിച്ചിട്ടില്ല. ലയനമല്ല, ഐക്യമാണ് വേണ്ടത്. ലയനം സംബന്ധിച്ച് ഔദ്യോഗികമായി ഒരു ചർച്ചയും അടുത്തിടെ നടന്നിട്ടില്ല. ലയനം വേണ്ട എന്നതു ഏകകണ്ഠമായെടുത്ത തീരുമാനമാണ്.  

21ന് സംസ്ഥാന നേതൃയോഗം ചേരുമെന്നും തുടർന്ന് 22ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ജില്ലാ സമ്മേളനം ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും അനൂപ് പറഞ്ഞു.

രാജു പാണാലിക്കനിനു ജില്ലാ പ്രസിഡന്റിന്റെ താൽക്കാലിക ചുമതല

കൊച്ചി∙ കേരളാ കോൺഗ്രസ് (ജേക്കബ്) പാർട്ടി സംസ്ഥാനതലത്തിൽ മറ്റേതെങ്കിലും സംഘടനയിൽ ലയിക്കേണ്ടതില്ലെന്നു ജില്ലാ കമ്മിറ്റി. കൊച്ചിയിൽ ചേർന്ന നേതാക്കളുടെ യോഗത്തിലാണു തീരുമാനമുണ്ടായത്. ലീഡർ അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ പാർട്ടി വ്യക്തിത്വം ഉറപ്പിച്ചു മുന്നോട്ടു നീങ്ങണമെന്നാണു ജില്ലാകമ്മിറ്റിയുടെ ഏകകണ്ഠമായ അഭിപ്രായമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. 

നേതാക്കളിൽ പലരെയും തെറ്റിദ്ധരിപ്പിച്ചാണു കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ് വിൻസന്റ് ജോസഫ് യോഗം വിളിച്ചതെന്നും അവരിൽ പലരും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തുവെന്നും അനൂപ് വിഭാഗം നേതാക്കൾ അറിയിച്ചു. ജില്ലയിലെ ഭൂരിപക്ഷം ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും ലീഡർ അനൂപ് ജേക്കബിനു പിന്തുണ നൽകുന്നതായും യോഗം അറിയിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി രാജു പാണാലിക്കനിനു ജില്ലാ പ്രസിഡന്റിന്റെ താൽകാലിക ചുമതല നൽകി.

ജില്ലാ വൈസ് പ്രസിഡന്റ് എം.ഒ.ജോർജ് അധ്യക്ഷത വഹിച്ചു. പാർട്ടി ലീഡർ അനൂപ് ജേക്കബ്,നേതാക്കളായ,കെ.ജി.പുരുഷോത്തമൻ, പ്രേംസൺ പോൾ മാഞ്ഞാമറ്റം, സുനിൽ ഇടപാലക്കാട്ട്, റെജി ജോർജ്, റോയി തിരുവാങ്കുളം, എം.എ. ഷാജി, ബീന ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. 


Content Highlight: Kerala Congress (M) Joseph, Kerala Congress Jacob

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA