ADVERTISEMENT

തിരുവനന്തപുരം ∙ സിംസ് പദ്ധതി നടപ്പിലാക്കുന്ന കമ്പനി ഗാലക്സോണിന്റെ യോഗ്യതയായി കെല്‍ട്രോണ്‍ കണ്ടെത്തിയ നേട്ടങ്ങള്‍ വ്യാജം. ഷാര്‍ജയിലും ദുബായിലും സമാന പദ്ധതി നടപ്പാക്കുന്നുവെന്നാണ് ഗാലക്സോണിന്റെ അവകാശവാദം. എന്നാൽ ഷാര്‍ജ, ദുബായ് പൊലീസുമായി സഹകരിക്കുന്നത് ദുബായിലെ വോസ്റ്റോക് കമ്പനിയാണ്. വോസ്റ്റോക്കുമായി ഗാലക്സോണിനുള്ളത് നേരിയ ബന്ധം മാത്രമാണ്. ഇതി‍ന്റെ തെളിവുകള്‍ മനോരമന്യൂസിന് ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ക്ക് ഏതാനും മാസം മുന്‍പാണ് ഗാലക്സോണ്‍ രൂപീകരിച്ചത്. ഇത് മറച്ചുവച്ചാണ് കെല്‍ട്രോണും പൊലീസും കമ്പനിയെ പരിഗണിച്ചത്.

ഗൂഢാലോചന: കടകംപള്ളി

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഢാലോചനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചീഫ് സെക്രട്ടറി പറഞ്ഞത് സര്‍ക്കാരിന്റെ അഭിപ്രായമാണ്. പി.ടി.തോമസ് സഭയില്‍ വിഷയം ഉന്നയിച്ചത് ആസൂത്രിതമായിട്ടായിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പി.ടി. തോമസിന് ചോര്‍ന്നുകിട്ടിയെന്ന് സംശയിക്കാമെന്നും സുരേന്ദ്രൻ ആരോപിച്ചു.

മറുപടി പറയാതെ മുഖ്യമന്തി

ഡിജിപിക്കെതിരായ സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ആലുവ പാലസിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ മുഖ്യമന്ത്രി കടന്നുപോയത്

മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഡിജിപിക്ക് പണം വകമാറ്റാനാകില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി അറിഞ്ഞാണോ തട്ടിപ്പ് നടന്നതെന്ന് പരിശോധിക്കണം. തോക്കും തിരയും കാണാതായതിനെ സംസ്ഥാന സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുന്നു. മന്ത്രിയുടെ ഗണ്‍മാന്‍ പ്രതിയായിട്ടും വിഷയത്തിൽ നടപടിയില്ല. ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. കേന്ദ്രസര്‍ക്കാര്‍ വിഷയം ഗൗരവത്തോടെ കാണുന്നുണ്ട്. ഡിജിപിയുടെ ലണ്ടന്‍ യാത്രയെക്കുറിച്ചും അന്വേഷണം വേണം. വിവാദ കമ്പനിയായ ഗാലക്സോണിന് ബ്രിട്ടീഷ് ബന്ധമുണ്ടെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

ഗാലക്സോൺ തട്ടിക്കൂട്ട് കമ്പനി: പി.ടി. തോമസ്

സിസ് പദ്ധതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പി.ടി. തോമസ് എംഎൽഎ ആവശ്യപ്പെട്ടു. ഗാലക്സോൺ തട്ടിക്കൂട്ട് കമ്പനിയാണ്. ഡിജിപി അടക്കം ഉന്നതർ ഇടപ്പെട്ടിട്ടുണ്ടെന്നും പി.ടി. തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.

Content Highlight: Kerala Police, Pinarayi Vijayan, Galaxon, Kadakampally Surendran, V Muraleedharan, Keltron, P T Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com