പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്തേക്കും

SHARE

തിരുവനന്തപുരം∙പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. ഇബ്രാഹിം കുഞ്ഞ് നൽകിയ മൊഴി വ്യക്തമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലെ എസ്പി: വിനോദ് കുമാറിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറാണ് ഇബ്രാഹിം കുഞ്ഞിനെ പൂജപ്പുരയിലെ ഓഫിസിൽ ചോദ്യം ചെയ്തത്. പ്രാഥമിക അന്വേഷണത്തിനിടെ നേരത്തെ രണ്ടു തവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

പാലം നിർമാണത്തിനു മുൻകൂറായി തുക നൽകിയതു സംബന്ധിച്ചു കൃത്യമായ മറുപടി നൽകാൻ ഇബ്രാഹിം കുഞ്ഞിനു കഴിയാത്തതിനെത്തുടർന്നാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താൻ സർക്കാരിനോട് വിജിലൻസ് അനുമതി തേടിയത്. ഗവർണർ അനുമതി നൽകിയതോടെ ഈ മാസം അഞ്ചിന് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

ഇബ്രാഹിം കുഞ്ഞിന്റെ മൊഴി പരിശോധിച്ച ശേഷമേ കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. പാലം നിർമിച്ച കമ്പനിക്ക് അഡ്വാൻസായി 8.25 കോടിയിലേറെ രൂപ നൽകിയത് ഇബ്രാഹിം കുഞ്ഞിന്റെ നിർദേശപ്രകാരമായിരുന്നെന്നാണ് മുൻ മരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് മൊഴി നൽകിയത്. സൂരജിനെ റിമാൻഡ് കാലയളവിൽ ചോദ്യം ചെയ്തപ്പോഴും മൊഴി ആവർത്തിച്ചു.

നിർമാണ കമ്പനിയുടെ എംഡിയായ സുമിത് ഗോയലിന്റെയും സൂരജിന്റെയും മൊഴികളെക്കുറിച്ചാണ് വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിനോട് ചോദിച്ചത്. ഇതിനായി നൂറിലധികം ചോദ്യങ്ങൾ നേരത്തെ തയാറാക്കിയിരുന്നു. തനിക്കെതിരെ ടി.ഒ.സൂരജ് നൽകിയ മൊഴി അസംബന്ധമാണെന്ന് ഇബ്രാഹിം കുഞ്ഞ് വിജിലൻസിനു മൊഴി നൽകി. തനിക്കു നേരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടും സ്വീകരിച്ചു. വിജിലൻസ് ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞിട്ടുണ്ടെന്നു ചോദ്യം ചെയ്യലിനുശേഷം ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തി പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ്, കിറ്റ്കോ മുന്‍ എംഡി സുമിത് ഗോയല്‍, നിര്‍മാണ കമ്പനി ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ പി.ഡി.തങ്കച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

English Summary: Vigilance will questioning VK Ebrahim Kunju in Palarivattom Flyover Scam Today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA