ആദ്യം അമ്മയെ കൊന്നു, കണ്ണുകെട്ടി കളിച്ച് 3 കുരുന്നുകളെയും, ഒടുവില്‍ അച്ഛനെ...

family
കുടുംബത്തിന്റെ കൂട്ടമരണം അറിഞ്ഞ് ശംഭുവിന്റെ വീട്ടിലെത്തിയ നാട്ടുകാർ
SHARE

ന്യൂഡൽഹി ∙ ബജൻപുരയിൽ കുടുംബത്തിലെ 5 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതു കൂട്ടക്കൊലയെന്നു പൊലീസ്. ബന്ധുവായ പ്രഭു നാഥ് (26) ആണ് കൊലപാതകം നടത്തിയത്. കടം വാങ്ങിയ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടാണു കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. ശംഭു ചൗധരി (43), ഭാര്യ സുനിത (37), മക്കളായ ശിവം (17), സച്ചിൻ (14), കോമൾ (12) എന്നിവരെയാണു വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ദുർഗന്ധം വമിക്കുന്നതായി  അയൽവാസികൾ പരാതി നൽകിയതിനെ തുടർന്നു പൊലീസ് എത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ആത്മഹത്യയാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. ബുറാഡിയിൽ കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിന്റെ ദുരൂഹതകൾ അവസാനിക്കുന്നതിനു മുൻപായിരുന്നു ബജൻപുരയിലെ കൂട്ടമരണവും.

ഒളിവിലായിരുന്ന പ്രതി പ്രഭുനാഥിനെ വടക്കുകിഴക്ക് ഡൽഹിയിൽ നിന്നാണു പിടികൂടിയത്. ഇരുമ്പു വടി ഉപയോഗിച്ചാണു ശംഭു ചൗധരിയുടെ കുടുംബത്തെ ഇല്ലാതാക്കിയതെന്നു പ്രതി കുറ്റസമ്മതം നടത്തി. പ്രഭുവിന്റെ കയ്യിൽനിന്നും 30,000 രൂപ ഇയാൾ നേരത്തെ കടം വാങ്ങിയിരുന്നു. ഫെബ്രുവരി മൂന്നിനാണു ശംഭുവിന്റെ വീട്ടിലേക്ക് പ്രഭു പോകുന്നതും കൃത്യം നടത്തിയതും. കൊലകൾക്കു ശേഷം ഇയാൾ കോളനിയിൽനിന്നു പുറത്തുപോകുന്നത് ഒരു സിസിടിവിയിൽ പതിഞ്ഞതാണു അന്വേഷണത്തിൽ വഴിത്തിരിവായത്.

‘സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചു. ബിഹാറിലെ സുപ്പോളെ സ്വദേശിയാണു പ്രഭു. ലക്ഷ്മി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ചില പണമിടുകാർക്കായി പണം പിരിക്കുന്ന ജോലിയും ഏറ്റെടുത്തിരുന്നു. ആറു മാസം മുമ്പാണ് ശംഭുവിൽനിന്നും പണം കടം വാങ്ങിയത്. ‘കമ്മിറ്റികളിൽ’ നിക്ഷേപിക്കാനാണ് എന്നാണു പറഞ്ഞത്. എന്നാൽ രഹസ്യമായി ഈ തുക പ്രതി ചെലവാക്കിയോ എന്ന് അന്വേഷിക്കുന്നുണ്ട്’– ഈസ്റ്റേൺ റേഞ്ച് ജോയിന്റ് കമ്മിഷണർ അലോക് കുമാർ പറഞ്ഞു.

ഫെബ്രുവരി മൂന്നിനു ശേഷം ശംഭുവിന്റെ കുട്ടികൾ സ്കൂളിൽ പോയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതേ ദിവസം ശംഭുവും പ്രതിയും തമ്മിൽ ഫോണിൽ ഏഴു തവണ സംസാരിച്ചിരുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇതാണു പ്രഭുവിലേക്ക് അന്വേഷണം എത്തിച്ചത്. പ്രഭു നാഥ് ശംഭുവിന്റെ വീട്ടിൽ എത്തുമ്പോൾ ഭാര്യ സുനിത ഒറ്റയ്ക്കായിരുന്നു. പണത്തെച്ചൊല്ലി ഇവർ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഒടുവിൽ ഇരുമ്പുവടി കൊണ്ട് സുനിതയെ അടിച്ചുകൊന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇളയകുട്ടി കോമൾ ട്യൂഷൻ കഴിഞ്ഞു തിരിച്ചെത്തിയത്.

അതേ ആയുധം കൊണ്ടു കോമളിനെയും പ്രഭു വകവരുത്തി. സ്കൂൾ വിട്ട് ഇതേസമയം ശിവയും സച്ചിനും എത്തി. രണ്ടുപേരെയും പ്രഭു സമാനമായ രീതിയിൽ കൊലപ്പെടുത്തി. കൊല്ലുന്നതിനു മുമ്പ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകൾ മൂടിക്കെട്ടിയിരുന്നു. മൃതദേഹങ്ങളെല്ലാം അകത്തിട്ട് വീടു പൂട്ടി പുറത്തിറങ്ങി. വീടിനു പുറത്തായിരുന്ന ശംഭു ചൗധരിയെ ഫോണിൽ വിളിച്ചു രാത്രി 7.30ന് തമ്മിൽ കാണാമെന്നും വാക്കു കൊടുത്തു.

വീട്ടിലെ കൊലപാതക വിവരം അറിയാതിരുന്ന ശംഭു രാത്രിയിൽ പ്രഭുവിനെ കാണുകയും രണ്ടുപേരും മദ്യപിക്കുകയും ചെയ്തു. രണ്ടുപേരും കൂടി ശംഭുവിന്റെ വീട്ടിലേക്കു തിരിച്ചു. 11 മണിയോടെ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങിയ ശംഭുവിനെ, പ്രഭു ആക്രമിച്ചു കൊലപ്പെടുത്തി. മൃതദേഹം മുറിയിലേക്കു മാറ്റുകയായിരുന്നെന്നും പൊലീസ് വിശദീകരിച്ചു. ബിഹാറിലെ സുപ്പോളെ ജില്ലയിൽ നിന്നുള്ള ഇ– റിക്ഷാ ഡ്രൈവറായ ശംഭു കുടുംബവുമൊത്ത് 6 മാസം മുൻപാണു ബജൻപുരയിൽ വാടകയ്ക്കു താമസമാക്കിയത്.

English Summary: Bhajanpura murders: Kin 'played' with kids, killed them one by one, say Delhi cops

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA