ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസിന്റെ വെടിയുണ്ടകൾ കാണാതായതിൽ ഉദ്യോഗസ്ഥ വീഴ്ചയും, വാഹനങ്ങളും ഉപകരണങ്ങളും വാങ്ങിയതിലെ ക്രമക്കേടും പുറത്തു കൊണ്ടുവന്ന അക്കൗണ്ടന്റ് ജനറൽ (ജനറൽ ആന്റ് സോഷ്യൽ സെക്ടർ ഓഡിറ്റ്) എസ്.സുനിൽരാജ് സിവിൽ സർവീസിലേക്കു വന്നത് അച്ഛനെ മാതൃകയാക്കി. എസ്ഐ ആയി സർവീസിൽ കയറി എസ്പിയായി (കൺഫേഡ് ഐപിഎസ്) വിരമിച്ച സോമരാജ് ഐപിഎസിന്റെ മകനാണു സുനിൽരാജ്. 

ആലുവ യുസി കോളജിലായിരുന്നു (1987–92) പഠനം. സിവിൽ സർവീസെന്ന ലക്ഷ്യം അതിനു മുൻപേ ഒപ്പംകൂടി. ‘സിവിൽ സർവീസുകാരനാകാൻ മറ്റു പ്രചോദനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അച്ഛനായിരുന്നു മാതൃക. ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിച്ചു’– സുനിൽരാജ് ‘മനോരമ ഓൺലൈനോട്’പറഞ്ഞു. ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട് സർവീസ് 1996 ബാച്ച് ഉദ്യോഗസ്ഥനാണു സുനിൽരാജ്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റേഴ്സ് ഡിഗ്രി നേടി. പിന്നീട് മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഡിഫൻസ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസിൽ മാസ്റ്റേഴ്സ് ഡിഗ്രിയും സ്വന്തമാക്കി.

തിരുവനന്തപുരത്തെ എജീസ് ഓഫിസിൽ എത്തുന്നതിനു മുൻപ് മധ്യപ്രദേശിൽ എജിയായിരുന്നു. അതിനു മുൻപ് ചെന്നൈയിലും രാജ്കോട്ടിലും മുംബൈയിലുമെല്ലാം സംസ്ഥാന– കേന്ദ്ര സർക്കാർ വകുപ്പുകളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഡിറ്ററായിരുന്നു. കേന്ദ്ര–സംസ്ഥാന സർക്കാർ വകുപ്പുകളെ ഓഡിറ്റ് ചെയ്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. സംസ്ഥാന ജീവനക്കാരുടെ പിഎഫ്, പെൻഷൻ ഫണ്ടുകളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്.

ജോലിയുടെ ഭാഗമായി വിവിധ വിദേശ രാജ്യങ്ങളിലും സേവനം അനുഷ്ഠിച്ചു. യുനൈറ്റഡ് നേഷൻസിന്റെ (യുഎൻ) ഭക്ഷ്യപദ്ധതികളുടെ ഓഡിറ്റ് ജോലികളുടെ ഭാഗമായി. ലണ്ടൻ, വിയന്ന, ജപ്പാൻ, കൊറിയ, സിംഗപ്പുർ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിച്ചു. കേരള വാട്ടർ അതോറിറ്റിയിലെ അക്കൗണ്ട്സ് മെംബറായിരുന്നു. അന്നും അഴിമതിക്കെതിരെ ശക്തമായ നിലപാടുകളെടുത്തു. ബാഡ്മിന്റൻ, ക്രിക്കറ്റ് തുടങ്ങിയ കായിക വിനോദങ്ങളിൽ താൽപര്യമുണ്ട്. വിഐപി ബുള്ളറ്റ് പ്രൂഫ് വാഹനവും മറ്റു വാഹനങ്ങളും വാങ്ങിയതിൽ ക്രമക്കേട് നടന്നതായാണ് സുനിൽരാജിന്റെ നേതൃത്വത്തിലുള്ള ഓഡിറ്റ് ടീം കണ്ടെത്തിയത്.

ഒരു വാഹനം പോലുമില്ലാത്ത 5 പൊലീസ് സ്റ്റേഷനുകൾ ഉണ്ടായിരിക്കെയാണു ഡിജിപിക്കും എഡിജിപിമാർക്കുമായി ടെൻഡറില്ലാതെ ആഡംബരവാഹനങ്ങൾ വാങ്ങിയത്. തിരുവനന്തപുരത്തെ ആംഡ് പൊലീസ് ബറ്റാലിയനിൽനിന്ന് 25 റൈഫിളുകളും 12,061 വെടിയുണ്ടകളും കാണാതായതായും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പൊലീസ് മേധാവിയെന്നു പേരെടുത്തു പറഞ്ഞ് അക്കൗണ്ടന്റ് ജനറൽ പത്രസമ്മേളനം നടത്തിയതോടെ, റിപ്പോർട്ടിലെ പരാമർശങ്ങൾ കേരളത്തിൽ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി.

English Summary: Story of AG S Sunil Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com