ADVERTISEMENT

തിരുവനന്തപുരം∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചതായി കുറ്റപത്രം. ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഓടിച്ചിരുന്ന കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗത്തിലാണെന്നും സിജെഎം കോടതി മൂന്നിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു.

ജനറൽ ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ശ്രീറാമിനോട് രക്തം പരിശോധനയ്ക്കായി എടുക്കുന്ന കാര്യം നഴ്‌സ് സൂചിപ്പിച്ചെങ്കിലും സമ്മതിച്ചില്ല. ഇക്കാര്യം നഴ്‌സ് കേസ് ഷീറ്റില്‍ രേഖപ്പെടുത്തി. രക്തത്തിലെ മദ്യത്തിന്റെ അളവു കുറയുന്നതുവരെ രക്തം ശേഖരിക്കുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ചു തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്നു കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. മദ്യപിച്ചെന്നു മനസിലാക്കിയിട്ടും കാര്‍ ശ്രീറാമിനു കൈമാറുകയും വേഗത്തില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്തതിനാണ് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫയ്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്.

അമിത വേഗതയിലെത്തിയ കാര്‍ ബഷീറിന്റെ മോട്ടര്‍ ബൈക്കിനെ ഇടിച്ചതിനുശേഷം 24.5 മീറ്റർ വലിച്ചിഴച്ചാണ് പബ്ലിക് ഓഫിസിന്റെ മതിലില്‍ പോയി ഇടിച്ചു നിന്നത്. കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും കാർ അമിതവേഗത്തിലായിരുന്നെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഉറപ്പിച്ചത്. അമിത വേഗത്തിലുള്ള വാഹനം പെട്ടെന്ന് അപകടത്തില്‍ പെടുമ്പോള്‍ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് ഉണ്ടാകാവുന്ന തരത്തിലുള്ള പരുക്കുകളാണു ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്നതെന്നു മെഡിക്കല്‍ കോളജില്‍ ശ്രീറാമിനെ ചികിത്സിച്ച ന്യൂറോളജി വിഭാഗം മേധാവി ചൂണ്ടിക്കാട്ടിയ കാര്യവും കുറ്റപത്രത്തിൽ പറയുന്നു.

അപകടസമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നു മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അപകടസ്ഥലത്തും കാറിലും നടത്തിയ പരിശോധനയ്ക്കു പുറമേ ബഷീറിന്‍റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ ഫലവും ശ്രീറാമിന്റെ ചികിത്സാ രേഖകളും പരിശോധിച്ചാണു ഫൊറന്‍സിക് സംഘം ഈ നിഗമനത്തിലെത്തിയത്. അപകടസമയത്ത് കാര്‍ നൂറിലേറെ കിലോമീറ്റര്‍ വേഗത്തിലാണു സഞ്ചരിച്ചിരുന്നതെന്ന് മോട്ടർ വാഹന വിഭാഗവും റിപ്പോർട്ടു നൽകി. വെള്ളയമ്പലത്തുനിന്നും മ്യൂസിയത്തേക്കുള്ള റോഡിലെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും വാഹനം അമിതവേഗത്തിലായിരുന്നു എന്നു തെളിഞ്ഞു. കാറിന്റെ ബമ്പറിനും റേഡിയേറ്ററിനും ഇടയിൽ ഇംപാക്ട് ബീം ഫിറ്റ് ചെയ്തിട്ടുള്ളതിനാലാണ് ഇടിയുടെ ആഘാതമേല്‍ക്കാതെ ശ്രീറാമും വഫയും രക്ഷപ്പെട്ടതെന്നു കാർ ഷോറൂമിലെ അസി. മാനേജര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

കാര്‍ അമിതവേഗത്തിലായിരുന്നുവെന്നും ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായും അപകടത്തിനു സാക്ഷിയായിരുന്നവർ മൊഴി നല്‍കി. കാര്യമായ പരുക്കൊന്നുമില്ലാതിരുന്നിട്ടും തുടര്‍ചികിത്സക്കായി ജനറൽ ആശുപത്രിയിൽനിന്നു മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യണമെന്നു ശ്രീറാം ആവശ്യപ്പെട്ടു. പരിശോധനയില്‍ ശ്രീറാമിനു മദ്യത്തിന്റെ മണം ഉണ്ടെന്നു ജനറല്‍ ആശുപത്രിയിലെ ഡോക്ടർ രേഖപ്പെടുത്തിയിരുന്നതായി മ്യൂസിയം പൊലീസ് ക്രൈം എസ്ഐ മൊഴി നല്‍കിയ കാര്യവും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണിത്.

Content Highlights: Chargesheet against Sriram Venkitaraman, KM Basheer Accident, Wafa Firoze

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com