ADVERTISEMENT

ന്യൂഡൽഹി ∙ ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച രാംലീല മൈതാനിയിൽ ജനലക്ഷങ്ങൾക്കു മുന്നിൽ ദൈവനാമത്തിൽ അരവിന്ദ് കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിപദത്തിൽ മൂന്നാം ഊഴം. ഇതു ഡൽഹിയിലെ ഓരോ പൗരന്റേയും വിജയമാണെന്നു കേജ്‌‌രിവാൾ പറഞ്ഞു. ജനങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 50 പേർ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു അക്കമിട്ട് മറുപടി നൽകാൻ കേജ്‌രിവാൾ സത്യപ്രതിജ്ഞാ ചടങ്ങിനെ ഉപയോഗപ്പെടുത്തി.

‘ചിലർ പറയുന്നു ജനങ്ങൾക്ക് കേജ്‌രിവാൾ എല്ലാം സൗജന്യമായി നൽകുന്നു എന്ന്. ഈ ലോകത്ത് അമൂല്യമായി ഉള്ളവയെല്ലാം ദൈവം നമുക്ക് സൗജന്യമായി നൽകിയതാണ്. മാതാവിന്റെ സ്നേഹം, പിതാവിന്റെ അനുഗ്രഹം എല്ലാം സൗജന്യമാണ്. മാതാവിന്റെയും പിതാവിന്റെയും ത്യാഗത്തിന്റെ ഫലമാണു നാം അനുഭവിക്കുന്നതെല്ലാം. കേജ്‌രിവാൾ ഡൽഹിയിലെ ജനങ്ങളെ സ്നേഹിക്കുന്നു. ഡൽഹിയിലെ ജനങ്ങൾ കേജ്‌രിവാളിനെയും. സർക്കാർ സ്കൂളിൽ പഠിക്കുന്ന കുഞ്ഞുങ്ങളിൽ നിന്ന് ഭീമമായ ഫീസ് ഈടാക്കണമെന്നാണോ നിങ്ങൾ പറയുന്നത്?

ആശുപത്രിയിൽ ചികിത്സയ്ക്കായി വരുന്ന, അന്നന്നത്തെ അപ്പത്തിനു വേണ്ടി ബുദ്ധിമുട്ടുന്ന സാധാരണക്കാരനിൽ ഞാൻ അമിതഭാരം അടിച്ചേൽപ്പിക്കണോ? നിങ്ങളുടെ മകൻ മൂന്നാമതും ഡൽഹിയുടെ മുഖ്യമന്ത്രിയായിരിക്കുന്നു. ഇതു നിങ്ങളുടെ വിജയമാണ്. ഓരോ ഡൽഹിക്കാരന്റെയും വിജയം. ഡൽഹിയിലെ മുഴുവൻ കുടുംബങ്ങളുടെയും വിജയം. തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞു. നിങ്ങൾ ഏതു രാഷ്ട്രീയ പാർട്ടിയാണ്, ഏതു െകാടിക്കു മുന്നിലാണ് അണിനിരക്കുന്നത് ഇതൊക്കെ അപ്രസക്തമായ കാര്യങ്ങളാണ്. എനിക്കെതിരെ പറഞ്ഞ ഓരോ വാക്കിനും ഞാൻ മാപ്പ് തരുന്നു. അതുപോലെ എന്റെ കുറവുകൾക്കും മാപ്പ് നൽകുക.

ഒരേ മനസ്സോടെ ഡൽഹിയിലെയും േകന്ദ്രത്തിലെയും സർക്കാരിനു കീഴിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാം. ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. തിരക്കു മൂലമാകാം അദ്ദേഹം എത്താതിരുന്നത്. എല്ലാവരുടെയും അനുഗ്രഹവും ആശീർവാദവും വേണമെന്നു ഈ വേദിയിൽ ഉറക്കെ പറയാൻ ആഗ്രഹിക്കുകയാണ്. ആരുമായും ഏറ്റുമുട്ടലിനില്ല. പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന സമരങ്ങളെ ചൂണ്ടിക്കാട്ടി കേജ്‌രിവാൾ തീവ്രവാദിയാണെന്നായിരുന്നു ചില ബിജെപി നേതാക്കൾ പറഞ്ഞത്. ഞാൻ ബിജെപിക്കാരുടെയും കോൺഗ്രസിന്റെയും ആം ആദ്മിക്കാരുടെയും മുഖ്യമന്ത്രിയാണ്. ഒരു വേർതിരിവും ഉണ്ടാകില്ല.

എല്ലാവരും നിങ്ങളുടെ ഗ്രാമങ്ങളിലുള്ളവരെ വിളിച്ചു പറയുക, നിങ്ങളുടെ മകൻ ഇതാ മുഖ്യമന്ത്രിയായിരിക്കുന്നു. ഇനി നിങ്ങൾ വിഷമിക്കേണ്ട. നിങ്ങൾക്ക് ആശ്വാസം പകരുവാനും ഡൽഹിയുടെ വികസനകുതിപ്പ് തുടരാനുമാണു ഞാൻ വീണ്ടും വന്നിരിക്കുന്നത്– കരഘോഷത്തിനിടെ കേജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ മനീഷ് സിസോദിയ, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, സത്യേന്ദർ ജെയിൻ, ഇമ്രാൻ ഹുസൈൻ, രാജേന്ദ്രപാൽ ഗൗതം എന്നിവരും അധികാരമേറ്റു. പതിനായിരിക്കണക്കിനു പേരാണു സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തിയത്.

English Summary: "God's Precious Things Free": Arvind Kejriwal To Critics Of His Policies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com