ADVERTISEMENT

ചെന്നൈ ∙ വില്ലുപുരത്ത് ഇതരജാതിക്കാരുടെ സ്ഥലത്തു മലമൂത്ര വിസർജനം നടത്തിയ ദലിത് യുവാവ് മർദനമേറ്റു മരിച്ചു. വില്ലുപുരം കാരായി ദലിത് കോളനിയിലെ ശക്തിവേൽ (24) ആണ് ആൾക്കൂട്ട ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു 3 സ്ത്രീകളടക്കം വണ്ണിയർ സമുദായത്തിലെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച നടന്ന കൊലപാതകം ഇന്നലെയാണ് പുറംലോകം അറിഞ്ഞത്.

സമീപത്തെ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന ശക്തിവേൽ ആധാർ കാർഡ് എടുക്കാൻ വീട്ടിലേക്കു പോയി മടങ്ങുന്നതിനിടെയാണു സംഭവം. തിരികെ വരുന്നതിനിടെ വിസ‍ർജനത്തിനായി ആളൊഴിഞ്ഞ പറമ്പിലേക്ക് കയറിയ ശക്തിവേലിനെ അതുവഴി വന്ന സ്ത്രീ കണ്ടു. നഗ്നത കാണിച്ചെന്ന് ആരോപിച്ച് അവർ ഭർത്താവിനെയും നാട്ടുകാരെയും വിളിച്ചുകൂട്ടുകയായിരുന്നു. ആധാർ കാർഡിൽ നിന്നു പേരും ജാതിയും മനസ്സിലാക്കിയ ജനക്കൂട്ടം ശക്തിവേലിനെ കെട്ടിയിട്ടു ക്രൂരമായി മർദിച്ചു. പൊലീസ് എത്തിയെങ്കിലും മർദനമേറ്റ യുവാവിനോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ട ശേഷം മടങ്ങി. അക്രമികളെ കസ്റ്റഡിയിലെടുക്കാൻ ആദ്യം പൊലീസ് തയാറായില്ലെന്നും പരാതിയുണ്ട്.

തിരികെ വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. കലാപമുണ്ടാക്കൽ, കൊലപാതകം, പട്ടികജാതി പീഡന നിരോധന നിയമം തുടങ്ങിയയ വകുപ്പുകളാണ് അക്രമികൾക്കെതിരെ ചുമത്തിയത്. ഇതേസമയം ശക്തിവേലിനെ അക്രമികളിൽ നിന്നു മോചിപ്പിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ തയാറാവാത്ത വില്ലുപുരം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി  വേണമെന്ന് ആവശ്യപ്പെട്ടു ദലിത് സംഘടനകൾ രംഗത്തെത്തി. ആൾക്കൂട്ട കൊലപാതകമുണ്ടായാൽ എസ്പി, ജില്ലാ കലക്ടർ എന്നിവർ സ്ഥലം സന്ദർശിക്കണമെന്ന സുപ്രീംകോടതി ഉത്തരവു പാലിക്കപ്പെട്ടില്ലെന്നും പരാതിയുണ്ട്.

English Summary: Tamil Nadu Man Beaten To Death, Family Alleges Attacked For Being Dalit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com