ADVERTISEMENT

ആലപ്പുഴ∙ അരൂരിൽ എഴുപുന്ന – നീണ്ടകര ഭാഗങ്ങളിലായി കത്തിയുമായി അജ്ഞാതൻ വിലസുന്നുവെന്നും വളർത്തു നായ്ക്കളെ ക്രൂരമായി ആക്രമിക്കുന്നുവെന്നും വ്യാപകമായി വാർത്ത പ്രചരിക്കുന്നു. കണ്ണുകൾ ചൂഴ്ന്നെടുത്തും ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചുമാണ് നായ്ക്കളെ കൊല്ലുന്നതെന്നും പ്രചാരണമുണ്ട്. സംഭവത്തിന്‍റെ യാഥാർഥ്യത്തെക്കുറിച്ച് വിശദീകരിക്കുകയാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ അരൂർ എസ്ഐ കെ.എസ്. മനോജ്.

ജനുവരി 30നാണ് കേസിലെ ആദ്യ സംഭവം. നീണ്ടകര ഭാഗത്ത് മൂന്ന് വളർത്തു നായ്ക്കളുള്ള ഒരു വീട്ടിലെ നായയെ കുത്തി പരിക്കേൽപ്പിച്ചിരിക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. എന്നാൽ ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ ഇവർ തയാറായില്ല. തുടർന്ന് രണ്ടാം ദിവസം രാത്രി വീടിനു പുറത്ത് ഒരാളെ കണ്ടു. രാവിലെ നായയെ വെട്ടിക്കൊലപ്പെടുത്തിയതായി കണ്ടെത്തി. തുടർന്നാണ് പൊലീസിൽ അറിയിക്കുന്നത്.

ഈ പരിസരങ്ങളിലായി വീണ്ടും വളർത്തുനായ്ക്കൾക്കെതിരെ ആക്രമണങ്ങളുണ്ടായി. ഒരു നായയെ കാണാനില്ലെന്നും പരാതിയുണ്ട്. മറ്റൊരു നായയെ അടിച്ച് പരുക്കേൽപ്പിച്ച് മുഖം ത‌കർത്ത അവസ്ഥയിലാണ്. എന്നാൽ പിന്നീട് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എസ്ഐ പറയുന്നു. കത്തിയോ മറ്റ് മൂർച്ചയുള്ള ആയുധംകൊണ്ടോ ആണ് നായ്ക്കളെ പരിക്കേൽപ്പിച്ചിരിക്കുന്നത്. അതേസമയം കണ്ണുകൾ ചൂഴ്ന്നെടുത്തുവെന്ന പ്രചാരണം തെറ്റാണ്.

വളർത്തുനായ്ക്കളാണ് ആക്രമണങ്ങൾക്ക് ഇരയാകുന്നതെന്നതാണ് കേസിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. നായ്ക്കളോട് വിരോധമുള്ള ആരുടെയെങ്കിലും പ്രവർത്തിയാണെങ്കിൽ തെരുവുനായ്ക്കളെയും ആക്രമിക്കുമായിരുന്നു. എന്നാൽ പ്രദേശത്ത് അത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് ഉയരമുള്ള ഒരാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും രണ്ടു പ‌േർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.

അജ്ഞാതൻ മനുഷ്യരെ ആക്രമിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്.‌ പ്രദേശത്തെ കുറിച്ച് നന്നായി അറിയാവുന്ന ആരോ ആണ് സംഭവങ്ങൾക്കു പിന്നിലെന്നാണ് നിഗമനം. സാമൂഹ്യ വിരുദ്ധരോ മനോവൈകല്യമുള്ളവരോ ആയിരിക്കാ‌ം ഇതിനു പിന്നിലെന്നും സംശയമുണ്ട്. പ്രദേശത്തെ നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് പൊലീസ്.

English Sumamry: Serial killer one who attacks dogs simultaneously, Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com