ADVERTISEMENT

ന്യൂഡൽഹി∙ ചൈനയിൽ സാർസ് പകർച്ചവ്യാധി പിടിപെട്ട 2003ൽ അന്നത്തെ ഇന്ത്യൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് നടത്തിയ ചൈനാ സന്ദർശനത്തെ അനുസ്മരിച്ച് ചൈനീസ് അംബാസഡർ സൺ വീഡോങ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പകർച്ചവ്യാധിയുടെ സമയത്ത് അദ്ദേഹം ചൈനയിൽ സന്ദർശനത്തിനെത്തി. ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തോട് രോഗബാധയുണ്ടാകുമെന്ന് ഭയപ്പെടുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ, ചൈനീസ് ജനത പോലും ഭയപ്പെടുന്നില്ല, ഞാൻ എന്തിന് ഭയപ്പെടണം എന്നാണ് ഫെർണാണ്ടസ് മറുപടി നൽകിയത്. പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫെർണാണ്ടസ് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ചൈനയ്ക്ക് മരുന്ന് സംഭാവന ചെയ്യാൻ അദ്ദേഹം ഇന്ത്യൻ സൈന്യത്തിന് നിർദ്ദേശം നൽകി. ഇത്തരത്തിലുള്ള ദയാപ്രവൃത്തി ചൈനീസ് ജനത ഒരിക്കലും മറക്കില്ലെന്നും സൺ പറഞ്ഞു. 2003ൽ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്) മൂലം 800ൽ അധികം ആളുകൾ ചൈനയിൽ മരിച്ചിരുന്നു.

കൂടാതെ, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് വ്യാപാരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഇന്ത്യ അവലോകനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പകർച്ചവ്യാധിയെ വസ്തുനിഷ്ഠവും യുക്തിസഹവും ശാന്തവുമായ രീതിയിൽ നേരിടാൻ ഇരുപക്ഷത്തിനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഗതാഗതവും, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ഇന്ത്യ പുനരാരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പൊതുജനാരോഗ്യ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണത്തിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബില്യണിലധികം ജനസംഖ്യയുള്ള ലോകത്തിലെ രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. പൊതുജനാരോഗ്യത്തിൽ ഞങ്ങൾ വെല്ലുവിളികൾ നേരിടുന്നു. സഹകരണത്തിന് വളരെയധികം സാധ്യതകളുണ്ട്. പൊതുജനാരോഗ്യ, ശാസ്ത്ര മേഖലകളിൽ ഒരുമിച്ച് സഹകരിക്കാൻ ഞങ്ങൾ തയാറാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: China fondly remembers George Fernandes' help when it was hit by SARS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com