മരണവ്യാപാരിയായി ഇരച്ചെത്തിയ കണ്ടെയ്നർ; ദേശീയപാതയിൽ പുലർച്ചെ സംഭവിച്ചതെന്ത്?

SHARE

തിരുപ്പൂർ ∙ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു യാത്ര ചെയ്യുന്നവരുടെ പ്രിയപ്പെട്ട ബസാണ് ഗരുഡ കിങ് ക്ലാസ് എന്ന എസി ബസ്. ഇന്നലെ വലതുവശം മുഴുവൻ അറ്റുപോയി സേലം–കൊച്ചി ദേശീയ പാതയോരത്തു കിടക്കുമ്പോൾ ആ ബസ് ദുരന്തത്തിന്റെ കണ്ണീർക്കാഴ്ചയായി. കണ്ടെയ്നർ ട്രക്ക് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളിലെ ഡ്രൈവർമാരെ വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് വൻ അപകടങ്ങൾക്ക് ഇടയാക്കുന്നതായാണ് റിപ്പോർട്ടുകൾ.

അവിനാശിയിലെ അപകടത്തിനു കാരണമായത് ട്രക്കിലെ ഡ്രൈവർ ഉറങ്ങിയതാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ദേശീയപാതകളിലെ അപകടങ്ങളിലേറെയും സംഭവിക്കുന്നത് ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതു കൊണ്ടാണെന്നു തമിഴ്നാട്, കേരള പൊലീസുകളുടെ റിപ്പോർട്ടുണ്ട്. 5 ദിവസം വരെ വിശ്രമമില്ലാതെ ദീർഘദൂര ലോറി ഓടിക്കുന്ന ഡ്രൈവർമാരുണ്ടെന്നാണു വിവരം. ദീർഘദൂര വാഹനങ്ങളിൽ ആവശ്യത്തിനു ഡ്രൈവർമാരുണ്ടോയെന്നും ഡ്രൈവർമാർക്കു വിശ്രമം ലഭിക്കുന്നുണ്ടോയെന്നും പരിശോധിക്കാൻ സർക്കാർ സംവിധാനങ്ങളുമില്ല.

ഇടിച്ചത് 3500 ടൺ ഭാരം

490 ടൺ ഭാരത്തിലേക്ക് 3500 ടൺ‍ ഭാരം വന്നിടിച്ചാലുള്ള ആഘാതമാണ് ഉണ്ടായതെന്ന് കെഎസ്ആർടിസിയിലെ സാങ്കേതിക വിദഗ്ധർ പറയുന്നു. വോൾവോ ബസിന് ഭാരം 7 ടൺ. അപകട സമയത്ത് പരമാവധി വേഗം 70 കി.മീ. അതിലേക്ക് 100 കി.മീ വേഗത്തിൽ സഞ്ചരിച്ചിരുന്ന ലോറിയിൽ നിന്ന് 35 ടൺ ഭാരമുള്ള കണ്ടെയ്നർ വന്ന് ഇടിക്കുകയായിരുന്നു.

ഒറ്റ ഡ്രൈവർ നിർദേശം തിരിച്ചടിയായി

നാഷനൽ പെർമിറ്റുള്ള ചരക്കു വാഹനങ്ങൾക്ക് ഒരു ഡ്രൈവർ മതിയെന്ന കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിർദേശം റോഡ് അപകടങ്ങൾ വർധിപ്പിക്കുന്നു. 2018 നവംബർ 10നാണു നിയമത്തിൽ മാറ്റം വരുത്തിയത്.

നേരത്തേ നാഷനൽ പെർമിറ്റുള്ള വാഹനങ്ങൾക്ക് 2 ഡ്രൈവർമാരും കാബിനിൽ ബെർത്തും നിർബന്ധമായിരുന്നു. ഡ്രൈവർമാരുടെ ഡ്യൂട്ടി കഴിയുമ്പോൾ വിശ്രമിക്കാനാണ് ബെർത്ത് വേണമെന്നു നിഷ്കർഷിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്താനായി ലോറി ഉടമകൾ സർക്കാരിൽ സമ്മർദം ചെലുത്തി. 2 ഡ്രൈവർമാരാകുമ്പോൾ ചെലവേറുന്നുവെന്നായിരുന്നു അവരുടെ വാദം.

English Summary: How Avinashi KSRTC Bus and Truck Accident happened- Graphics Explainer