ADVERTISEMENT

തിരുപ്പൂർ ∙ അമിതഭാരം കയറ്റിവന്ന ലോറിയുടെ ടയര്‍ പൊട്ടിയതാണ് അവിനാശിയിലെ അപകടകാരണമെന്ന് തിരുപ്പൂര്‍ ജില്ലാ കലക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ സജി മനോരമ ന്യൂസിനോടു പറഞ്ഞു. സ്ഥിരമായി അപകടം ഉണ്ടാകുന്ന മേഖലയാണിതെന്നും അദേഹം പറഞ്ഞു. ബെംഗളുരുവില്‍നിന്നു കൊച്ചിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് 19 പേരാണ് മരിച്ചത്. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ അവിനാശി, തിരുപ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രികളില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.

മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു. പുലര്‍ച്ചെ മൂന്നേകാലിനാണ് ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കുവന്ന ബസില്‍ കൊച്ചിയില്‍നിന്ന് സേലത്തേക്ക് ടൈലുമായി പോയ ലോറി ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്ത ലോറി മറുഭാഗത്തുകൂടി പോയ ബസിന്റെ വലതുവശം തകര്‍ത്തു. ബസ് നാമാവശേഷമായി.

പരുക്കേറ്റവരെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങളില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരായ എ.കെ.ശശീന്ദ്രനും വി.എസ്.സുനില്‍കുമാറും തിരുപ്പൂരിലെത്തി. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കാനും സര്‍ക്ക‍ാര്‍ തീരുമാനിച്ചു

accident-tirupur2
അപകടത്തിൽപ്പെട്ട കെഎസ്‌ആർടിസി ബസ്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്ന് അവിനാശിയിലെത്തിയ മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. അപകടകാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.

രാത്രിയാത്രയും അപകടവും

രാത്രിയാത്രയിലെ അപകടസാഹചര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകി സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ബുധനാഴ്ച പുറത്തുവിട്ട വിഡിയോ ഇപ്പോൾ ശ്രദ്ധേയമാകുന്നു. ആലപ്പുഴ എസ്എല്‍ പുരത്ത് രാത്രി രണ്ടുമണിയോടെ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് ബോധവൽക്കരണത്തിന് ഉപയോഗിച്ചിരിക്കുന്നു. മിനി ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോകുകയും വാഹനം നിയന്ത്രണം തെറ്റി എതിരെവന്ന വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു. ഡ്രൈവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. 

English Summary: Tirupur Accident: Graphics Video
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com