ADVERTISEMENT

കൊച്ചി∙ കേരളത്തിലെ പൊതുഗതാഗത ബസ് സർവീസിന്റെ ജന്മദിനത്തിൽ കെഎസ്ആർടിസി കണ്ണു തുറന്നത് വൻ ദുരന്ത വാർത്ത കേട്ടു കൊണ്ട്. കേരളത്തിന്റെ പൊതുഗതാഗത ബസ് സർവീസ് നിരത്തിലിറങ്ങിയിട്ട് ഇന്ന് 82 വയസ് പൂർത്തിയാകുകയാണ്. 1938 ഫെബ്രുവരി 20നാണ് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്, ‘ദ് സ്റ്റേറ്റ് മോട്ടോർ സർവീസി’ന് തുടക്കം കുറിക്കുന്നത്. മഹാരാജാവും ബന്ധുക്കളും യാത്ര ചെയ്തുകൊണ്ടായിരുന്നു ആദ്യ യാത്രയുടെ ഉദ്ഘാടനം.

ഗതാഗത സംവിധാനങ്ങളും റോഡുകളുമൊന്നും ഒട്ടും വികസിച്ചിട്ടില്ലാത്ത ഒരു കാലത്താണ് ഇതെന്നു കൂടി ഓർക്കണം. രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള പൊതു ഗതാഗതങ്ങളിലൊന്നാണ് കെഎസ്ആർടിസി എന്നതും ശ്രദ്ധേയമാണ്. കേരള രൂപീകരണവും കഴിഞ്ഞ് 1965ലാണ് കെഎസ്ആർടിസി രൂപീകരിച്ചത് എങ്കിലും ദ് സ്റ്റേറ്റ് മോട്ടോർ സർവീസിനു തുടക്കം കുറിച്ച ഫെബ്രുവരി 20 ബസ് ഡേ ആയാണ് ആചരിക്കുന്നത്.

തിരുവിതാംകൂർ സർക്കാരാണ് ഗതാഗത സംവിധാനം ശക്തമാക്കുന്നതിനായി തിരുവിതാംകൂർ ഗതാഗത വകുപ്പ് 1937ൽ രൂപീകരിക്കുന്നത്. ലണ്ടൻ പാസഞ്ചർ ട്രാൻസ്‌പോർട്ട് ബോർഡിന്റെ ഓപ്പറേറ്റിങ് സൂപ്രണ്ടായിരുന്ന ഇ.ജി. സാൾടറിനെ സൂപ്രണ്ടായി നിയമിച്ചുകൊണ്ടായിരുന്നു വകുപ്പ് രൂപീകരണം. കവടിയാർ സ്ക്വയറിൽ 33 ബസുകൾക്കൊപ്പം അലങ്കരിച്ചായിരുന്നു മഹാരാജാവിന്റെയും സംഘത്തിന്റെയും ഉദ്ഘാടന യാത്രാ ബസ് നിരത്തിലിറങ്ങിയത്. ഇതിന്റെ ഡ്രൈവർ സൂപ്രണ്ട് സാൾടർ തന്നെയായിരുന്നു.

അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചപ്പോൾ.
തിരുപ്പൂർ അവിനാശിയിൽ അപകടത്തിൽപ്പെട്ട കെഎസ്‌ആർടിസി ബസ്.

സംസ്ഥാന വാഹന സർവീസ് 82ാം ജന്മദിനം ആഘോഷിക്കാൻ തയാറെടുക്കുമ്പോൾ ഉണ്ടായ മാഹാദുരന്തം ആനവണ്ടി പ്രേമികളെ എല്ലാം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ‘രാവിലെ ഞെട്ടലോടെയാണ് അപകട വാർത്ത കേട്ടത്. ഇന്നു തന്നെ അപകടമുണ്ടായത് ആ സങ്കടം വർധിപ്പിക്കുന്നുണ്ട്. ബെംഗളൂരു സെക്ടറിലോടുന്ന ഏറ്റവും മികച്ച ബസും യാത്രക്കാരുമായി അത്രയേറെ അടുപ്പമുള്ള ഡ്രൈവർമാരുമാണ് അതിലുണ്ടായിരുന്നത്. വളരെ നന്നായി ഡ്രൈവ് ചെയ്യുന്നവരാണ് ഇരുവരും. അവരുടെ വിയോഗം വല്ലാതെ സങ്കടപ്പെടുത്തുന്നു.’ ബെംഗളൂരുവിൽ താമസിക്കുന്ന ഇരിങ്ങാലക്കുട സ്വദേശിയും ആനവണ്ടിയുടെ ആരാധകനുമായ എം.എൽ. വൈശാഖ് പറയുന്നു.

കെഎസ്ആർടിസിക്കു പിഴവുണ്ടായാൽ കുറ്റം പറയും. എങ്കിലും ബെംഗളൂരു മലയാളികളുടെ ആശ്രയവും വിശ്വാസവും കെഎസ്ആർടിസി തന്നെയാണ്. അതിനുണ്ടായ വലിയ അപകടം, അതും ഈ ജന്മദിനത്തിൽ രണ്ട് ഡ്രൈവർമാരുടെ ജീവനെടുത്തത് കണ്ണു നിറയ്ക്കുന്നതായി കുന്നുംകുളം സ്വദേശി ലിജോ ജോസ് ചീരൻ പറഞ്ഞു. ഓരോ യാത്രയിലും ഉറങ്ങാതെ ഞങ്ങളുടെ ജീവന് കാവലിരിക്കുന്നവരാണ് ഇവർ. അവരിൽനിന്നുണ്ടായ പിഴവല്ലാതിരുന്നിട്ടും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നതിൽ വല്ലാത്ത സങ്കടമാണെന്നും ലിജോ പറയുന്നു.

English Summary: Tirupur Accident is on State Bus Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com