ADVERTISEMENT

ന്യൂഡൽഹി ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഥമ ഇന്ത്യ സന്ദർശനത്തിൽ ഒപ്പുവയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്ന വ്യാപാര കരാറിൽനിന്ന് അവസാന നിമിഷം പിന്മാറി യുഎസ്. തർക്കങ്ങൾ പരിഹരിച്ചിട്ടില്ലെങ്കിലും ‘മിനി കരാർ’ എങ്കിലും യാഥാർഥ്യമാക്കാൻ രണ്ടു രാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുഎസിന്റെ പിന്മാറ്റമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയാണു ദ്വിദിന സന്ദർശനത്തിനായി ട്രംപ് ഇന്ത്യയിലെത്തുന്നത്.

നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപു കരാർ ഒപ്പുവയ്ക്കില്ലെന്നു ട്രംപ് സൂചന നൽകിയിരുന്നു. തർക്കങ്ങൾ പരിഹരിക്കാനായിട്ടില്ലെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങളും പറഞ്ഞിരുന്നു. എങ്കിലും മോദിയും ട്രംപും ‘മിനി കരാർ’ ഒപ്പിടുമെന്നായിരുന്നു ഇന്ത്യൻ സംഘത്തിന്റെ പ്രതീക്ഷ.

കൂടുതൽ സമഗ്രമായ കരാറിലേക്കു പോകാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞാണ് യുഎസ് ചർച്ചകൾ നിർത്തിയതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ, യുഎസിനോടു വേണ്ട രീതിയിൽ പെരുമാറുന്നില്ലെന്നതാണു കരാറിനുള്ള തടസ്സമായി സൂചിപ്പിക്കുന്നത്. ഇന്ത്യ ചുമത്തുന്ന ഉയർന്ന ഇറക്കുമതിച്ചുങ്കവും പ്രശ്നമായി യുഎസ് ഉയർത്തിക്കാട്ടുന്നു. 

ഇന്ത്യ–യുഎസ് വ്യാപാര കരാര്‍ യഥാര്‍ഥ്യമാകില്ലെന്നതു യുഎസ് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന്‍റെ മാറ്റുകുറയ്ക്കും. എങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ വന്‍ പ്രതിരോധ ഇടപാടുകള്‍ നടക്കുമെന്ന് ഇന്ത്യൻ സംഘം വ്യക്തമാക്കി. എച്ച് വണ്‍ ബി വീസ പ്രശ്നം ഇന്ത്യ ഉന്നയിക്കും. പൗരത്വ നിയമം, എന്‍ആര്‍സി എന്നിവയുമായി ബന്ധപ്പെട്ടു മോദിയോടു ട്രംപ് വ്യക്തത തേടുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയ, നയതന്ത്ര രംഗത്ത് ആകാംക്ഷയേറി.

പ്രതിരോധ മേഖലയിൽ കര, നാവിക സേനകൾക്കായി 30 ഹെലികോപ്റ്റർ വാങ്ങാനുള്ള കരാറും ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥകളിൽ യുഎസ് താൽപര്യപ്പെടുന്ന ചില ഭേദഗതികൾക്കുള്ള പ്രാഥമിക കരാറും ട്രംപിന്റെ സന്ദർശനവേളയിൽ ഒപ്പുവയ്ക്കുന്നതിനു ധാരണയായിട്ടുണ്ട്.

ഡൽഹിയുടെ വ്യോമസുരക്ഷയ്ക്കായുള്ള മിസൈൽ കവചത്തിനുമുള്ള കരാറുമുണ്ടായേക്കാം. 24നും 25നുമായി ആകെ 36 മണിക്കൂറാവും ട്രംപിന്റെ ഇന്ത്യ സന്ദർശനം. അഹമ്മദാബാദും ആഗ്രയും സന്ദർശിച്ചശേഷം 24 നു വൈകിട്ടു ട്രംപ് ഡൽഹിയിലെത്തും. പിറ്റേന്നാണ് ഉഭയകക്ഷി ചർച്ചയും കരാറുകളും. 

English Summary: US backed off from signing trade deal with India at last minute before Trump visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com