ഇനിയെത്ര പെരുമഴ വേണം ഈ കണ്ണീർച്ചൂട് ഒഴിയാൻ; കാട്ടുതീയിൽ മാഞ്ഞ ജീവിതങ്ങൾ

SHARE

തീ തിന്നുന്ന വേദനയിലാണ് ഈ മൂന്നു കുടുംബങ്ങൾ. തൃശൂർ ജില്ലയിലെ ദേശമംഗലം കൊറ്റമ്പത്തൂർ ഇല്ലിക്കുണ്ട് വനമേഖലയിൽ കാട്ടുതീ കെടുത്തുന്നതിനിടെ വെന്തുമരിച്ച ഫോറസ്റ്റ് വാച്ചർമാരുടെ ഉറ്റവർ. കുടുംബനാഥനില്ലാതെ തളർന്ന സാധാരണ കുടുംബങ്ങൾ. നമ്മളിൽ നിന്നകലെയെന്ന് ആശ്വാസം കണ്ടിരുന്ന, ഇന്ന് നമുക്കും അകലം നഷ്ടമായ കാട്ടുതീ എന്ന ദുരന്തം നമ്മുടെ നാടിനെ പൊള്ളിക്കാതിരിക്കാൻ ജീവൻ ബലിയർപ്പിച്ചവർ. ആ കരുതലും കടപ്പാടും കേരളം ഇവരോടു കാണിച്ചോ? സർക്കാരിന്റെ കേവലം സഹായവാഗ്ദാനങ്ങളിൽ വിസ്മൃതിയിലാകേണ്ടതാണോ ഇവരുടെ ജീവത്യാഗം? വാർത്തകൾക്കപ്പുറം മലയാളി സമൂഹം ഈ വിപത്ത് ചർച്ച ചെയ്തോ? കാട് കത്തിയാൽ നമുക്കെന്ത് എന്ന ലളിതചിന്ത, കാട്ടുതീയിൽ പാവപ്പെട്ടവർ മരിച്ചാലും നമുക്കെന്ത് എന്ന നിസംഗതയിലേക്കു മലയാളിയെ എത്തിച്ചോ? ഇനിയെത്ര പെരുമഴ പെയ്യണം ഈ കണ്ണീർച്ചൂടൊന്നു തണുക്കാൻ? സങ്കടക്കാഴ്ചയുടെ ഉള്ളടര് തേടുന്ന അന്വേഷണം.

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ദേശമംഗലം, ചെറുതുരുത്തി, മുള്ളൂർക്കര, വരവൂർ പഞ്ചായത്തുകളുടെ ചുറ്റുവട്ടത്തായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കുണ്ട് കാട്ടിലായിരുന്നു തീപിടിത്തം. കൊറ്റമ്പത്തൂർ, കുമരംപനാൽ, പള്ളം മേഖലകളോടു ചേർന്ന മലയുടെ മുകളിൽ മൂന്നു ദിവസമായി തീ കണ്ടതായി നാട്ടുകാർ പറയുന്നു. കാട്ടുതീ അണയ്ക്കാൻ നിയോഗിക്കപ്പെട്ട താൽക്കാലിക ജീവനക്കാർ ഉൾപ്പെട്ട സംഘം പലതായി പിരിഞ്ഞാണു കാടുകയറിയത്. ചെറുതുരുത്തിയിൽനിന്ന് 17 കിലോമീറ്റർ അകലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്റ്റേറ്റിലായിരുന്നു മനുഷ്യജീവനുകൾ എരിഞ്ഞടങ്ങിയ ഫെബ്രുവരി 16ലെ തീപിടിത്തം. വനം ട്രൈബൽ വാച്ചർ പെരിങ്ങൽക്കുത്ത് വാഴച്ചാൽ ആദിവാസി കോളനിയിലെ ദിവാകരൻ (43), താൽക്കാലിക ജീവനക്കാരൻ വടക്കാഞ്ചേരി കൊടുമ്പ് എടവണ വളപ്പിൽ വേലായുധൻ (54), അയൽക്കാരനായ വട്ടപ്പറമ്പിൽ ശങ്കരൻ (48) എന്നിവരാണു മരിച്ചത്.

thrissur-divakaran-velayudhan-shankaran
കാട്ടുതീ കെടുത്തുന്നതിനിടെ മരിച്ച ദിവാകരൻ, വേലായുധൻ, ശങ്കരൻ.

ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ഗുരുതരമായി പൊള്ളലേറ്റ ശങ്കരന്‍ ആശുപത്രിയിലുമാണു മരിച്ചത്. ദിവാകരനും വേലായുധനും ഉൾപ്പെട്ട സംഘം പച്ചില കൊണ്ടു തീയണച്ചു മുന്നേറുന്നതിനിടെ ശക്തമായ കാറ്റിൽ തീ പടർന്നു. മൂന്നുപേരും തീവലയത്തിൽ പെട്ടു മരണത്തിനു മുന്നിൽ കീഴടങ്ങി. മൂന്നു വനപാലകരുടെ മരണം നിസാര അപകടമായി കണക്കാക്കേണ്ടതല്ല. സർക്കാരിന്റെയും വനംവകുപ്പിന്റെയും വികലമായ കാഴ്ചപ്പാടിന്റെ ഇരകളാണിവർ. ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ മരണമുനമ്പിൽനിന്നു രക്ഷപ്പെടുന്നവരുടെ കഥകൾ നാം അറിയാറില്ലെന്നു മാത്രം. കാട്ടുതീയിലേക്കു നിരായുധരായി പ്രവേശിക്കുന്ന വനപാലകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സംരക്ഷണം ആർക്കാണ്? ലോകം അത്യാധുനികമായി മുന്നേറുമ്പോഴും കേരളത്തിലെ കാടുകളിലെ തീയണയ്ക്കൽ പുരാതനവും സാഹസികവുമായി തുടരുന്നതിന്റെ കാരണമെന്താവാം?

വിറങ്ങലിച്ച്, ഒന്നും മിണ്ടാനാകാതെ

ചെറുതുരുത്തി പുതുശേരിയിൽ നിളാതീരത്താണ് അയൽക്കാരും സുഹൃത്തുക്കളുമായ വേലായുധനും ശങ്കരനും അന്ത്യവിശ്രമം കൊള്ളുന്നത്. നാലു വർഷത്തോളമായി രണ്ടാളും ജോലിക്കു പോയിരുന്നതും വന്നിരുന്നതും ഒന്നിച്ചായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ വിശ്വസികളാണെങ്കിലും ആ സൗഹൃദത്തിനു കാടിന്റെ പച്ചപ്പായിരുന്നു. വീടിനു സമീപം കട നടത്തിയിരുന്ന ശങ്കരൻ നാലു വർഷം മുൻപാണു താൽക്കാലിക വാച്ചറായി ജോലിക്കു കയറിയത്. കൂലിപ്പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന വേലായുധനും ശങ്കരന്റെ പാത പിന്തുടർന്നു. പറമ്പിക്കുളം കുരിയാർകുട്ടി സ്വദേശിയായ ദിവാകരൻ വിവാഹത്തിനു ശേഷമാണ് വാഴച്ചാലിൽ സ്ഥിരതാമസം തുടങ്ങിയത്. പറമ്പിക്കുളത്തായിരുന്നു സംസ്കാരച്ചടങ്ങ്. ഒൻപതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദിവാകരനു പിറന്ന മകന് ഒരു വയസ്സായതേയുള്ളൂ. രണ്ടാഴ്ചയിലൊരിക്കൽ പലഹാരപ്പൊതികളുമായി വന്നിരുന്ന ദിവാകരൻ ഇനി ഇന്ദിരയ്ക്കും മകൻ ധ്യാനിനും ഓർമച്ചിത്രം.

thrissur-illikkiund-fire
തീപിടിത്തമുണ്ടായ കൊറ്റമ്പത്തൂർ ഇല്ലിക്കുണ്ട് വനമേഖല.

തീ പിടിക്കാനുള്ള സാധ്യതയില്ലാത്ത ഇടമാണ് ഇല്ലിക്കുണ്ട് വനമേഖലയെന്നു വേലായുധന്റെ സഹോദരനും എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.കെ.കണ്ണൻ പറയുന്നു. ‘സർക്കാരിന്റെ അനാസ്ഥ എന്നു പറയാനാകില്ല. എങ്കിലും കാട്ടുതീ കെടുത്താനുള്ള ഫലപ്രദമായ സംവിധാനം വനംവകുപ്പിന് നിലവിലില്ല. ഫയർ എൻജിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ കാട്ടിനകത്തേക്കു കയറാനാകാത്തതും പ്രശ്നമാണ്. വേനൽ സീസണിലാണു വനസംരക്ഷണ സമിതി വേലായുധനെപ്പോലെയുള്ളവരെ താൽക്കാലിക ജോലിക്കെടുക്കുന്നത്. അഞ്ചാറു മാസത്തോളം ജോലിയുണ്ടാകും. വേലായുധൻ ഉൾപ്പെടെ മരിച്ച മൂന്നുപേരുടെയും സാമ്പത്തിക സ്ഥിതി മോശമാണ്. ഇത്രയും കഷ്ടപ്പാടുള്ള ജോലിക്ക് അർഹമായ വേതനമല്ല നൽകുന്നത്. എത്രയോ കാലം മുൻപ് നിശ്ചയിച്ച വേതനനിരക്ക് പുതുക്കേണ്ടതുണ്ട്.

അന്ന് ഉച്ചതിരിഞ്ഞായിരുന്നു തീ ഇവരെ വിഴുങ്ങിയത്. വൈകിട്ട് ആറരയോടെയാണു സംഭവമറിഞ്ഞത്. മെഡിക്കൽ കോളജിലേക്കു മൃതദേഹങ്ങൾ കൊണ്ടുവരികയായിരുന്നു. തിരിച്ചറിയാനാവാത്ത വിധമായിരുന്നു മൃതശരീരങ്ങൾ. പിറ്റേന്ന് അപകടസ്ഥലം ഞങ്ങൾ സന്ദർശിച്ചിരുന്നു. വാഹനത്തിന് എത്തിച്ചേരാനാകാത്ത സ്ഥലമാണ്. പൊന്തക്കാടാണു ചുറ്റിലും. അപകട സാഹചര്യത്തിനു ഇപ്പോഴും മാറ്റമൊന്നുമില്ല. തീ പടരുന്നതു കണ്ടെത്താനും അറിയിക്കാനും അണയ്ക്കാനുമുള്ള ആധുനിക സംവിധാനങ്ങളിലേക്കു വനംവകുപ്പ് മാറേണ്ടതുണ്ട്. കയ്യിലൊതുങ്ങുന്ന ഒരുപിടി തൂപ്പ് (പച്ചില) പിടിച്ചാണു വാച്ചർമാരും മറ്റും തീ തല്ലിക്കെടുത്തുന്നത്. ഈ സാഹചര്യം ഒഴിവാക്കണം. വനംമന്ത്രിയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും വീട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് ആശ്വസിപ്പിച്ചു. ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.’– കണ്ണൻ പറഞ്ഞു.

thrissur-fire-accident
തീപിടിത്തത്തിൽ ചാരമായ ദേശമംഗലം കൊറ്റമ്പത്തൂർ ഇല്ലിക്കുണ്ട് വനമേഖല.

കാർത്ത്യായനിയാണു വേലായുധന്റെ ഭാര്യ. മൂന്നു മക്കൾ. രണ്ടുപേരുടെ വിവാഹം കഴിഞ്ഞു. വരുന്ന ഞായറാഴ്ച മൂന്നാമത്തെയാളുടെ വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചിരിക്കേയാണ് അപ്രതീക്ഷിത വിയോഗം. ആൺമക്കൾ ഡ്രൈവർ ജോലി ഉൾപ്പെടെയുള്ള കൂലിപ്പണി ചെയ്താണു കുടുംബം പോറ്റുന്നത്. വേലായുധന്റെ മക്കൾ സംസാരിക്കാൻ തയാറായെങ്കിലും വാക്കുകളെല്ലാം കണ്ണീരിൽ കുതിർന്നു. വേലായുധന്റെയും ശങ്കരന്റെയും അയൽവാസിയും വേലായുധന്റെ മകൻ സുബീഷിന്റെ സുഹൃത്തുമായ നിധീഷാണ് ഇടറിയ വാക്കുകളിലെങ്കിലും ഇവർക്കുവേണ്ടി സംസാരിക്കാൻ മുന്നോട്ടുവന്നത്.

‘ഞങ്ങൾക്കു വേണ്ടപ്പെട്ടവരാണു കാട്ടുതീയിൽ ഇല്ലാതായത്. രണ്ടു വീട്ടിലെയും അവസ്ഥ വളരെ മോശമാണ്. രണ്ടുമൂന്നു ദിവസമായി മറ്റൊരിടത്തു കാട്ടുതീ അണച്ചശേഷമാണ് ഇവരുൾപ്പെടെയുള്ള വാച്ചർമാർ വീടുകളിലെത്തിയത്. പിറ്റേന്നു ഞായറാഴ്ച വനംവകുപ്പുകാർ വീണ്ടും വിളിച്ചപ്പോഴാണു പോയത്. ആ യാത്ര ഇങ്ങനെയായി തീരുമെന്ന് ആരും കരുതിയില്ല. കെടുത്തുന്നതിനിടെ തീയിൽ പെട്ടുപോവുകയായിരുന്നു അവർ. ഇവരുടെ മക്കൾക്കാർക്കും സ്ഥിരമായ ജോലിയൊന്നുമില്ല. ബന്ധുക്കളെപ്പോലെ നാട്ടുകാർക്കും തീരാദുഃഖമാണ്, തീരാവേദനയാണ് ഈ മരണങ്ങൾ. ഇതുവരെയുള്ള അധികൃതരുടെ പിന്തുണയിൽ തൃപ്തിയുണ്ട്. ഇനിയും കൂടുതൽ സഹായം ഉണ്ടായെങ്കിലേ ഇവരുടെ ജീവിതം മുന്നോട്ടു പോകൂ.’– നിധീഷ് പറഞ്ഞു.

നീറ്റലായി അവസാന വാക്കുകൾ

പ്രദേശവാസിയായ കൊറ്റമ്പത്തൂർ സുധീഷിന്റെ വീട്ടിൽ കയറി വെള്ളം വാങ്ങിക്കുടിച്ചാണു ശങ്കരനും ദിവാകരനും വേലായുധന‍ുമടക്കം ഏഴംഗ വനംവകുപ്പ് സംഘം തീയണയ്ക്കാൻ ഇല്ലിക്കുണ്ടിലേക്കു കയറിത്. കാട്ട‍ിൽ തീ പടർന്നിട്ടുണ്ടെന്ന വിവരം അറിയിക്കാൻ സുധീഷിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്നു ശങ്കരൻ പരാതിയും പറഞ്ഞു. മൂന്നു ദിവസമായി ഇതേ മേഖലയിൽ തീയണയ്ക്കാൻ എത്തിയപ്പോഴെല്ലാം സുധീഷിന്റെ വീട്ടിൽനിന്ന് സംഘം വെള്ളം കുടിച്ചിരുന്നു. മലകയറിയ സംഘത്തിലൊരാൾ നാലരയോടെ തിരികെയെത്തി ജീപ്പിൽ കയറിപ്പോയെങ്കിലും മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തിയപ്പോഴാണു പന്തികേടു തോന്നിയത്. മൂന്നുപേർ തീയിൽപ്പെട്ടെന്നു പറഞ്ഞു സുധീഷിനെയും കൂട്ടി കാട്ടിലേക്കോടി.

thrissur-kottambathoor-forest
തീപിടിത്തത്തിൽ ചാരമായ ദേശമംഗലം കൊറ്റമ്പത്തൂർ ഇല്ലിക്കുണ്ട് വനമേഖല.

ദിവാകരനെയും വേലായുധനെയും മരിച്ച നിലയിലാണു കണ്ടെത്തിയത്. സമീപത്തായി പൊള്ളലേറ്റ നിലയിൽ ശങ്കരനെയും കണ്ടു. വാച്ചർമാരിലൊരാളായ മൊയ്തീൻ, സുധീഷ്, സഹോദരൻ സജീഷ്, അഖിൽ, ദീപുലാൽ എന്നിവർ ചേർന്നാണു ശങ്കരനെ താങ്ങിയെടുത്തത്. തോളിൽ താങ്ങി അരക്കിലോമീറ്ററോളം നടന്നാണു താഴെ എത്തിച്ചത്. 108 ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ‘വീട്ടിൽ കുട്ടികൾ ഒറ്റയ്ക്ക‍ാണ്..’ നീറ്റലിനിടയിലും ശങ്കരൻ പറഞ്ഞത് ഇതായിരുന്നു. മുകളിലേക്കു കയറും മുൻപു ചോദിച്ചപോലെ അവസാനമായി ശങ്കരൻ സുധീഷിനോട് ആവശ്യപ്പെട്ടതും വെള്ളമായിരുന്നു. രണ്ട് ആൺമക്കളാണ് ശങ്കരന്.‘നീയും മോനും കഴിച്ചോ?..’ എന്നായിരുന്നു ദിവാകരൻ ഭാര്യ ഇന്ദിരയോട് അവസാനമായി സംസാരിച്ചത്. ആ വാക്കുകൾ വാഴച്ചാൽ ഊരിലാകെ മുഴങ്ങുകയാണ്, ഇന്ദിരയുടെ നിലവിളിയായി.

മുൻപും മരണങ്ങൾ, ഒന്നും പഠിച്ചില്ല

കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ജീവനക്കാരുടെ ജീവൻ പൊലിഞ്ഞ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. രണ്ടു വർഷം മുൻപു വയനാട് പുൽപ്പള്ളി വന്യജീവി സങ്കേതത്തോടു ചേർന്നുണ്ടായ കാട്ടുതീയിൽ ഗാർഡ് ബീജാപ്പുർ സ്വദേശി മുനിയപ്പ വെന്തുമരിച്ചിരുന്നു. രണ്ടു ഫയർ വാച്ചർമാർക്കു ഗുരുതര പരുക്കേറ്റു. വനം കൺസർവേറ്ററുടെ ഔദ്യോഗിക വാഹനത്തിനു തീപിടിക്കുകയും ചെയ്തു.

കുളത്തൂപ്പുഴ വനത്തിൽ ത‍ീയണയ്ക്കാൻ പോയ സംഘത്തിലെ വാച്ചർ അടിപറമ്പ‍ു സ്വദേശി ഗംഗാധരനെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത് ഏതാനും വർഷം മുൻപാണ്. നെടുങ്കണ്ടത്ത് കാട്ടുതീ കെടുത്ത‍ുന്നതിനിടെ തമിഴ്നാട് വനംവകുപ്പിലെ വാച്ചർ നമ്മാൾവാർ പൊള്ളലേറ്റു മരിച്ചതും വർഷങ്ങൾക്കു മുൻപാണ്. വനയാത്രയ്ക്കു പോയ 37 അംഗ സംഘത്തിലെ 5 സ്ത്രീകളടക്കം 8 പേർ തമിഴ്നാട് കേരള അതിർത്തിയിലെ കൊരങ്ങിണിയിൽ കാട്ടുതീയിൽപ്പെട്ടു മരിച്ചത് കഴിഞ്ഞ വർഷവും.

കേരളത്തിൽ കാട്ടുതീ സാധാരണമാണ്; കാട്ടുതീയിൽപ്പെട്ടുള്ള മരണങ്ങൾ അസാധാരണവും. അധികൃതരുടെ അനാസ്ഥയുടെ ഇരകളാണ് കൊറ്റമ്പത്തൂരിൽ മരിച്ചവർ. ദീർഘകാലമായി കാടുമായി ബന്ധമുണ്ടായിട്ടും കാട്ടുതീ ആളിയപ്പോൾ നിസഹായരായി നിൽക്കാനേ ഇവർക്കായുള്ളൂ. അനുഭവ സമ്പത്തുള്ള ഇവരെ നിരാശ്രയരാക്കിയതു സർക്കാരാണ്, വനംവകുപ്പാണ്. വനപാലകര്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ സര്‍ക്കാറിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനമാണു പരിസ്ഥിതി സംഘടനകളും പ്രവർത്തകരും ഉന്നയിക്കുന്നത്. വനംവകുപ്പ് ക്ഷണിച്ചുവരുത്തിയ ദുരന്തമാണിതെന്ന ആരോപണത്തിൽ കഴമ്പുണ്ടോ? കേട്ടാൽ ഞെട്ടിപ്പോകുന്ന സംഭവങ്ങളാണു കാടിന്റെ പേരിൽ നടക്കുന്നത്. അതേപ്പറ്റി അടുത്തദിവസം തുടരും.

Content Highlights: Wildfire, Forest Fire in Kerala, Wildfire Disaster, Forest Fire Disaster Management