ADVERTISEMENT

ന്യൂഡല്‍ഹി∙ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് കപിൽ മിശ്ര. ജാഫറാബാദിലെയും ചാന്ദ് ബാഗിലെയും റോഡുകളിൽനിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന‌ാണു ഡല്‍ഹി പൊലീസിനോട് കപില്‍ മിശ്രയുടെ ഭീഷണി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നതുവരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും പിന്നാലെ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നുമാണ് മിശ്രയുടെ വാക്കുകള്‍. കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

'പൊലീസിനു ഞാന്‍ മൂന്ന് ദിവസത്തെ സമയം നൽകുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ ഞങ്ങള്‍ തന്നെ അതിനു മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ നിന്നു മടങ്ങിപ്പോകും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും. അതിനു ശേഷം അനുനയ നീക്കവുമായി പൊലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നതു കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ല- കപില്‍ മിശ്ര പറഞ്ഞു.

ഈ റിപ്പോര്‍ട്ട് പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ജാഫറാബാദിലടക്കം പ്രശ്‌നങ്ങള്‍ ആരംഭിച്ചു. സീലംപൂരിലും, മൗജ്പൂരിലും അക്രമസംഭവങ്ങളുണ്ടായി. കല്ലേറില്‍ തുടങ്ങിയ സംഘര്‍ഷം വെടിവയ്പ്പിലേക്കു വളര്‍ന്നു. ഇതിനിടെ, വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. കൊല്ലപ്പെട്ട ആറുപേര്‍ നാട്ടുകാരും ഒരാള്‍ ഹെഡ് കോണ്‍സ്റ്റബിളുമാണ്. സംഘര്‍ഷങ്ങളില്‍ 105 പേര്‍ക്ക് പരുക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമാണ്.

അതേസമയം ഡൽഹിയിലെ സംഘര്‍ഷങ്ങൾ തുടരുകയാണ്. മൗജ്പൂരിലും ബ്രഹ്മപുരിയിലും ഇന്നു രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. ബ്രഹ്മപുരിയില്‍ പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി. ജാഫ്രാബാദില്‍ റിപ്പോര്‍ട്ടിങ്ങിനിടെ മനോരമന്യൂസ് സംഘത്തെയും തടഞ്ഞു.

എട്ട് കമ്പനി സിആർപിഎഫ് സേനയും റാപിഡ് ആക‌ഷൻ ഫോഴ്സും വനിതാ സുരക്ഷാ സേനയും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, പൗരത്വ നിയമത്തിനെതിരെ ജാഫ്രാബാദിൽ റോഡ് ഉപരോധിച്ചുള്ള സമരം തുടരുകയാണ്. സാമുദായിക ഐക്യം നിലനിര്‍ത്തണമെന്ന് ഡല്‍ഹിയിലെ ജനങ്ങളോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആഹ്വാനം ചെയ്തു.

English Summary: BJP leader Kapil Mishra provocative speech 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com