ADVERTISEMENT

കയ്‌റോ ∙ ഈജിപ്തിലെ മുൻ പ്രസിഡന്റ് ഹുസ്നി മുബാറക് (91) അന്തരിച്ചു. രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈജിപ്തിലെ നാലാമത്തെ പ്രസിഡന്റായ ഹുസ്നി മുബാറക്, 1981 മുതൽ 2011 വരെ തൽസ്ഥാനത്തു തുടർന്നു.

മുപ്പതുവർഷത്തെ സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ച ജനകീയ പ്രക്ഷോഭത്തെ തുടർന്നു 2011ൽ സ്ഥാനഭ്രഷ്ടനായ മുബാറക്കിനെ 2012ൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. അഴിമതി മുതൽ കൊലപാതകം വരെയായിരുന്നു കുറ്റങ്ങൾ. സ്ഥാനഭ്രഷ്ടനായി രണ്ടു മാസങ്ങൾക്കുശേഷം 2011 ഏപ്രിലിലാണു മുബാറക് അറസ്റ്റിലായത്. തുടർന്നു ജയിലിലും ദക്ഷിണ കയ്റോയിലെ സൈനിക ആശുപത്രിയിലും കനത്ത കാവലിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

മുബാറക്കിനെ 2011 ഓഗസ്റ്റിൽ സ്‌ട്രെച്ചറിൽ കിടത്തി, കൂട്ടിലടച്ച നിലയിൽ കോടതിയിലെത്തിച്ചത് ഈജിപ്ത് ടിവി സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ, പുനർവിചാരണയ്ക്ക് ഉത്തരവിട്ട അപ്പീൽ കോടതി രണ്ടുവർഷത്തിനു ശേഷം അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. പ്രക്ഷോഭകർ കൊല്ലപ്പെട്ട സംഭവത്തിൽ ഹുസ്നി മുബാറക് നിരപരാധിയാണെന്നു രാജ്യത്തെ പരമോന്നത കോടതി വിധിച്ചതോടെ 2017ലാണ് അദ്ദേഹത്തെ വിട്ടയച്ചത്.

1928 മേയ് നാലിനു ജനിച്ച മുബാറക് സൈനിക അക്കാദമിയിൽ ചേർന്നു ബിരുദം നേടിയശേഷം വ്യോമസേനാ പൈലറ്റായി. ഇസ്രയേലുമായുള്ള യുദ്ധങ്ങളിൽ നിർണായക നീക്കങ്ങൾക്കു നേതൃത്വംനൽകിയ അദ്ദേഹം 1972ൽ വ്യോമസേനാ കമാൻഡറായി നിയമിക്കപ്പെട്ടു. പ്രസിഡന്റ് അൻവർ സാദത്ത് 1975 ഏപിലിൽ അദ്ദേഹത്തെ വൈസ് പ്രസിഡന്റാക്കി. 1981ൽ സൈനിക പരേഡിനിടെ സാദത്ത് വധിക്കപ്പെട്ടതിനെ തുടർന്നാണ് ഈജിപ്തിൽ മുബാറക് കാലഘട്ടം ആരംഭിക്കുന്നത്.

English Summary: Egypt ex president Hosni Mubarak dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com