‘അവർ നിസംഗതയുടെ ഇരകൾ; മന്ത്രിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’

SHARE

വേനലായാൽ നെഞ്ചിൽ തീയുമായാണു വാച്ചർമാരുടെ ജീവിതം. എപ്പോഴാണ് ഒരു തീപ്പൊരി വീണുപടർന്ന് കാട്ടുതീയാവുക എന്ന ഭയമാകും മനസ്സിൽ. കാട്ടിൽ തീയുണ്ടായാൽ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ജോലിക്കെത്തണം. ഇരുട്ടിൽ കാട്ടുവഴികളിലൂടെ തീ കെടുത്താൻ പോകുന്നവരെ കാണാനിടയായാൽ കരച്ചിൽ വരും. വാഹനം പോലും എത്താത്ത വഴികൾ. ലുങ്കിയും വള്ളിച്ചെരിപ്പുമിട്ട് കയ്യിൽ വെട്ടുകത്തിയും ടോർച്ചും പിടിച്ചൊരു നടപ്പാണ്, എല്ലാം നക്കിത്തുടച്ചു ചാരമാക്കുന്ന അഗ്നിക്കു നേരെ..! ഇത്രയും പ്രാകൃതവും സാഹസികവുമായി തീ അണയ്ക്കുന്നവർ കേരളത്തിൽ മാത്രമേ കാണൂ. അധികൃതർ സൃഷ്ടിച്ച ഈ ദുരവസ്ഥയാണു കൊറ്റമ്പത്തൂരിലെ കൂട്ടമരണത്തിനു കാരണമെന്ന് അറിയുമ്പോഴാണു നിസംഗത എന്തുമാത്രം ക്രൂരമാണെന്നു തിരിച്ചറിയുക.

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ (എച്ച്എൻഎൽ) അക്കേഷ്യ മരങ്ങളുടെ എസ്റ്റേറ്റ് മനുഷ്യന് എത്താൻ ബുദ്ധിമുട്ടുള്ള കാടാണ്. എച്ച്എൻഎല്ലിന്റെ കൈവശമാണെങ്കിലും നാലഞ്ചു വർഷം മുൻപുവരെ ഇവിടെ അഗ്നിസുരക്ഷാ മുൻകരുതൽ സ്വീകരിച്ചിരുന്നു. ആയിരത്തിലേറെ ഏക്കറിലാണ് അക്കേഷ്യ വളരുന്നത്. പേപ്പർ പൾപ് ഉണ്ടാക്കാനായി മരങ്ങൾ വെട്ടിക്കൊണ്ടു പോയിരുന്നത് ഏതാനും വർഷംമുൻപ് നിലച്ചു. ഒപ്പം, വേനൽക്കാലത്തെ പുല്ലുവെട്ടലും. ഇവിടെ ഇഞ്ചക്കാടും പുൽക്കാടും നിറഞ്ഞു. വേനലിൽ പുല്ല് ഉണങ്ങിയതോടെ തീപ്പൊരി വീണാൽ നിമിഷവേഗത്തിൽ കാട് ആളിക്കത്തും. ബൂട്ടുകൾ പോലുമില്ലാത്ത ‘കാടിന്റെ കാവൽഭടന്മാർ’ നഗ്നപാദരായി പച്ചില വെട്ടി അടിച്ചടിച്ച് തീ കെടുത്തും!

കാട്ടുതീ എന്നാണ് ‘ദുരന്തമാവുക’?

മൂല്യം അളക്കാൻ പറ്റാത്തത്ര വനവിഭവങ്ങൾ നശിക്കുന്ന കാട്ടുതീയിൽ ഇപ്പോൾ മനുഷ്യരും പൊലിഞ്ഞിരിക്കുന്നു. ഏക്കർ കണക്കിനു കാട് തിരിച്ചുവരാനാകാത്തവിധം നശിക്കുന്ന കാട്ടുതീയെ ഇന്നോളം ദുരന്തമായി പ്രഖ്യാപിക്കാൻ വനംവകുപ്പ് തയാറായിട്ടില്ലെന്നു ഫയർ ഫ്രീ ഫോറസ്റ്റ് സജീവ പ്രവർത്തകനും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റുമായ എൻ.ബാദുഷ ചൂണ്ടിക്കാട്ടുന്നു. കാട്ടുതീക്കെതിരെ കേരളത്തിലെ മുപ്പതിലധികം പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയാണു ഫയർ ഫ്രീ ഫോറസ്റ്റ്.

‘കാട്ടുതീ വിപത്താണെന്ന് ആദ്യമായി ക്യാംപെയ്ൻ ആരംഭിക്കുന്നത് 1984ൽ ആണ്. കാട്ടുതീ വിപത്താണെന്നു വനംവകുപ്പ് കണക്കാക്കിയിട്ടില്ല. കാട് കത്തരുത്, കാട് കത്തിയാൽ നമ്മുടെ വെള്ളം നഷ്ടമാവും എന്ന മുദ്രാവാക്യവുമായി അന്ന് വയനാട് ജില്ലയിൽ ജാഥ നടത്തി. ഇപ്പോഴും നൂറുകണക്കിന് വിദ്യാർഥികളെയും മറ്റും പങ്കെടുപ്പിച്ചുള്ള ബോധവൽകരണ പരിപാടി നടത്തുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ പ്രതിനിധികളും വിവിധ സംഘടനകളും ക്യാംപെയ്നിന്റെ ഭാഗമാണ്. അട്ടപ്പാടി ഉൾപ്പെടുന്ന പ്രദേശത്ത് സാരംഗ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലും കാട്ടുതീ ബോധവത്കരണം വർഷങ്ങളായി നടത്തുന്നുണ്ട്.

എന്നാൽ വനംവകുപ്പ് അപലപനീയമായ നിസംഗതയാണു സ്വീകരിച്ചിരിക്കുന്നത്. കാട്ടുതീ വനത്തിന്റെ പ്രധാന വെല്ലുവിളിയാണെന്ന് അംഗീകരിച്ചിട്ടില്ല. ആഗോള താപനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഓസ്ട്രേലിയയിലും ബ്രസീലിലും കലിഫോർണിയയിലും, കാട് കത്തുന്നുണ്ട്. വളരെയധികം ചൂഷണം നടന്നതിനാൽ കുറച്ചു വനപ്രദേശമേ കേരളത്തിലുള്ളൂ. പശ്ചിമഘട്ടത്തിലെ ചോലവനങ്ങളിൽനിന്നാണ് 44 നദികളും ഉരുവം കൊള്ളുന്നത്. ദക്ഷിണേന്ത്യയുടെ ജീവൻ നിലനിർത്തുന്നതു പശ്ചിമഘട്ടമാണ്. കേരളം നേരിട്ട പ്രകൃതിദുരന്തങ്ങളുടെ മൂലകാരണം കാട്ടുതീയാണ്.

ആ ഗൗരവത്തിൽ വിഷയം ഉൾക്കൊള്ളാൻ സർക്കാരോ വനംവകുപ്പോ തയാറല്ല. ലോകമാകെ കാട്ടുതീ തടയാൻ ആധുനിക സംവിധാനങ്ങളും സൗകര്യവും പ്രയോജനപ്പെടുത്തുമ്പോൾ കേരളം പിന്നിലാണ്. ഇന്ത്യയിൽ ഒഡിഷ, അസം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ മുന്നിലാണ്. ആവശ്യത്തിനു ഫണ്ട് ഉണ്ടായിട്ടും കാടിനെ തീയിൽനിന്നു രക്ഷിക്കാനുള്ള നടപടികളൊന്നും വകുപ്പ് സ്വീകരിക്കുന്നില്ല. ബ്രിട്ടിഷുകാരുടെ കാലം മുതലുള്ള നല്ല മാർഗങ്ങളിലൊന്നായിരുന്നു ‘ഫയർലൈൻ’. തീപിടിത്തത്തിനു സാധ്യതയുള്ള സ്ഥലങ്ങളിൽ കുറഞ്ഞത് 5.2 മീറ്റർ വീതിയിലെങ്കിലും കാടും പുല്ലും കുറ്റിച്ചെടികളും നീക്കം ചെയ്യുന്ന പ്രതിരോധമാണിത്.

ഫയർലൈൻ അശാസ്ത്രീയവും പാഴ്ച്ചെലവുണ്ടാക്കുന്നതുമാണ് എന്നാണ് വനംവകുപ്പിലെ ഒരു വിഭാഗത്തിന്റെ നിലപാട്. അതിനാൽ ഇത്തവണ ഫയർലൈൻ നിർമാണം ഫലവത്തായില്ല. സുരക്ഷാമാനദണ്ഡം അനുസരിച്ചു തീ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളോ ഷൂകളോ ഉപകരണങ്ങളോ ഇല്ലാതെയാണ് വാച്ചർമാരെ കാട്ടിനുള്ളിലേക്കു പറഞ്ഞയയ്ക്കുന്നത്. ഹെലികോപ്റ്ററിൽ വെള്ളം തളിക്കുന്നതോ തീ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നതോ വനംവകുപ്പ് ആലോചിച്ചിട്ടു പോലുമില്ല. ഓക്സിജൻ മാസ്ക് പോലുമില്ലാതെയാണ് ഇവർ തീക്കാട്ടിലേക്കു പോകുന്നത്. ദേശമംഗലം കൊറ്റമ്പത്തൂർ സംഭവത്തിൽ വനംവകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണുണ്ടായത്. കൊലപാതകത്തിന് ശിക്ഷിക്കപ്പെടേണ്ടവരാണ് ഉദ്യോഗസ്ഥർ.

വനം വകുപ്പ് ഉദ്യോഗസ്ഥരെയും വനം മന്ത്രിയെയും പ്രതി ചേർത്ത് കൊലപാതകക്കുറ്റത്തിനു കേസെടുക്കേണ്ടതാണ്. കൊറ്റമ്പത്തൂരിൽ ഫയർലൈൻ എടുത്തിരുന്നില്ല. ആകാശം മുട്ടെ ഉയരത്തിൽ ആളിപ്പടരുന്ന തീയെ ചെറുക്കാൻ ഫയർലൈൻ മാത്രമാണു നിലവിൽ പോംവഴി. തീ നടുവിൽ പ്രാണവായു കിട്ടില്ലെന്ന് ഏവർക്കും അറിയാവുന്നതാണ്. ഈ വാച്ചർമാർക്ക് ഓക്സിജൻ സിലിണ്ടറും മാസ്കും കൊടുത്തിരുന്നില്ല. ആവശ്യത്തിനു വെള്ളം ലഭ്യമാക്കിയിരുന്നില്ല. പച്ചിലക്കമ്പ് മാത്രമായിരുന്നു വാച്ചർമാരുടെ കയ്യിലുണ്ടായിരുന്നത്. ആദിവാസികളും പ്രകൃതിസ്നേഹികളായ വാച്ചർമാരും മുൻകയ്യെടുക്കുന്നതിനാലാണു കാട്ടുതീ കെടുത്താനാവുന്നത്. അവരാണു യഥാർഥത്തിൽ കാടിനെ സംരക്ഷിക്കുന്നത്.’– ബാദുഷ പറഞ്ഞു.

സർക്കാരിന്റെ ഏറ്റവും വലിയ സ്വത്ത്

സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സമ്പത്ത് വനമാണ്. കാട്ടിലെ മരങ്ങളും വന്യജീവികളും അടങ്ങുന്ന ജൈവസമ്പത്തിനു വിലപറയാനാവില്ല. ഇതു സംരക്ഷിക്കാൻ സർക്കാർ തയാറാകുന്നില്ല. കാട് കത്തിയാൽ പിഴയീടാക്കുമെന്ന നിയമമുള്ളതിനാൽ അപകടത്തിന്റെ കൃത്യമായ കണക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്താറുമില്ല. ഔദ്യോഗിക രേഖകളിൽ അടിക്കാടോ പുൽക്കാടോ കത്തിയെന്ന താരതമ്യേന ‘കുറഞ്ഞ നഷ്ടത്തിൽ’ സംഭവം എഴുതിത്തള്ളും. കത്തിയ മരത്തിന്റെ കണക്കെടുത്താൽ പോലും കഴിഞ്ഞ വർഷങ്ങളിൽ കോടിക്കണക്കിനു രൂപയാണു നഷ്ടം. ചെറുതും വലുതുമായ ആയിരക്കണക്കിനു വന്യജീവികളുടെ മരണവും നികത്താനാകാത്ത നഷ്ടമാണ്.

സംസ്ഥാനത്ത് ഒരേക്കർ വനം കത്തിയാൽ എത്ര മരം ചാരമായി, എത്ര ജീവികൾ ചത്തു, ജൈവനഷ്ടവും പരിസ്ഥിതി നഷ്ടവും എത്ര എന്നുള്ള സൂക്ഷ്മമായ കണക്ക് രേഖപ്പെടുത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നു പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു. വരുംദിവസങ്ങളിൽ ചൂട് കൂടുന്നതിനാൽ കാട്ടുതീക്ക് സാധ്യതയുണ്ടെന്നും പ്രതിരോധമൊരുക്കണമെന്നും ഫയർ ഫ്രീ ഫോറസ്റ്റ് പ്രവർത്തകർ രണ്ടു മാസം മുൻപു തന്നെ വനംവകുപ്പിനും സർക്കാരിനും ദുരന്തനിവാരണ സമിതിക്കും മുന്നറിയിപ്പ് നൽകിയിരുന്നു. വരൾച്ചയും പ്രളയവും വെള്ളപ്പൊക്കവും പോലെ കാട്ടുതീയെയും ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (എഫ്എസ്ഐ) രേഖപ്രകാരം 2019ൽ രാജ്യത്ത് 30,000ലേറെ കാട്ടുതീ ആണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 38 വലിയ കാട്ടുതീ സംഭവങ്ങളുണ്ടായി. രാജ്യത്തെ വനത്തിന്റെ 36% (6.58 ലക്ഷം ചതുരശ്ര കിലോമീറ്റർ) കാട്ടുതീ സാധ്യതാപ്രദേശങ്ങളാണ്; കേരളത്തിൽ 11,965 ചതുരശ്ര കിലോമീറ്ററും. സംസ്ഥാനത്ത് 2018ൽ കാട്ടുതീയുണ്ടായത് 314 തവണയാണ്, 2017ൽ 716ഉം. 2017–18ൽ 1114 ഹെക്ടർ വനം കത്തിനശിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതിലൂടെയുണ്ടായ സാമ്പത്തിക നഷ്ടമാകട്ടെ 53,000 രൂപ മാത്രം! 2016–17ൽ 716 തീപിടിത്തത്തിലൂടെ 3290 ഹെക്ടർ വനം നശിച്ചു, 2.95 ലക്ഷത്തിന്റെ സാമ്പത്തിക നഷ്ടമുണ്ടായി. 2004– 2017 കാലയളവിൽ കേരളത്തിൽ 1,719 ഫയർപോയിന്റുകൾ കണ്ടെത്തിയതായും എഫ്സിഐ റിപ്പോർട്ടിൽ പറയുന്നു.

വനംവകുപ്പിനൊപ്പം ത്രിതല പഞ്ചായത്തുകൾ, ടൂറിസം വകുപ്പ്, ദുരന്ത നിവാരണ വകുപ്പ് തുടങ്ങിയവയുടെ കൂട്ടായ്മയിലൂടെയെ കാട്ടുതീ ഫലപ്രദമായി നേരിടാനാകൂ. ഇക്കോ ടൂറിസത്തിന്റെ പേരിൽ കേരളത്തിലെ മുഴുവൻ മലനിരകളിലേക്കും മനുഷ്യരെത്തിക്കഴിഞ്ഞു. കാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ വേനൽക്കാലത്ത് അടച്ചിടണം. വനംകൊള്ളക്കാരിൽനിന്നോ കയ്യേറ്റക്കാരിൽനിന്നോ ഉള്ള ഭീഷണിയേക്കാൾ വലുതാണു തീയിൽനിന്ന് കേരളത്തിലെ കാടുകൾ നേരിടുന്നത്. മൂന്നു പേരുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ, കാട്ടുതീയെ യാഥാർഥ്യബോധത്തിൽ ഉൾക്കൊള്ളാൻ സർക്കാർ തയാറാകണമെന്നും പരിസ്ഥിതി സ്നേഹികൾ ചൂണ്ടിക്കാട്ടുന്നു.

പദ്ധതിയുണ്ടായിട്ടും വകുപ്പിന് പകപ്പ്

കാട്ടുതീ തടയാൻ ഫയർ മാനേജ്മെന്റ് പ്ലാനുണ്ട് വനംവകുപ്പിന്, പക്ഷേ കടലാസിലാണെന്നു മാത്രം. ഡിസംബർ മുതൽ ഫയർലൈൻ തെളിക്കൽ, നിയന്ത്രിത തീയിടൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ടു പോയില്ല. വേഗത്തിൽ ഫയർലൈൻ തെളിക്കാനുള്ള ഉപകരണങ്ങൾ ഇല്ലെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. തീ പിടിച്ചാൽ മൊബൈലിൽ വിവരം ലഭിക്കുംവിധം ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ തയാറാക്കിയ ഫയർ അലർട് സംവിധാനവും കൊറ്റമ്പത്തൂർ അപകടത്തിൽ പ്രവർത്തിച്ചില്ല. തീ അണയ്ക്കാൻ 60 ലക്ഷം മുടക്കി രണ്ടു ഫയർ റസ്പോണ്ടർ വാഹനങ്ങൾ വകുപ്പ് വാങ്ങിയിട്ടുണ്ടെങ്കിലും നിബിഡ വനത്തിലേക്കു കടക്കാനുള്ള മാർ‌ഗമില്ല.

തീ അണയ്ക്കുന്നവർ കാർബൺ ഡയോക്സൈഡ് ശ്വസിച്ച് ബോധരഹിതരാകാതിരിക്കാൻ ഓക്സിജൻ സിലിണ്ടറുകളും നൽകാനില്ല. ആശയവിനിമയത്തിനും അപകടസാധ്യത കുറയ്ക്കാനുമുള്ള വയർലെസ്, മൊബൈൽ സെറ്റുകൾ, വാക്കിടോക്കി തുടങ്ങിയവ ആവശ്യത്തിനില്ല. കൂപ്പ് റോഡുകളിൽ ഫയർ എൻജിന് എത്താൻ കഴിയാത്തതും വെള്ളം തീർന്നാൽ നിറയ്ക്കാൻ കഴിയാത്തതും പ്രതിസന്ധിയാണ്. വെള്ളത്തിനായി ചെക്ക് ഡാം, മഴക്കുഴികൾ എന്നിവ സജ്ജമാക്കണമെന്ന നിർദേശവും കടലാസിൽ ഉറങ്ങുന്നു. പലയിടങ്ങളിലും ഫയർ വാച്ച് ടവറുകളില്ല. മുൻ‍കരുതലായി താഴ്‌വാരങ്ങളിലെ പുൽമേടുകൾ നിയന്ത്രിതമായി കത്തിക്കാറുള്ളത് ഇത്തവണയുണ്ടായില്ല. വാച്ചർമാർ ഉൾപ്പെടെ മനുഷ്യവിഭവശേഷിയുടെ കുറവുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

തീപിടിത്തം മനുഷ്യ നിർമിതം, അന്വേഷണം

കാട്ടുതീ ഉണ്ടായാൽ ജാഗ്രത പുലർത്തണമെന്നു ഫയർഫോഴ്‌സ് മുന്നറിയിപ്പ് നൽകുന്നു. കാട്ടുതീ കെടുത്താൻ പോകുന്ന രക്ഷാപ്രവർത്തകർ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കണം. കാട്ടുതീയുടെ പുക ശ്വസിച്ചാൽ അബോധാവസ്ഥയിലാകാൻ സാധ്യതയുള്ളതിനാൽ നനഞ്ഞ തുണി കൊണ്ടു മൂക്കും വായും കെട്ടണമെന്നും ഫയർഫോഴ്‌സ് നിർദേശിക്കുന്നു. വാഹനം എത്തുന്ന സ്ഥലങ്ങളിൽ അഗ്നിരക്ഷാ സേനയുടെ സഹായം തേടാമെങ്കിലും ഉൾക്കാട്ടിൽ സാധിക്കില്ല. പരിചയ സമ്പന്നരായ പ്രദേശവാസികളെ വാച്ചർമാരായി നിയമിച്ചാൽ തീ എവിടെനിന്നു തടയാൻ കഴിയുമെന്നും രക്ഷപ്പെടാനുള്ള വഴികൾ എവിടെയെന്നും അവർക്കു കണ്ടെത്താനാകും. എന്നാൽ, ഫണ്ട് കുറവെന്ന പേരിൽ ഈ വർഷം വാച്ചർമാരെ എല്ലായിടത്തും നിയമിച്ചിട്ടില്ല.

കാട്ടുതീ പടർന്നു പിടിക്കുന്ന ഈ സമയത്തു ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ആറു മാസത്തെ പരിശീലനം നൽകുന്ന തിരക്കിലാണ് വനംവകുപ്പ്. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർക്കു പ്രമോഷൻ നൽകുന്നതിനുള്ള പരിശീലനമാണു സംസ്ഥാനത്തെ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നത്. ദേശമംഗലത്തെ ദുരന്തം മനുഷ്യനിർമിതമാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പീച്ചി വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയുടെ അനാസ്ഥയും അപകടകാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഫണ്ടായി വനംവകുപ്പിനു കോടിക്കണക്കിനു രൂപ കിട്ടിയിട്ടും അതെല്ലാം എവിടേക്കാണു പോകുന്നത്? വാച്ചർമാരെ ‘നിരായുധരാക്കുന്നത്’ ആരാണ്? അതേപ്പറ്റി അടുത്തദിവസം തുടരും.

Content Highlights: Wildfire, Forest Fire in Kerala, Wildfire Disaster, Forest Fire Disaster Management