ADVERTISEMENT

കൊച്ചി∙ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കെ ഉറക്കം വന്നാൽ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത് അൽപ നേരം ഉറങ്ങണമെന്നാണു വിദഗ്ധ നിർദേശം. അഞ്ചു മണിക്കൂർ കൂടുതൽ വാഹനമോടിക്കുന്ന ഡ്രൈവർ അരമണിക്കൂർ ഉറങ്ങണമെന്നാണു മോട്ടർ വാഹന തൊഴിലാളി നിയമത്തിലും പറയുന്നത്. എന്നാൽ, അങ്ങനെ ഉറങ്ങിയതിന് സസ്പെൻഷൻ കിട്ടിയാലോ?

2014ലാണു സംഭവം. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട ബെംഗളൂരു – എറണാകുളം വോൾവോ ബസാണ് (ആർഎസ് 784) അന്ന് ഡ്രൈവർ എ.എസ്. ബോബൻ ഓടിച്ചിരുന്നത്. ഇന്നത്തെ പോലെ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം അന്ന് കെഎസ്ആർടിസിയിൽ ഇല്ല. സംഘടനകളുടെ വേദികളിലുൾപ്പെടെ ഡ്രൈവർ കം കണ്ടക്ടർ സംവിധാനത്തെ കുറിച്ച് ശക്തമായി വാദിച്ചിരുന്നയാളായിരുന്നു ബോബൻ. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പുലർച്ചെ അവിനാശിയിലെത്തിയപ്പോൾ ബോബന് ഉറക്കം വന്നു തുടങ്ങി. കണ്ണടഞ്ഞു പോകുമെന്ന നിലയിലായി അവസ്ഥ. വിശ്രമമില്ലാതെ വാഹനമോടിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ബോബൻ വാഹനം നിർത്തി. അര മണിക്കൂറോളം ഉറങ്ങി.

ഒരു യാത്രക്കാരൻ തട്ടിവിളിച്ചപ്പോഴാണു ബോബൻ ഉറക്കം വിട്ട് ഉണർന്നത്. മറ്റു നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഉറങ്ങിയതെന്നും കൃത്യ സമയത്തു തന്നെ എറണാകുളത്തെത്തിക്കാമെന്നും യാത്രക്കാരോടു പറഞ്ഞുവെന്ന് ബോബൻ പറയുന്നു. എന്നാൽ, യാത്രയ്ക്കിടെ വാഹനം നിർത്തി ഉറങ്ങിയെന്നും അസഭ്യം പറഞ്ഞുവെന്നും കാണിച്ചു ബോബനെതിരെ ഒരു യാത്രക്കാരൻ പരാതി നൽകി. മേഖല ഓഫിസർ നടത്തിയ അന്വേഷണത്തിൽ ഈ യാത്രക്കാരൻ നേരിൽ ഹാജരാവാൻ തയാറായില്ല. പകരം, പരാതിയിൽ ഉറച്ചു നിൽക്കുന്നതായി ഇ മെയിൽ മുഖേന അറിയിക്കുകയാണു ചെയ്തത്. സർവീസിനിടയിൽ അര മണിക്കൂർ നേരം താൻ ബസ് നിർത്തിയിട്ടു വിശ്രമിച്ചുവെന്നതു സത്യമാണെന്നും അതിനുള്ള കാരണങ്ങളും ബോബൻ മേഖല ഓഫിസറെ അറിയിച്ചു.

ബസ് വഴിയിൽ നിർത്തിയിട്ട് ഉറങ്ങുകയും യാത്രക്കാരെ അകറ്റും വിധം അവരോടു സംസാരിക്കുകയും പെരുമാറുകയും ചെയ്തു കോർപറേഷനു കളങ്കവും വരുമാനനഷ്ടവും ഉണ്ടാക്കുകയും ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്നു ബോബനെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. 45 ദിവസത്തിനുശേഷം കോടതി ഉത്തരവിനെ തുടർന്നാണു ബോബനെ തിരിച്ചെടുത്തത്. പറവൂർ ഡിപ്പോയിലായിരുന്നു നിയമനം. പിന്നീട് ടോമിൻ ജെ. തച്ചങ്കരി എംഡിയായതിനു ശേഷം നൽകിയ പരാതിയിലാണു ബോബൻ വീണ്ടും എറണാകുളം ഡിപ്പോയിലേക്കു മടങ്ങി വരുന്നതും, വോൾവോയിൽ തിരികെ കയറുന്നതും.

അന്ന് ഉറങ്ങിയില്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്നു ബോബൻ തന്നെ പറയുന്നു– ‘ബസ് അപകടത്തിൽപ്പെടുമായിരുന്നു. ഡ്രൈവ് ചെയ്യാൻ ഒട്ടും കഴിയാതെ വന്നപ്പോഴാണ് ഞാൻ ബസ് നിർത്തി അൽപനേരം കിടന്നത്. അന്ന് കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ ഇല്ല. അതുകൊണ്ടു തന്നെ ബസ് നിർത്തി ഉറങ്ങുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല’. ഉറങ്ങിയതിനു കിട്ടിയ സസ്പെൻഷനൊപ്പം അന്ന് നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ ഇതുവരെയും ബോബന് തിരികെ കിട്ടിയിട്ടില്ല.

English Summary: Sharing the experience of a driver who got suspended after falling asleep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com