വാച്ചർമാർക്ക് ഇൻഷുറൻസ്, മരിച്ചവരുടെ മക്കൾക്കു ജോലി; ഉറപ്പുമായി സർക്കാർ

SHARE

വനം വകുപ്പിന്റെ മുൻഗണനാപ്പട്ടികയിൽ കാട്ടുതീ വരുന്നില്ലെന്നതാണു കേരളത്തിലെ അടിസ്ഥാന പ്രശ്നമെന്നു വനശാസ്ത്ര ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഇവിടെ നടന്നിരുന്നുവെങ്കിലും സമീപകാലങ്ങളിൽ ഇതു മുൻഗണനാപ്പട്ടികയിൽ നിന്നൊഴിവായി. ഹൈവേയിലൂടെ സഞ്ചരിക്കാവുന്ന വാഹനങ്ങളാണ് വനം ഉദ്യോഗസ്ഥർക്കുള്ളത്. പലരും കാട്ടിൽ പോകുന്നില്ല. താഴെക്കിടയിലുള്ള ജോലിക്കാരാണു കാടുമായി നിരന്തരം ബന്ധപ്പെടുന്നത്. ഈ വനപാലകരുടെ സംരക്ഷണം ഉറപ്പാക്കേണ്ടതു വകുപ്പിന്റെ ചുമതലയാണ്. മൂന്നു വനപാലകർ മരിച്ചിട്ടും വലിയ തോതിൽ ചർച്ചകളുണ്ടാകാത്തതിനു കാരണം അവർ പിന്നാക്കക്കാരും സാധാരണക്കാരും ആയതിനാലാണെന്നും ആക്ഷേപമുണ്ട്.

കേരളത്തിലെ നൂറു ശതമാനം കാട്ടുതീയും മനുഷ്യരുടെ ഇടപെടലിനെ തുടർന്നാണ്. വനംവകുപ്പിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ തീയിടുന്നവരുണ്ട്. പൊതുജനങ്ങളോടു ശത്രുത മനോഭാവം മാറ്റിവയ്ക്കുകയും അവരെയും ഉൾപ്പെടുത്തിയാലേ ‘തുറന്ന ഖജനാവ്’ ആയ വനം പോലുള്ള പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനാവൂയെന്നു വനംവകുപ്പ് തിരിച്ചറിയണം. വനം, ജനങ്ങളുടെതാണ്. അതു സംരക്ഷിക്കാൻ സർക്കാരേൽപ്പിച്ചവർ മാത്രമാണു വനംവകുപ്പ്. ഇതു മനസ്സിലാക്കാതെ വനവുമായി ബന്ധപ്പെടുന്നവരെയെല്ലാം ശത്രുക്കളായി കാണുന്ന മനോഭാവം മാറണം. ഫയർ അലർട്ടുകൾ കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും താഴെത്തട്ടിൽ എത്തിക്കുന്നതിൽ വനംവകുപ്പ് പരാജയമാണ്. ഇതാണു കൊറ്റമ്പത്തൂരിലെ അപകടകാരണം.

കേരളത്തിൽ വനവിസ്തൃതി കൂടിയെന്ന റിപ്പോർട്ട് ശുദ്ധ അസംബദ്ധമാണെന്നും വനശാസ്ത്ര ഗവേഷകർ പറയുന്നു. ഉപഗ്രഹ സർവെ നടത്തിയാണ് എഫ്എസ്ഐ വനത്തിന്റെ കണക്കെടുക്കുന്നത്. റബർ, കാപ്പി, ചായ, ഏലം പ്ലാന്റേഷനുകൾ അടക്കം പച്ചപ്പിൽ കാണുന്നതെല്ലാം വനത്തിന്റെ പരിധിയിലാണു ചേർത്തിരിക്കുന്നത്. നമ്മുടെ വനത്തിന്റെ അളവ് കൂടിയിട്ടില്ലെന്നു മാത്രമല്ല, തനതു സ്വഭാവം കുറയുകയും ചെയ്തിരിക്കുന്നു. വനംവകുപ്പിന്റെ ഫണ്ട് വിനിയോഗത്തെക്കുറിച്ച് ആക്ഷേപങ്ങളുള്ളതിനാൽ സ്വതന്ത്രസമിതി അന്വേഷിച്ച് ഓഡിറ്റ് നടത്തുന്നതാണ് ഉചിതം. പണം എന്തിനൊക്കെയാണു ചെലവഴിച്ചത് എന്നതിനെപ്പറ്റി വനംവകുപ്പ് ധവളപത്രം ഇറക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.

നാട്ടിലെപ്പോലെയല്ല കാട്ടിലെ തീ

മറ്റെല്ലാ ദുരന്തങ്ങളെയും പോലെ ഒഴിവാക്കുക എന്നതാണു കാട്ടുതീയുടെ കാര്യത്തിലും ഏറ്റവും അടിസ്ഥാനവും ശരിയുമായ ദുരന്തനിവാരണ മാർഗമെന്നാണു യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടിയുടെ അഭിപ്രായം. ‘കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങൾ പൊതുവെ വർധിച്ചു വരികയാണ്. യുഎസിലും ഓസ്‌ട്രേലിയയിലും തീ പിടിക്കുമ്പോൾ നേരിടാനുള്ള സംവിധാനം അവിടെയുണ്ട്. ഫ്രാൻസിലെ അഗ്നിസുരക്ഷാ ഓഫിസർമാരുടെ ട്രെയിനിങ് അക്കാദമിയിൽ പരിശീലനത്തിനു ചെന്നപ്പോൾ ഫയർ എൻജിനും ഹെലികോപ്ടറും വിമാനവും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് എങ്ങനെയാണു കാട്ടുതീ കെടുത്തുക എന്നതായിരിക്കും പഠിപ്പിക്കുക എന്നാണു വിചാരിച്ചത്.

എങ്ങനെയാണു വനത്തിൽ അഗ്നിബാധ ഉണ്ടാകുന്നത്? ഓരോ വർഷവും മഴയുടെയും ചൂടിന്റെയും അടിസ്ഥാനത്തിൽ എവിടെ, എപ്പോൾ ഉണ്ടാകുമെന്നു മുൻ‌കൂർ എങ്ങനെ പ്രവചിക്കാം? എന്തൊക്കെ മുൻ‌കരുതലുകൾ ചെയ്യാം? ആളുകളെ എങ്ങനെ ബോധവൽക്കരിക്കാം? അഗ്നിബാധ ഉണ്ടായാൽ ഏറ്റവും വേഗത്തിൽ എങ്ങനെ കൺട്രോൾ റൂമിൽ അറിയാം? അഗ്നിബാധ പടരാതിരിക്കാൻ വനത്തിൽ ഏതൊക്കെ തരത്തിലുള്ള ഇടപെടലുകൾ നടത്താം? എന്നിങ്ങനെ അഗ്നിപ്രതിരോധത്തിന്റെ പാഠങ്ങളാണു പഠിപ്പിച്ചത്. ഫ്രാൻസിനു മാത്രമല്ല മെഡിറ്ററേനിയൻ തീരത്തുള്ള എല്ലാ രാജ്യങ്ങൾക്കും സഹായം നൽകാൻ അവരുടെ കാട്ടുതീ അഗ്നിശമന സംവിധാനം തയാറാണ്.

മെഡിറ്ററേനിയൻ തീരത്തെ രാജ്യങ്ങളിലെയും കാട്ടിലെയുംനാട്ടിലെയും തീ പിടിക്കാനിടയുള്ള ഓരോ ഇടത്തിന്റെയും മാപ്പും കംപ്യൂട്ടർ മോഡലും അവരുടെ സിമുലേഷൻ സെന്ററിലുണ്ട്. ചൂടു കൂടിവരുന്നതും ഈർപ്പം കുറഞ്ഞു വരുന്നതും ഓരോ ആഴ്ചയിലും ഉപഗ്രഹങ്ങൾ നിരീക്ഷിക്കുന്നു. കാട്ടിലും നാട്ടിലും ഉള്ള മരങ്ങളുടെ അഗ്നിബാധ സാധ്യത അനുസരിച്ചുള്ള ഒരു മാപ്പ് നമുക്കുണ്ടോ? അവ ഡിപ്പാർട്ട്മെന്റുകൾ പരസ്പരം കൈമാറുന്നുണ്ടോ? വനംവകുപ്പിന് അറിയാവുന്ന കാര്യങ്ങൾ അഗ്നിശമന വകുപ്പിനും തിരിച്ചും അറിയാമോ? വനത്തിലെ ചൂടു കൂടുന്നതും ഈർപ്പം കുറയുന്നതും നമ്മുടെ ഉപഗ്രഹങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? കാട്ടിലെ തീ അണയ്ക്കുക, നാട്ടിലെ തീ അണയ്ക്കുന്നതു പോലെ എളുപ്പമല്ല.

കാട്ടിൽ കത്താനുള്ള ഇന്ധനം അനന്തമായി കിടക്കുകയാണ്. അവിടെ അഗ്നിക്ക് എളുപ്പത്തിലും വേഗത്തിലും പടർന്നു കയറാം. തീപിടിത്തത്തിന്റെ മധ്യത്തിൽ നിന്നും ഓടിമാറുക എളുപ്പമല്ല. തറനിരപ്പിൽനിന്നു തീ അണയ്ക്കുമ്പോൾ മരത്തിന്റെ മുകളിലൂടെ തീ എങ്ങോട്ടാണു പകരുന്നതെന്നു കാണാനാവില്ല. അപ്പോൾ ആകാശത്തൊരു കണ്ണില്ലാതെ തറനിരപ്പിൽ നിന്നും കാട്ടുതീ അണയ്ക്കുന്നത് ആത്മഹത്യാപരമാണ്. വനം കാവലിനായി നിൽക്കുന്ന ആളുകൾക്കു കാട്ടുതീ ഉണ്ടാകാതെ നോക്കാനും ഉണ്ടായിക്കഴിഞ്ഞാൽ കൈകാര്യം ചെയ്യാനുമുള്ള പരിശീലനം നൽകിയിട്ടുണ്ടോ? ചുരുങ്ങിയതു തീ പിടിക്കാത്ത കവറോൾ എങ്കിലും ഉണ്ടോ? കാട്ടുതീ (നാട്ടിലും) ഇനി പഴയതിലും കൂടുതലാകും. ഇപ്പോഴത്തെ സംഭവങ്ങൾ മുന്നറിയിപ്പായി എടുത്താൽ കൂടുതൽ ജീവൻ രക്ഷിക്കാം, കൂടെ കുറച്ചു കാടും’.– തുമ്മാരുകുടി വിശദീകരിച്ചു.

കൈവിടില്ല, ഉറപ്പുകളുമായി സർക്കാർ

കൊറ്റമ്പത്തൂരിൽ കാട്ടുതീ അപകടമുണ്ടായ ഭൂമി കാലങ്ങളായി എച്ച്എൻഎല്ലിന്റെ കൈവശമായിരുന്നെന്നും തുടക്കകാലങ്ങളിൽനിന്നു വിഭിന്നമായി ഫയർലൈൻ തെളിക്കൽ ഉൾപ്പെടെയുള്ളവ കമ്പനി ചെയ്യാതിരുന്നതാണു ദുരന്തത്തിനു കാരണമെന്നും സമീപ നാട്ടുകാരനും ചേലക്കര എംഎൽഎയുമായ യു.ആർ.പ്രദീപ് പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്ത അപകടമാണ് ഉണ്ടായത്. വനപാലകരെയും കുടുംബത്തെയും സർക്കാർ കൈവിടില്ലെന്നും പ്രദീപ് മനോരമ ഓൺലൈനോടു വ്യക്തമാക്കി.

U-R-Pradeep
യു.ആർ.പ്രദീപ്

‘കൊറ്റമ്പത്തൂരിൽ എച്ച്എൻഎല്ലിന് 2020 ഏപ്രിൽ വരെ കരാർ കാലാവധിയുണ്ട്. ഇവിടെ ഇടയ്ക്കിടെ തീ കത്താറുണ്ട്. നാട്ടുകാരും അഗ്നിശമന സേനയും വനംവകുപ്പും ചേർന്ന് അണയ്ക്കുകയാണു പതിവ്. പൾപ്പെടുക്കാനായി കമ്പനി വെട്ടിയതും മറ്റുമായ മരങ്ങൾ ഉണങ്ങിക്കിടന്നിരുന്നു. ഫെബ്രുവരി 16ന് ഈ ഉണക്കമരങ്ങളുൾപ്പെടെ കത്തിയപ്പോൾ നിയന്ത്രണാതീതമായി. ഇതാണു മൂന്നു പേരുടെ മരണത്തിനു കാരണമായ വലിയ അപകടമായത്. കാട്ടുതീ കെടുത്താൻ വലിയ സന്നാഹമാണു വനംവകുപ്പ് തുടർന്നു സ്വീകരിച്ചത്. തീ പടരാതിരിക്കാൻ മണ്ണുമാന്ത്രി യന്ത്രം കൊണ്ടു വലിയ ഫയർലൈനുകളുമുണ്ടാക്കി.

പ്രദേശവാസികൾക്കു ബോധവൽക്കരണം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തെ സഹായിക്കുന്ന നിലപാടാണു തുടക്കം മുതൽ സർക്കാർ സ്വീകരിച്ചത്. ചികിത്സയ്ക്കും മരണാനന്തര ചടങ്ങുകൾക്കുമുള്ള ചെലവ് നൽകി. മരിച്ച മൂന്നു വനപാലകരുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാർ ധനസഹായമായ 7.5 ലക്ഷം രൂപ വീതം വനംമന്ത്രി അഡ്വ. കെ.രാജു കഴിഞ്ഞദിവസം കൈമാറി. താല്‍ക്കാലിക വാച്ചര്‍മാരായിരുന്ന വടക്കാഞ്ചേരി കൊടുമ്പ് എടവണ വളപ്പിൽ വേലായുധൻ (54), വട്ടപ്പറമ്പിൽ ശങ്കരൻ (48) എന്നിവരുടെ മക്കൾക്കു പൂങ്ങോട് സ്റ്റേഷനിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇപ്പോൾ താൽക്കാലികമാണെങ്കിലും ഭാവിയിൽ സ്ഥിരപ്പെടുത്തും. സന്നദ്ധ സംഘടനകളുമായി ചേർന്നു കൂടുതൽ സഹായം എത്തിക്കാനും ശ്രമിക്കുന്നു. സ്ഥിര ജീവനക്കാരനായിരുന്ന വാഴച്ചാൽ ആദിവാസി കോളനിയിലെ ദിവാകരന്റെ (43) അവകാശിക്കുള്ള ആശ്രിതനിയമനം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കും. പുതിയ ഉപകരണങ്ങൾ കൊണ്ടുവന്നാലും കാട്ടിനകത്ത് എത്തിക്കുന്നതു വെല്ലുവിളിയാണ്. നല്ല റോഡുകളൊന്നുമില്ല. മാറിവരുന്ന ചില ഉദ്യോഗസ്ഥർ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ട്.

ജീവൻ പണയപ്പെടുത്തി കാട്ടിൽ പണിയെടുക്കുന്ന വാച്ചർമാർ ഉൾപ്പെടെയുള്ളവർക്ക് ഇൻഷുറൻസ് കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. കൊറ്റമ്പത്തൂർ ഉൾപ്പെടുന്ന പ്രദേശത്തിന്റെ ജനപ്രതിനിധിയെന്ന നിലയിൽ ഇതിനായി മുൻകയ്യെടുക്കും. വനംമന്ത്രിയോട് ഇക്കാര്യം സംസാരിച്ചു. വാച്ചർമാരുടെ ദൈന്യാവസ്ഥ നേരിട്ടു കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കൊണ്ടുവരുന്നതിനെപ്പറ്റി നിയമസഭാ സമ്മേളനത്തിൽ പ്രത്യേകം സബ്മിഷൻ നൽകും. ഇതുടൻ യാഥാർഥ്യമാകുമെന്നാണു പ്രതീക്ഷ’– പ്രദീപ് പറഞ്ഞു. കേരളം വേഗം മറന്നുപോകേണ്ട ഒന്നല്ല ‘കൊറ്റമ്പത്തൂർ’. കാടാണ് നമ്മുടെ ജീവൻ എന്നു മനസ്സിലാക്കി, ഒരു തീപ്പൊരി പോലും അവിടെ വീഴാതിരിക്കാൻ മനസ്സുവയ്ക്കാം, കൈകോർക്കാം.

(പരമ്പര അവസാനിച്ചു)

Content Highlights: Wildfire, Forest Fire in Kerala, Wildfire Disaster, Forest Fire Disaster Management