വെണ്ണീറായത് 125 കോടി ജീവികൾ, തരിശായത് 14 ദശലക്ഷം ഏക്കർ: ഓസ്ട്രേലിയ എന്ന പാഠം

SHARE

നുഷ്യൻ മണിക്കൂറിൽ ശരാശരി 9.84 കിലോമീറ്റർ ഓടുമെന്നാണു കണക്ക്. പൊതുവിൽ കാട്ടുതീയുടെ വേഗമാകട്ടെ മണിക്കൂറിൽ 10.78 കിലോമീറ്ററും. എന്നാൽ പുല്ലിനും അടിക്കാടിനും തീപിടിക്കുമ്പോൾ ഈ വേഗം മണിക്കൂറിൽ 22.53 കിലോമീറ്ററിലേക്കു കുതിക്കും. പച്ചിലത്തലപ്പുമായി മനുഷ്യനു തല്ലിക്കെടുത്താവുന്നതല്ല കാട്ടുതീയെന്നു ചുരുക്കം. സമീപകാലത്തു ലോകം സാക്ഷിയായ വലിയ കാട്ടുതീ കണ്ടത് ആമസോൺ വനങ്ങളും ഓസ്ട്രേലിയയുമാണ്. ഡിസംബർ– ജനുവരി കാലയളവിൽ ഓസ്ട്രേലിയയിൽ കാട്ടുതീ സാധാരണം. എന്നാൽ ഇത്തവണ 2019 ജൂലൈയിൽ തുടങ്ങി സെപ്റ്റംബറിൽ സജീവമാവുകയും 2020 ഫെബ്രുവരിയിലും തുടരുകയും ചെയ്യുന്ന ബുഷ് ഫയർ (പൊന്ത തീ) ഏവരെയും ഞെട്ടിച്ചു.

ചെറുതും വലുതുമായ മൃഗങ്ങളും പക്ഷികളും ഉരഗങ്ങളുമടക്കം 125 കോടിയിലേറെ ജീവികളാണ് ഓസ്ട്രേലിയയിൽ ചത്തൊടുങ്ങിയതെന്നാണു സർക്കാരിന്റെയും സന്നദ്ധ ഏജൻസികളുടെയും പ്രാഥമിക കണക്ക്. നാല് അഗ്നിശമന സേനാ ഉദ്യോഗസ്ഥരുൾപ്പെടെ 33 മനുഷ്യർ മരിച്ചു. 14 ദശലക്ഷത്തിലേറെ ഏക്കർ ഭൂമി തരിശായി, അത്രയും സ്ഥലത്തെ മരങ്ങളും സസ്യജാലവും ചാമ്പലായി. പൊള്ളലേറ്റു മൃതപ്രായരായ ജീവികൾ ആയിരക്കണക്കിനു വരും. പുകപടലങ്ങൾ കടൽ കടന്നു മറ്റിടങ്ങളിലും എത്തി. മൂവായിരത്തിലേറെ വീടുകൾ നശിച്ചു. പതിനയ്യായിരത്തിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു. ആമസോണിൽ കത്തിയമർന്നതിന്റെ ആറോ ഏഴോ ഇരട്ടി പ്രദേശമാണ് ഓസ്ട്രേലിയയിൽ വെണ്ണീറായത്.

ലോകത്തെ ജൈവവൈവിധ്യത്തിന്റെ ഏറിയപങ്കുമുള്ള പ്രദേശമാണ് ഓസ്ട്രേലിയൻ കാടുകൾ. കരയിൽ വസിക്കുന്ന 1350 ഇനം നട്ടെല്ലുള്ള ജീവികളെ ഇവിടെ മാത്രമെ കാണാനാകൂ എന്നു ശാസ്ത്രജ്ഞർ പറയുന്നു. സഞ്ചിമൃഗങ്ങളിൽ 50%, തത്തകളിൽ 17%, ഉരഗജീവികളിൽ 89%, തവളകളിൽ 94%, പുഷ്പിത സസ്യങ്ങളിൽ 91% എന്നിവ ഓസ്ട്രേലിയയുടെ തനതു സമ്പത്താണ്. സഞ്ചിമൃഗങ്ങളായ വോയിലി (Woylie), കോയ്‌ല (Koala), കംഗാരു തുടങ്ങിയവയും ഓസ്ട്രേലിയയുടെ പ്രത്യേകതയാണ്. കാട് കത്തിയപ്പോൾ പത്തോളം ദശലക്ഷം ടൺ കാര്‍ബണ്‍ ഡയോക്സൈഡാണ് അന്തരീക്ഷത്തിൽ എത്തിയത്. ആഗോളതാപനം, അന്തരീക്ഷ മലിനീകരണം എന്നിങ്ങനെ കാലാവസ്ഥയെ ഏതെല്ലാം തരത്തിലാണ് ഇതു സ്വാധീനിക്കുക എന്നതും ആശങ്കയുളവാക്കുന്നു.

മരം നട്ട് കാടുണ്ടാക്കാനാവില്ല

കാട് കത്തുന്നത് എങ്ങനെയാണെന്നും ബാക്കിയാവുക എന്തെന്നും നേരിട്ടു കണ്ടതിന്റെ ഭീകരതയും നിസ്സഹായതയും എപ്പോഴും തന്നെ വേട്ടയാടുന്നെന്നു പറയുന്നു അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഹാമിദലി വാഴക്കാട്. കാട് കത്തിയാൽ നമുക്ക് എന്താണെന്ന ചോദ്യത്തിന്റെ ഉത്തരവും ഹാമിദലി വിശദീകരിക്കുന്നു. കണ്ണെത്താ ദൂരം ചാരം, അങ്ങിങ്ങായി കത്തിതീരാതെ കരുവാളിച്ച മരങ്ങൾ കൂടി ഇല്ലായിരുന്നങ്കിൽ അതൊരു മഞ്ഞുമൂടിയ കുന്നിൻചെരുവു പോലെ തോന്നുമായിരുന്നു. ആ കാഴ്ചകളിൽ കാടല്ല ഇടനെഞ്ചാണു കത്തിയത്– കഴിഞ്ഞവർഷം ബന്ദിപുരിലുണ്ടായ കാട്ടുതീ കെടുത്താൻ പോയതിന്റെ നേരനുഭവം വിവരിക്കവെ ഹാമിദലി പറഞ്ഞു.

‘ആളിപ്പടരുന്ന തീച്ചൂടിനെ വകവയ്ക്കാതെ രണ്ടു പനങ്കാക്കകൾ പുകപടലങ്ങൾക്കു മുകളിലൂടെ കരഞ്ഞു പറക്കുന്നു. തീയിൽനിന്ന് ഓടിരക്ഷപ്പെടുന്ന പ്രാണികളെ പിടിക്കാൻ വട്ടമിട്ടു പറക്കുകയാവും എന്നാണു കരുതിയത്. പക്ഷേ, അങ്ങനെയല്ലായിരുന്നു. പൊട്ടിത്തെറിക്കുന്ന മരങ്ങൾ ആകാശത്തേക്കുയർത്തി വിടുന്ന തീഗോളങ്ങൾക്കിടയിലൂടെ പനങ്കാക്കകൾ ചിറകടിച്ചു പറന്നപ്പോൾ നെഞ്ച് തകർന്നു. അവരുടെ കൂടാണു ചിതറിയിരുന്നത്. എത്ര പക്ഷികളുടെ കൂടാണ്, കാത്തുവച്ച മുട്ടകളാണ്, വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളാണ്, ജീവിതങ്ങളാണ് അഗ്നിയിൽ ചാമ്പലാവുന്നത്! തീ കെടുത്താനായി ബന്ദിപുരിലേക്കു പോവുമ്പോഴായിരുന്നു തൊറപ്പള്ളി കഴിഞ്ഞുള്ള മോയാർ നദിയുടെ അക്കരെ ആകാശം പുകപടലം കൊണ്ടു മൂടുന്നതു ശ്രദ്ധിച്ചത്.

തൊപ്പേക്കാടുനിന്നു മസിനഗുഡിയിലേക്കുള്ള വഴിയിൽ കയറിയപ്പോൾ ഭീകര ദൃശ്യങ്ങൾ തെളിഞ്ഞു. കാട് നിന്നുകത്തുകയാണ്. വനംവകുപ്പുകാർ ഉൾക്കാട്ടിലെവിടെയോ തീകെടുത്താൻ പോവുന്നു. റോഡരികിൽ ഒരു ഫയർ എൻജിൻ വെള്ളമടിച്ചു തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. അവരുടെ വണ്ടി കാടിനകത്തേക്കു കയറില്ല. അതിവേഗമായിരുന്നു അരിപ്പൂ (ലന്റാന) ചെടികൾ നിറഞ്ഞ അടിക്കാട് കത്തിയമർന്നത്. വെള്ളം തീർന്നപ്പോൾ ഫയർ എൻജിൻ മടങ്ങിപ്പോയി. പൊന്ത വെട്ടി അടിക്കുകയേ അടുത്ത വഴിയുള്ളൂ. റോഡിന്റെ മറുഭാഗത്തേക്കു പടരാതിരിക്കാൻ അവർക്കൊപ്പം തീ തല്ലിക്കെടുത്താൻ കൂടി. അപ്പോഴായിരുന്നു പനങ്കാക്കകളുടെ ദീനരോദനം ചെവിയിൽ മുഴങ്ങിയത്.

ഗുണ്ടൽപേട്ടിനും തൊപ്പേക്കാടിനും ഇടയിൽ ബന്ദിപുർ വനത്തിലായിരുന്നു ഭീകരത കൂടുതലും. കണ്ണെത്താ ദൂരത്തോളം ചാരം മാത്രം. എത്ര ജീവനെ പോറ്റിയ ഇടമാണു വെന്തു വെണ്ണീറായതെന്ന് ഓർത്തപ്പോൾ ഉള്ളുലഞ്ഞു. എത്ര പുഴകൾക്കു കാത്തുവച്ച നനവാണു വറ്റിയത്? എത്ര കോടി ജന്തുക്കൾക്കുള്ള ആഹാരമാണു വെണ്ണീറായത്. ഇനിയെത്ര വർഷം കാത്തിരിക്കണം ഈ മണ്ണിൽ സ്പോഞ്ച് പോലെ മാർദവമുള്ള ഒരു ‘ബെഡ്’ ഉണ്ടായിവരാൻ. ആ പഞ്ഞിമെത്തയിൽ നിന്നാണല്ലോ ഉറവകൾ ഉരുവം കൊള്ളുന്നത്. ആ ഉറവയാണല്ലോ നമ്മുടെ ദാഹമകറ്റുന്നത്. നഷ്ടം നികത്താൻ നമ്മൾ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാലും മരങ്ങളേയുണ്ടാകൂ. നമുക്ക് കാട് ഉണ്ടാക്കാനാവില്ല. പച്ചപ്പിന്റെ കണിക പോലുമില്ലാതെ ഒരു കാടിനെ നാമാവശേഷമാക്കുമ്പോൾ സംഭവിക്കുന്നത് എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ?

സ്കൂളുകളിൽ നാം പഠിച്ചിട്ടുള്ളത് മുള ഉരസി കാട്ടിൽ തീയുണ്ടാകും എന്നാണ്. കേരളത്തിലെ കാടുകളിൽ മനുഷ്യനിർമിത തീ മാത്രമേയുള്ളൂവെന്ന് ഉറപ്പിച്ചു പറയാനാകും. പശ്ചിമഘട്ടത്തിലെ കാട് തനിയെ കത്തുന്നതല്ല. കാടിനെ ശത്രുവായി സമൂഹത്തിലെ ചിലർ പ്രഖ്യാപിച്ച ഇടങ്ങളിലാണു കൂടുതൽ കാട്ടുതീ കാണുന്നത്. സഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ അശ്രദ്ധ കൊണ്ടുണ്ടാകുന്ന കാട്ടുതീയുമുണ്ട്. കാട് ഉള്ളതുകൊണ്ടാണു നാട് നിലനിന്നു പോകുന്നത് എന്ന് മനസ്സിലാക്കണം. ജലസമൃദ്ധിയും നല്ല വായുവും സമ്മാനിക്കുന്നതു കാടാണ്. കാട്ടുതീ കാടിനോടു ചേർന്നു താമസിക്കുന്നവർക്കുള്ള പ്രശ്നമാണെന്നാണു മിക്കവരുടെയും തോന്നൽ.

ഗ്രാമത്തിലും നഗരത്തിലും താമസിക്കുന്നവർക്കും കാട്ടിൽനിന്നു വളരെയേറെ ദൂരത്തു കഴിയുന്നവർക്കും കാട്ടുതീ ഒരേപോലെ അപകടം സൃഷ്ടിക്കുന്നുണ്ട്. മൊത്തം മനുഷ്യസമൂഹം കാട്ടുതീ തടയാൻ ചേർന്നു നിൽക്കണം. ഇനിയും അമാന്തിച്ചാൽ പുഴകളിൽ വെള്ളമുണ്ടാകില്ല. കിലോമീറ്ററുകളോളമാണ് ഓരോ കൊല്ലവും കാട് കത്തുന്നത്. കാട്ടുതീ നിയന്ത്രിക്കുക അത്രയെളുപ്പമുള്ള കാര്യമല്ല. കത്താതെ സൂക്ഷിക്കലാണ് എളുപ്പം. കാട്ടുതീ എന്നു കേട്ടാൽ കാട് ഉണങ്ങിയതിന്റെ, മരങ്ങളും മൃഗങ്ങളും കരിഞ്ഞു മരിച്ചതിന്റെ ചിത്രമാണ് എല്ലാവരുടെയും മനസ്സിലോടിയെത്തുക. ഇങ്ങനെ കാട് കത്തുമ്പോൾ ചോലകളിലെ വെള്ളം മാത്രമല്ല ഇല്ലാതാവുക.

ദീർഘമായ കാലത്തേക്ക് എടുത്തു നോക്കിയാൽ കേരളം അനുഭവിച്ച രണ്ടു പ്രളയങ്ങളുടെയും പിന്നി‌ൽ‌ കാട്ടുതീയും ഉണ്ടെന്നു കാണാം. മലയിടിയുന്നതിന്റെ പിന്നിൽ ഉണങ്ങിയ കാടാണ്, മഴവെള്ളം സ്വീകരിക്കാൻ കഴിവ് നഷ്ടപ്പെട്ട കാട്. സാധാരണ എത്ര മഴയെയും സംഭരിക്കാനുള്ള മൃദു സ്പോഞ്ച് അവിടെയുണ്ട്. കാട്ടുതീയിൽ ആദ്യം നഷ്ടപ്പെടുന്നത് ഈ സ്പോഞ്ചാണ്. വേനല്‍ക്കാലത്ത് കാടുണ്ടാക്കുന്ന മഴവെള്ള സംഭരണിയാണിത്. മരങ്ങൾ പൊഴിക്കുന്ന കരിയിലകളും ചുള്ളിക്കമ്പുകളും കൊണ്ടു മണ്ണിനുമേൽ ദശാബ്ദങ്ങൾ കൊണ്ടു കാടുണ്ടാക്കുന്ന ‘സ്പോഞ്ച് കിടക്ക’. മഴവെള്ളം ഒരു തുള്ളി പോലും തുളുമ്പാതെ ഈ സ്പോഞ്ച് ശേഖരിക്കും. ഒരു തരി മണ്ണ് ഒലിച്ചുപോകുകയുമില്ല.

പുല്ലു മുളക്കാത്ത, ചെടികളില്ലാത്ത കാടിനു മഴയെ സ്വീകരിക്കാനുള്ള ബലമുണ്ടാകില്ല. ഇത്തരം കാടുകളാണു കാലാന്തരത്തിൽ മണ്ണൊലിപ്പിനു വിധേയമാകുന്നത്. പേമാരിയുടെ കാലത്ത് ഉരുൾപൊട്ടിയോ മലയിടിഞ്ഞോ താഴേക്ക് ഒഴുകിവരുന്നതും ഇവയാണ്. ഒരു ഉറവ ജനിക്കാൻ സാധ്യതയില്ലാത്ത ഇടമായി, നമ്മുടെ വീട്ടരികിലെ പറമ്പ് പോലെയോ കൃഷിഭൂമി പോലെയോ ആയി കാട് മാറും. ഏതു വേനലിലും കാട് തെളിനീരുറവ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കണമെങ്കിൽ മുൻകാലത്തെ മഴയെ പിടിച്ചുനിർത്താനുള്ള ജൈവവൈവിധ്യ ശേഷി കാടിനു വേണം. ഈ ശേഷിയാണു കാട്ടുതീ നഷ്ടപ്പെടുത്തുന്നത്.

വന്യജീവികളെ ഇല്ലാതാക്കുന്ന, ജൈവസമ്പത്തിനെ നശിപ്പിക്കുന്ന, കാലാവസ്ഥയെ തകിടം മറിക്കുന്ന കാട്ടുതീ പ്രളയത്തിനു വരെ കാരണമാകുന്നു. കാടിനോടു ചേർന്നുള്ള മനുഷ്യരെ മാത്രമല്ല ലോകത്തെമ്പാടുമുള്ളവരെ ബാധിക്കുന്ന വലിയ വിപത്തായി മാറുന്നു. മനുഷ്യർക്കും മരങ്ങൾക്കും ജീവികൾക്കും വേണ്ടി കാടിനെ കാക്കാൻ നമുക്കു ബാധ്യതയുണ്ട്. പശ്ചിമഘട്ടത്തിന്റെ അനുഗ്രഹത്താലാണ് അതിന്റെ താഴ്‌വാരത്തുള്ള കേരളം സമൃദ്ധിയോടെയും ഹരിതാഭയോടെയും നിലകൊള്ളുന്നത്. ഒരു മരം ഒരായിരം തീപ്പെട്ടിക്കൊള്ളികൾ നൽകുമ്പോൾ ഒരു തീപ്പെട്ടിക്കൊള്ളി ഒരായിരം മരങ്ങളെയും ആവാസവ്യവസ്ഥയെയും നശിപ്പിക്കുമെന്ന് ഓർക്കാം.’– ഹാമിദലി ചൂണ്ടിക്കാട്ടി.

ഈയാംപാറ്റകളെപ്പോലെ തീക്കാട്ടിലേക്കു പറത്തിവിടാനുള്ളതാണോ നമ്മുടെ വനപാലകരുടെ ജീവൻ? മരിച്ചവരുടെ ആശ്രിതർക്കു ജീവിതമാർഗം തെളിക്കാൻ സർക്കാരിനു സാധിക്കുമോ? ഓസ്ട്രേലിയയിലും ആമസോൺ മഴക്കാടുകളിലും ഈയിടെയുണ്ടായ വൻ കാട്ടുതീ അണയ്ക്കാൻ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് അവിടത്തെ സർക്കാരുകൾ പയോഗിച്ചത്. എന്നിട്ടും ഫലവത്തായില്ലെന്നതാണു യാഥാർഥ്യം. അത്തരമൊരു തീ കേരളത്തിലെ കാട്ടിലുണ്ടായാൽ നേരിടാൻ എന്തെങ്കിലും മുന്നൊരുക്കം സർക്കാരും വനംവകുപ്പും ചെയ്തിട്ടുണ്ടോ? ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണോ അധികൃതർ. അതേപ്പറ്റി അടുത്തദിവസം തുടരും.

Content Highlights: Wildfire, Forest Fire in Kerala, Wildfire Disaster, Forest Fire Disaster Management