ADVERTISEMENT

കോഴിക്കോട്∙ ജില്ലാ ജയിലിൽ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെ നിരീക്ഷിക്കാൻ മാത്രം രണ്ടു ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. രണ്ടു സെല്ലുകളിലെ രാത്രികാവലിനായി ഒരു ജീവനക്കാരിയെയാണ് നിയോഗിക്കുക. എന്നാൽ സെല്ലിൽ ജോളിയുള്ളതിനാൽ രാത്രി കാവലിനു മൂന്നു പേരുണ്ടായിരുന്നു. രാത്രി രണ്ടുമണിക്കൂർ ഇടവിട്ടു ഇവർ സെല്ലിനു കാവലിരുന്നു. ജോളിയുടെ കിടപ്പിലെ അസ്വാഭാവികത  ജയിൽ ജീവനക്കാരിയുടെ ശ്രദ്ധയിൽ പെട്ടതാണ് ആത്മഹത്യാശ്രമം തിരിച്ചറിയാനും ജോളിയെ ഉടൻ ആശുപത്രിയിലെത്തിക്കാനും സഹായിച്ചത്. 

പുലർച്ചെ ജോളിയുടെ കിടപ്പിൽ അസ്വാഭാവികത തോന്നിയ ജയിൽ വാർഡൻ പരിശോധിച്ചപ്പോഴാണ് മുറിവ് ശ്രദ്ധയിൽ പെട്ടത്. കൈ പുതപ്പിൽ പൊതിഞ്ഞുവച്ചിരുന്നു. ജോളി കഴിഞ്ഞിരുന്ന സെല്ലിൽ നിന്നു മൂർച്ചയുള്ള വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ലെന്നു ജയിൽ അധികൃതർ പറയുന്നു.  ശുചിമുറിയിലെ ഭിത്തിയിലെ ടൈലിന്റെ കൂർത്ത അഗ്രങ്ങളിൽ ഉരച്ച് മുറിവുണ്ടാക്കാനുള്ള സാധ്യതയാണ് ജയിൽ അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഭിത്തിയിലെ ടൈലിന്റെ വക്കിൽ ഉരച്ചും കടിച്ചുമാണു ഞരമ്പിൽ മുറിവുണ്ടാക്കിയതെന്നാണ് ജോളി ഡോക്ടർക്കു നൽകിയ മൊഴി. 

ഒരിഞ്ച് നീളത്തിലും കാൽ ഇഞ്ച് ആഴത്തിലുമുള്ള മുറിവ് ഗുരുതരമല്ലെന്നും   ജോളി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് സർജറിക്കുശേഷം ജോളിയെ വാർഡിലേക്കു മാറ്റി. സംഭവത്തിൽ  ഉത്തരമേഖലാ ജയിൽ ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് ജയിൽ ഡിജിപിക്കു സമർപ്പിച്ചു. ജയിൽ ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടതനുസരിച്ചാണു ഡിഐജി ഇന്നലെ ജില്ലാ ജയിലിലെത്തി അന്വേഷണം നടത്തിയത്. ജയിലിൽ ജോളിയുടെ സുരക്ഷ വർധിപ്പിക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. സെല്ലിൽ സിസിടിവി ക്യാമറ സ്ഥാപിച്ച്  വനിതാ ഉദ്യോഗസ്ഥയ്ക്ക് ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ചുമതല നൽകണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. 

കൂടത്തായി റോയ് തോമസ് വധക്കേസിൽ ജോളി ജോസഫിന്റെ ജാമ്യഹർജിയിൽ സെഷൻസ് കോടതിയിൽ വാദം നടക്കുമ്പോൾ ജോളി ജയിലിനു പുറത്തിറങ്ങുന്നത് അവരുടെ ജീവനു ഭീഷണിയാണെന്നും പുറത്തിറങ്ങിയാൽ ജോളി ആത്മഹത്യ െചയ്യാനുള്ള സാധ്യതയുണ്ടെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ.ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷന്റ വാദം ശരിവയ്ക്കുന്ന സംഭവമാണു കഴിഞ്ഞ ദിവസം ജയിലിലുണ്ടായത്. ജയിലിൽ ജോളിയുടെ സുരക്ഷ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ആത്മഹത്യാശ്രമം വിരൽചൂണ്ടുന്നത്.

അതേ സമയം മറ്റുകേസുകളിലും ജോളിയുടെ ജാമ്യാപേക്ഷ എതിർക്കാനുള്ള പ്രധാന കാരണമായി ഈ ആത്മഹത്യാശ്രമം മാറും.  ജോളിയെ സമ്മർദത്തിലാക്കി ആത്മഹത്യ ചെയ്യിപ്പിക്കാൻ ശ്രമമുണ്ടെന്നു പ്രതിഭാഗം അഭിഭാഷകൻ അഡ്വ.ബി.എ.ആളൂരും ആരോപിച്ചിരുന്നു. തന്റെ വക്കാലത്ത് ഒഴിവാക്കാൻ പലരും ജയിലിലെത്തി ജോളിയോട് ആവശ്യപ്പെടുന്നുണ്ടെന്നും ആളൂർ ആരോപിച്ചിരുന്നു. 

English Summary: Kerala ‘serial killings’: Jolly Joseph allegedly attempts suicide in jail, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com