ADVERTISEMENT

ബെംഗളൂരു ∙ കേരളത്തിലും ബെംഗളൂരുവിലും കോവിഡ് പടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 1122 രൂപയായി കുറഞ്ഞു. എന്നാൽ, ബസ് യാത്രയ്ക്ക് 2000 രൂപയാകും. കോവിഡ് 19 ഭീതി നിലനിൽക്കുന്നതിനാൽ മിക്ക മലയാളികളും വിമാന യാത്ര അവഗണിക്കുകയാണ്. വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന നിരക്ക് ഇത്രയും കൂപ്പു കുത്തുന്നത്. യാത്രക്കാർ കുറഞ്ഞതോടെ ബെംഗളൂരുവിൽ നിന്നുള്ള മറ്റു വിമാന സർവീസുകളിലെ ടിക്കറ്റ് നിരക്കുകളും കൂപ്പുകുത്തി.

തിരുവനന്തപുരം (2500), കോഴിക്കോട് (2600), കണ്ണൂർ (2090) എന്നിങ്ങനെയാണ് വരും ദിവസങ്ങളിലെ വിമാന നിരക്കുകൾ. ബിസിനസ് ആവശ്യത്തിനായി നാട്ടിലേക്കും തിരിച്ചും കമ്പനി ചെലവിൽ വിമാന യാത്ര ചെയ്യാറുള്ള ജീവനക്കാർ ഇത് ട്രെയിൻ-ബസ് യാത്രയാക്കി മാറ്റി. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്തിലുണ്ടാവുമെന്നതിനാൽ ‘റിസ്ക്’ എടുക്കാൻ വയ്യെന്നാണ് മറുപടി.

പൊടുന്നനെ മാറിമറിഞ്ഞ്

നിലവിലെ അവസ്ഥയിൽ ജീവിത ശൈലിയിൽ അടിമുടി മാറ്റം വരുത്തിയിട്ടുണ്ട് നഗരം. വിമാന ടിക്കറ്റ് നിരക്കുകൾ കൂപ്പുകുത്തിയതു കൂടാതെ പച്ചക്കറി വില ഇടിവും സിനിമ തിയേറ്ററുകളിൽ കാണികളില്ലാത്ത അവസ്ഥയുമുണ്ട്. ഓല-ഊബർ വെബ്ടാക്സികൾ ‘സർജ് പ്രൈസിങ്’ ഉപേക്ഷിച്ചു സാധാരണ നിരക്കിലാണു സർവീസ് നടത്തുന്നത്. ഐടി ജീവനക്കാരിലേറെയും ‘വീട്ടിലിരുന്ന് ജോലി’ (വർക് ഫ്രം ഹോം) ചെയ്യാൻ തുടങ്ങിയതോടെ നഗരത്തിലെ ഗതാഗതക്കുരുക്കും കുറഞ്ഞിട്ടുണ്ട്. ആൾക്കൂട്ടം പരമാവധി ഒഴിവാക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്നു ഷോപ്പിങ് മാളുകളിൽ തിരക്കു കുറഞ്ഞു.

ഓൺ സൈറ്റ് ഒഴിവാക്കണം

ബെംഗളൂരുവിനെ വിദേശ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഘടകമാണിത്. പക്ഷേ, കോവിഡ് പടരുന്ന സാഹചര്യത്തിൽ ജീവനക്കാരെ വിദേശത്തേക്ക് (ഓൺ സൈറ്റ്) അയയ്ക്കേണ്ടെന്നു സർക്കാർ ഐടി കമ്പനികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ദിവസേന ആയിരക്കണക്കിനാളുകളാണ് ഓൺസൈറ്റ്-ഓഫ് ഷോർ ജോലിയുടെ ഭാഗമായി ബെംഗളൂരുവിൽ നിന്നു വിദേശ രാജ്യങ്ങളിലേക്കു പോവുകയും തിരിച്ചു വരുകയും ചെയ്യുന്നത്. കോവിഡ് പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകും വരെ ഇത്തരം സ്ഥലം മാറ്റങ്ങൾ നിർത്തിവയ്ക്കാൻ ഐടി കമ്പനികളോട് ആവശ്യപ്പെട്ടതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.ഡി.സുധാകർ പറഞ്ഞു.

കച്ചവടക്കാർ കഷ്ടത്തിൽ

കോവിഡിനൊപ്പം കോളറ ഭീതിയും പരന്നതോടെ നഗരവാസികൾ വഴിയോര കച്ചവടക്കാരെയും അവഗണിച്ചു തുടങ്ങി. ഇതോടെ പച്ചക്കറി വില കൂപ്പുകുത്തി.  ബീൻ‌സിന്റെ വില 100 രൂപയിൽ നിന്നു 40 രൂപയിലെത്തിയപ്പോൾ 2 മാസം മുൻപ് 240 രൂപ വരെയുണ്ടായിരുന്ന സവാളയുടെ വില 25-30 രൂപയിലേക്കു കൂപ്പുകുത്തി. വളരെ സംശയത്തോടെയാണ് നഗരവാസികൾ പച്ചക്കറി വാങ്ങുന്നതെന്നു ഉന്തുവണ്ടി കച്ചവടക്കാരും പറയുന്നു. കോവിഡിനെക്കാളേറെ കോളറയെയാണ് ഭയക്കുന്നതെന്നു ബൊമ്മനഹള്ളിയിലെ വീട്ടമ്മയായ സവിത പറയുന്നു. കോവിഡ് ഭീതി പരന്നതോടെ പാനിപൂരി ഉൾപ്പെടെ വഴിയോര കച്ചവടശാലകളെല്ലാം ബിബിഎംപി അടച്ചു പൂട്ടി. ഇനി അറിയിപ്പുണ്ടാകും വരെ കച്ചവടം വേണ്ടെന്നാണ് നിർദേശം. എന്നാൽ പ്രതിസന്ധി നീളുന്നതു തങ്ങളുടെ ജീവിതം ദുരിതത്തിലാക്കുമെന്നു വഴിയോര കച്ചവടക്കാർ പറയുന്നു. എത്രയും വേഗം കോവിഡ് ഭീതി പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണിവർ.

4 പേർക്ക് കോവിഡ്-19

യുഎസ് ഓസ്റ്റിൻ നഗരത്തിൽ നിന്ന് ബെംഗളൂരുവിലെത്തിയ 4 പേർക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയവരെ കണ്ടെത്തി വീടുകളിൽ പ്രത്യേക നിരീക്ഷണത്തിലാക്കാനുള്ള തത്രപ്പാടിൽ ആരോഗ്യവകുപ്പ്. വൈറ്റ്ഫീൽഡ് ഭാഗത്തെ അപ്പാർട്മെന്റ്, തൊഴിലിടം എന്നിവിടങ്ങളിൽ ഇവരുമായി ഇടപഴകിയവർ നിരീക്ഷണത്തിലാണ്. ‌ഇവർ ദീർഘദൂരം യാത്ര ചെയ്തതാണ് അധികൃതരെ വലയ്ക്കുന്നത്. കുറഞ്ഞത് 2666 പേരുമായി ഇവർ ഇടപഴകിയിട്ടുണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ വ്യക്തമാക്കി.

യാത്രാവഴി ഇങ്ങനെ

ഫെബ്രുവരി 28ന് ഓസ്റ്റിനിൽ നിന്നു ന്യൂയോർക്കിലേക്കും തൊട്ടടുത്ത ദിവസം ദുബായിലേക്കും ഇവർ പറന്നു. ഈ മാസം 1നാണ് ബെംഗളൂരുവിൽ എത്തിയത്. മൂന്നു ദിവസത്തിനും ശേഷം വൈറ്റ്ഫീൽഡിലെ 46 വയസ്സുകാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ രോഗലക്ഷണം കാണിച്ചു തുടങ്ങി. 5ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പനി അടങ്ങിയില്ല. തുടർന്നു 8നാണ് ഇയാളെയും ഭാര്യയെയും (47) മകളെയും (14) കൂടെ യാത്ര ചെയ്ത് സഹപ്രവർത്തകനെയും (50) രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ പ്രവേശിപ്പിച്ചത്. ഇവർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.

സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി

ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ ജാഗ്രതാ സംവിധാനം ആരോഗ്യ മന്ത്രി ബി.ശ്രീരാമുലു ഇന്നലെ നേരിട്ടെത്തി പരിശോധിച്ചു. ൈവറസ് പടർന്നു പിടിക്കുന്നതു തടയാൻ ജനം ജാഗ്രത പുലർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ പ്രത്യേക യോഗം ചേർന്ന് കരുതൽ സംവിധാനങ്ങൾ വിലയിരുത്തി.

∙ നഗരത്തിലെ സ്കൂളുകളിലെ കെജി ക്ലാസുകൾക്കും 1-5 വരെ ക്ലാസുകൾക്കും പ്രഖ്യാപിച്ച അനിശ്ചിതകാല അവധി തുടരുകയാണ്. ഉയർന്ന ക്ലാസുകൾക്ക് അവധിയില്ലെങ്കിലും അസംബ്ലിയും മറ്റും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

∙ ബെംഗളൂരു ഒഴികെ കർണാടകയിലെ മറ്റു ജില്ലകളിലെ 1-9 ക്ലാസുകളിലെ വർഷാന്ത്യ പരീക്ഷ നേരത്തേയാക്കി. 1-5 വരെയുള്ള ക്ലാസുകാർക്ക് ഇന്നു മുതൽ 16 വരെയും 6-9 ക്ലാസുകാർക്ക് 23ന് മുൻപും പരീക്ഷ അവസാനിക്കുന്ന രീതിയിലാണു ക്രമീകരണം.

∙ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിനെ കൂടാതെ ഹാസൻ, ദക്ഷിണ കന്നഡ, ബാഗൽക്കോട്ടെ ആശുപത്രികളിൽ പ്രത്യേക നിരീക്ഷണത്തിലുള്ളവർ- 9

∙ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ- 760

ഡോക്ടർമാർക്ക് അധിക ഇൻഷുറൻസ്

കോവിഡിനെ നേരിടുന്ന ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും അധിക ആരോഗ്യ ഇൻഷുറൻസ് നൽകാൻ കർണാടക സർക്കാർ ആലോചിച്ചു വരുന്നതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകർ. നിലവിലുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികൾക്കു പുറമേയാണിത്. വിക്ടോറിയ ആശുപത്രി ക്യാംപസിലെ ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതുതായി ആരംഭിച്ച അത്യാധുനിക ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗലക്ഷണം ഇല്ലാത്തവർ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വ്യാപകമായി മാസ്കുകൾ വാങ്ങിക്കൂട്ടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് ഭയം കോഴിയോട് തീർക്കേണ്ട

കോവിഡ് ഭീതി സംസ്ഥാനത്തെ ഇറച്ചിക്കോഴി വ്യാപാരത്തെ തകിടം മറിച്ചു. കോലാർ, ബെളഗാവി ജില്ലകളിലെ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ ഇവയെ കൂട്ടമായി കൊന്നൊടുക്കുകയാണ്. കോഴിയിലൂടെയാണ് കോവിഡ്-19 വൈറസ് പടരുന്നതെന്ന തെറ്റായ പ്രചാരണത്തെ തുടർന്നാണിത്. കോലാറിലെ ബംഗാർപേട്ട് മാഗൊണ്ടിയിൽ ഇന്നലെ മാത്രം 9000 കോഴികളെയാണു കൊന്നത്. ആവശ്യക്കാർ കുറഞ്ഞതിനാൽ, ചിക്കൻ വില ഇടിഞ്ഞതു കോഴിവ്യാപാരികളെയും വലയ്ക്കുന്നുണ്ട്.

English Summary: Bengaluru’s COVID-19 cases jump to 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com