ക്വാറന്റീനിൽ കഴിയുന്നവർക്ക് കേന്ദ്രം നൽകുക മോദിയുടെ പ്രസംഗങ്ങൾ

narendra-modi
നരേന്ദ്ര മോദി (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി∙ കൊറോണ വൈറസ് ഭീതിയിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് കൂട്ടാകാന്‍ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും. കോവിഡ്–19 സ്ഥിരീകരിച്ചവരുടെ എണ്ണം വർധിക്കുന്നതിനൊപ്പം സർക്കാർ സംവിധാനങ്ങളിൽ ക്വാറന്റീൻ ചെയ്യുന്നവരുടെ എണ്ണവും വർധിക്കുന്നു. മോദിയുടെ പ്രസംഗങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങളാണ് ക്വാറന്റീനിൽ കഴിയുന്നവർക്ക് കൊടുക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ പകർപ്പ് അതിഥികൾക്കും സ്കൂളുകൾക്കും കോളജുകൾക്കുമൊക്കെ പല അവസരങ്ങളിലും നൽകാറുണ്ട്. ഇത്തരം പുസ്തകങ്ങളാണു സർക്കാരിന്റെ ക്വാറന്റീൻ സംവിധാനത്തിൽ കഴിയുന്നവർക്കു നൽകുക’ – ഇക്കാര്യത്തെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ പറയുന്നു.

പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളെല്ലാം വർഷങ്ങളായി കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കാറുണ്ട്. അതുപോലെതന്നെ മോദിയുടെ പ്രസംഗങ്ങൾ എൻഡിഎ സർക്കാരും പ്രസിദ്ധീകരിക്കുന്നുണ്ട്. മാസാമാസം ഉള്ള റേഡിയോ പ്രഭാഷണമായ ‘മൻ കി ബാതിന്റെ’ റെക്കോർഡിങ്ങുകൾ ഓൾ ഇന്ത്യ റേഡിയോയുടെ വെബ്സൈറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

14 ദിവസമാണ് ക്വാറന്റീനിൽ കഴിയേണ്ടത്. സാഹചര്യത്തെ നേരിടാൻ പെട്ടെന്നുണ്ടാക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളായ കിടക്ക, പുതപ്പ്, ഭക്ഷണം, വെള്ളം, സോപ്പ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. അവർക്ക് ഇതുവരെ വായിക്കാനുള്ള കാര്യങ്ങൾ ഒരുക്കിയിട്ടില്ല.

English Summary: Coronavirus Outbreak: In India, PM Modi’s Speeches Will Give Company to the Quarantined

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA