ADVERTISEMENT

ന്യൂഡൽഹി∙ സ്ത്രീകള്‍ക്ക് ഭയമില്ലാതെ രാജ്യത്ത് ജീവിക്കാന്‍ കഴിയുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു നിര്‍ഭയ സംഭവത്തിന് ശേഷം ക്രിമിനല്‍ ശിക്ഷാനിയമങ്ങള്‍ കര്‍ശനമാക്കിയത്. എന്നാല്‍ നിയമങ്ങള്‍ കടുപ്പിച്ചതുകൊണ്ട് മാത്രം സ്ത്രീകള്‍ക്ക് നിര്‍ഭയമായി  ജീവിക്കാന്‍ കഴിയില്ലെന്ന് ഉന്നാവും ഹൈദരാബാദും കത്വവയും തെളിയിച്ചു. ആഭ്യന്തരമന്ത്രാലയം അനുവദിച്ച നിര്‍ഭയ ഫണ്ടിന്‍റെ 80 ശതമാനവും സംസ്ഥാനങ്ങള്‍ ചെലവഴിച്ചിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാല്‍സംഗത്തിന് ശേഷം 2013 ഏപ്രില്‍ മൂന്നിനാണ് ക്രിമിനല്‍ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കി നിയമം നിലവില്‍ വന്നത്. ലൈംഗികാതിക്രമങ്ങളുടെ നിര്‍വചനം വിപുലമാക്കി കുറ്റങ്ങള്‍ക്ക് കൂടുതല്‍ ശിക്ഷ ഈ നിയമനിര്‍മാണം ഉറപ്പാക്കി. എന്നാല്‍ ഇതുകൊണ്ടും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഡല്‍ഹിയിലെ ക്രൂരകൃത്യത്തില്‍ പങ്കാളിയായിട്ടും പ്രതിക്ക് ചെറിയ ശിക്ഷ മാത്രം ലഭിച്ചതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് ബാലനീതി നിയമം പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായത്. ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് 16 വയസ് തികഞ്ഞിട്ടുണ്ടെങ്കില്‍ അവരെ പ്രായപൂര്‍ത്തിയായി പരിഗണിച്ച് വിചാരണ ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. എന്നാല്‍ 2015ലാണ് പാര്‍ലമെന്‍റ് ഈ നിയമം പാസാക്കിയതെന്നതിനാൽ നിര്‍ഭയക്കേസിലെ പ്രായപൂർത്തിയാകാത്ത പ്രതി പഴയ നിയമത്തിന്‍റെ ആനുകൂല്യത്തില്‍ രക്ഷപെട്ടു.

സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി 2013ലാണ് നിര്‍ഭയ ഫണ്ട് രൂപീകരിച്ചത്. കേന്ദ്രം നല്‍കിയ 2050 കോടിയില്‍ സംസ്ഥാനങ്ങള്‍ ചെലവഴിച്ചത് വെറും 20 ശതമാനം മാത്രം. മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, സിക്കിം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. 18 സംസ്ഥാനങ്ങള്‍ 15 ശതമാനം മാത്രം ചെലവഴിച്ചപ്പോള്‍ നിര്‍ഭയ സംഭവത്തിന് സാക്ഷിയായ ഡല്‍ഹി ചെലവഴിച്ചത് വെറും അ‍ഞ്ച് ശതമാനം മാത്രം.

English Summary: As rapes continue unabated, activists blame poor legal framework

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com