ADVERTISEMENT

ഭോപാൽ ∙ മധ്യപ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് കമൽനാഥ് പത്രസമ്മേളനത്തിൽ ആരോപിച്ചു. കോടിക്കണക്കിനു രൂപ മുടക്കിയാണ് ബിജെപി തന്റെ എംഎൽഎമാരെ രാജി വയ്പ്പിച്ചത്. ജനാധിപത്യ മൂല്യങ്ങൾ ലംഘിച്ച ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്നും കമൽനാഥ് പറഞ്ഞു. വിശ്വാസവോട്ടെടുപ്പിനു നിൽക്കാതെയാണ് രാജി.

15 മാസം സംസ്ഥാനത്തെ ശരിയായ ദിശയിൽ നയിക്കാനാണു ശ്രമിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉയർന്നു വന്ന മധ്യപ്രദേശിനെ കുറിച്ച് ബിജെപിക്ക് അസൂയയായിരുന്നു. എന്റെ സർക്കാർ തെറ്റായ വാഗ്ദാനങ്ങൾ നൽകിയിട്ടില്ല. അഞ്ചു വർഷത്തേക്കാണ് ജനങ്ങൾ ഞങ്ങൾക്ക് അധികാരം നൽകിയത്. എന്നാൽ അധികാരത്തിൽ കയറിയ ആദ്യം ദിനം മുതൽ ബിജെപി ഞങ്ങളെ ഉന്നം വച്ചു തുടങ്ങിയെന്നും കമൽനാഥ് പറഞ്ഞു.

വിശ്വാസവോട്ടെടുപ്പിനു മുൻപു നടന്ന പത്രസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. ഉടൻ ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നും കമൽനാഥ് അറിയിച്ചു. ഒരു മഹാരാജാവും കുറേ ഭൃത്യന്മാരും നടത്തിയ ചരടുവലികള്‍ വൈകാതെ പുറത്തുവരുമെന്നും കമൽനാഥ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കണക്കിലെ കളികളാണ് കമൽനാഥ് സർക്കാരിന്റെ വിധിയെഴുതിയത്. 230 അംഗ നിയമസഭയിൽ 2 സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 22 കോൺഗ്രസ് വിമതരുടെയും രാജി സ്പീക്കർ എൻ.പി. പ്രജാപതി അംഗീകരിച്ചു. ഇതോടെ അംഗബലം 206. ഭൂരിപക്ഷത്തിനുള്ള മാന്ത്രിക സംഖ്യ 104.

കോൺഗ്രസിന് സ്പീക്കർ അടക്കം 92 അംഗങ്ങൾ.  ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒന്നും നാല് സ്വതന്ത്രരും സർക്കാരിനൊപ്പം. ബിജെപി എംഎൽഎ നാരായൺ തൃപാഠിയും കമൽനാഥിനെ പിന്തുണച്ചേക്കും. 107 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാണ്. നാല് ബിജെപി എംഎൽഎമാരെയെങ്കിലും ക്രോസ്സ് വോട്ട് ചെയ്യിച്ചെങ്കിൽ മാത്രമേ കമൽനാഥ്‌ സർക്കാരിന് നിലനിൽപ്പുള്ളായിരുന്നു.

English Summary: Madhya Pradesh CM Kamal Nath announces resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com