ADVERTISEMENT

തിരുവനന്തപുരം∙ സ്വകാര്യ വാഹനങ്ങൾക്ക് അത്യാവശ്യ യാത്രകൾക്കു മാത്രം അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പ്രത്യേകം തയാറാക്കിയ സത്യവാങ്മൂലം വാഹനങ്ങളിൽ സൂക്ഷിക്കണം. ഇതു നിര്‍ബന്ധമാണ്. അവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവർക്കു യാത്രാപാസ് നൽകും. ക്വാറന്റീൻ എല്ലാവരും കർശനമായി പാലിക്കണം. വീട്ടിൽ ഒരു മുറിയിൽ മാത്രം കഴിയണം. ആരോഗ്യ പ്രവർത്തകർ അവരെ ദിവസേന സന്ദർശിക്കും. വേണ്ടത്ര സൗകര്യമില്ലാത്ത വീടാണെങ്കിൽ പൊതുവായ ഐസലേഷൻ കേന്ദ്രത്തിലാക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

അവശ്യ സാധനങ്ങൾ വാങ്ങുന്നതിനു യാത്ര ചെയ്യുമ്പോൾ നൽകുന്ന സത്യവാങ്മൂലത്തിൽ ബവ്റിജസ് ഔട്ട്‍ലെറ്റിലേക്കുള്ള യാത്ര അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യം അവശ്യസാധനമായി അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിത്യച്ചെലവിനും ഭക്ഷണത്തിനും പാങ്ങില്ലാത്തവരുടെ വിവരം പഞ്ചായത്തുകൾ ശേഖരിക്കണം. സഹായം ആവശ്യമുള്ള ഭിന്നശേഷിക്കാരുടെ കൃത്യമായ വിവരം ശേഖരിക്കണം. പൊതു ഇടങ്ങളിൽ കിടന്നുറങ്ങുന്നവർക്കു കിടക്കാനും ഭക്ഷണത്തിനും സൗകര്യമൊരുക്കണം. എംഎൽഎമാർ പഞ്ചായത്തുമായി ഏകോപിച്ചു പ്രവർത്തിക്കണം. കോവിഡ് നേരിടാൻ പണിപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കു നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾ വരുത്തുന്ന ചെറിയ തെറ്റുകള്‍ പോലും ആരോഗ്യ പ്രവർത്തകർക്ക് ആഘാതമാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കു യാത്രാസൗകര്യമൊരുക്കും. തൊഴിലുറപ്പിൽ ആളുകള്‍ കൂട്ടമായി ജോലി ചെയ്യാൻ ഇടവരാത്തവിധം ക്രമീകരണമുണ്ടാക്കുമെന്നും തിരുവനന്തപുരത്തു നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com