ADVERTISEMENT

ടെഹ്‌റാന്‍∙ നിരപരാധികളെ കൊല്ലുന്നത് അവരുടെ വിനോദമാണ്. ഇനിയെങ്കിലും അതിനൊരു അറുതി വേണം. ചിന്തിക്കുന്നതിലും അപ്പുറമാണ്  ഇറാനിൽ കൊറോണ വൈറസ് ബാധിതരുടെ ദുരിതം. ഈ വേളയിലും അമേരിക്കന്‍ ഉപരോധം തുടരുന്നത് ഇറാനിലെ ജനതയോടുള്ള കൊടിയഅപരാധമാണ്. യുഎസ് ഉപരോധമുള്ളതിനാൽ മരുന്നുക്ഷാമം നേരിടുന്ന രാജ്യമാണ് ഇറാന്‍. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിൽ ഇടപെടണം. – ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകനേതാക്കൾക്ക് അയച്ച കത്തിൽ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കുറിച്ചതാണിത്.

ചൈനയ്ക്കു പുറത്ത് കൊറോണ വൈറസ് ബാധ അതിവേഗം പടർ‌ന്നു പിടിച്ച രാജ്യങ്ങളാണ് ഇറ്റലിയും ഇറാനും. ഇതിൽ ഇറ്റലിക്കു സഹായഹസ്തവുമായി ലോകരാജ്യങ്ങൾ രംഗത്തെത്തിയെങ്കിലും രാജ്യാന്തരതലത്തിൽ രോഗത്താൽ ഒറ്റപ്പെട്ട തുരുത്തായി മാറുകയാണ് ഇറാൻ.

കൊറോണ വൈറസിനെതിരായ യുഎസ് സഹായം തള്ളിക്കളഞ്ഞ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്തു വന്നതും ഇറാനെ പ്രതിരോധത്തിലാഴ്ത്തി.  കൊറോണ വൈറസ് യുഎസിന്റെ ജൈവായുധ പ്രയോഗമാണെന്നും ഇറാനിലുള്ളവർക്കായി പ്രത്യേകം സൃഷ്ടിച്ചതാണന്നുമാണ് ആയത്തുല്ല അലി ഖമനയി പ്രതികരിച്ചത്. മഹാമാരി അമേരിക്കന്‍ ഗൂഢാലോചനയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ ആരോപിച്ചതിനു പിന്നാലെയാണ് കൊറോണ വൈറസ് യുഎസ് സൃഷ്ടിയാണെന്നു ഖമനയി തുറന്നടിച്ചത്. 

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സഹായം നൽകാമെന്ന് യുഎസ് പലതവണ ഞങ്ങൾക്ക് വാഗ്ദാനം നൽകി. വൈറസിനെ സൃഷ്ടിച്ചത് യുഎസ് ആണെന്ന് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ വിമർശനം ഉയർത്തുന്നതിനിടെയാണിത്. ഉപരോധം കൊണ്ട് ഞങ്ങളെ ശ്വാസം മുട്ടിച്ച, ഞങ്ങളുടെ ജീവരക്തത്തിനായി ദാഹിക്കുന്ന നിങ്ങൾ ഞങ്ങൾക്കു നേരേ സഹായഹസ്തം നീട്ടുന്നത് വിചിത്രമാണ്. കൊറോണ വൈറസിനെതിരെ ഇറാന്റെ പോരാട്ടത്തിലെ ന്യൂനതകൾ ഞങ്ങൾ നിഷേധിക്കുന്നില്ല. എന്നാൽ നിങ്ങൾ നൽകുന്ന മരുന്ന് വൈറസിനെ എക്കാലത്തും ഇറാനിൽ പ്രതിഷ്ഠിക്കുന്നതാണെങ്കിലോ? – ആയത്തുല്ല അലി ഖമനയിയുടെ ചോദ്യം ഇങ്ങനെ.

കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രം‌പ് പരിഹസിച്ചത് അമേരിക്കയും ചൈനയുമായുള്ള വാക്പോരാട്ടത്തിനു നേരത്തെ വഴിതെളിച്ചിരുന്നു. കൊറോണ വൈറസ് 'വുഹാന്‍ വൈറസ്' ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പരാമർശവും വിവാദമായി. കൊലയാളി കൊറോണ വൈറസ് പടര്‍ന്നത് വുഹാനില്‍ നിന്നല്ല, യുഎസില്‍ നിന്നാണെന്ന ചൈനയുടെ വാദത്തെ തുടര്‍ന്നായിരുന്നു ട്രം‌പിന്റെയും പോംപിയോയുടെയും പരാമർശം. കൊറോണ വൈറസ് യുഎസില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും വുഹാനിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ യുഎസ് സൈന്യം ആയിരിക്കാമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിജിയന്‍ സൗവാണ് കുറ്റപ്പെടുത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ് ആയത്തുല്ല അലി ഖമനയിയുടെ ആരോപണം.

യുഎസ് ഭരണകൂടം അടിച്ചേൽപ്പിച്ച ഉപരോധം നീക്കാൻ യുഎസിലെ ജനം തന്നെ ശബ്ദമുയർത്തണമെന്നു ഇറാൻ പ്രസിഡന്റ്‌ ഹസൻ റൂഹാനിയും ആവശ്യപ്പെട്ടു.  ഉപരോധത്തിൽ നിരവധി സാധാരണക്കാർക്ക് ഇറാനിൽ ജീവനും ആരോഗ്യവും തൊഴിലും വരുമാനവും നഷ്‌ടപ്പെട്ടു. യുഎസ് ജനത തന്നെ ഈ അനീതിക്കെതിരെ അവരുടെ സർക്കാരിനോട് മറുപടി ചോദിക്കണം. ഇനിയും ഇറാനികളെ മരണത്തിലേക്കു തള്ളി വിടരുതെന്നും ഹസൻ റൂഹാനി പറഞ്ഞു.

ഇറാനിൽ 1,812 പേരാണ് ഇത് വരെ കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. തിങ്കളാഴ്ച മരിച്ചവർ 127. സർക്കാരിന്റെ നിർദേശങ്ങൾ ചെവിക്കൊള്ളാൻ ജനം തയാറാകാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നത്. തിങ്കളാഴ്ച 1,411 പേർ കൂടി രോഗബാധിതരായതോടെ ആകെ രോഗബാധിതരുടെ എണ്ണം 23,049 ആയി. രോഗം ഏറ്റവും ബാധിച്ച 13 പ്രവിശ്യകളിൽ നിന്ന്‌ മാർച്ച്‌ 17ന്‌ ശേഷം റോഡ്‌ മാർഗം 30 ലക്ഷത്തോളം പേർ പലായനം ചെയ്തതായാണ് അധികൃതരുടെ കണക്കുകൾ.

English Summary: Iran leader refuses US help; cites coronavirus conspiracy theory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com